സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയിമിങ്ങിനെതിരെ ഗായിക സിത്താര കൃഷ്ണ കുമാർ രം​ഗത്ത്. തന്റെ ചിത്രത്തിന്റെ താഴെ വരുന്ന കമന്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സിത്താരയുടെ പ്രതികരണം. മേക്കപ്പും വെപ്പുമുടിയും അഴിച്ചുമാറ്റി ആരംഭിച്ച വീഡിയോയിൽ സിത്താര ഇതാണ് താൻ ഇഷ്ടപ്പെടുന്ന തന്റെ രൂപവും നിറവുമെന്ന് പറയുന്നു. ഞാനിപ്പോ ഒരു ഷൂട്ട് കഴിഞ്ഞ് വന്നിരിക്കുകയാണ്. അപ്പോൾ ഒരു കാര്യം എല്ലാവരേയും കാണിച്ചു തരണം എന്നു തോന്നി എന്നു പറഞ്ഞുകൊണ്ടാണ് മുഖത്തെ മേക്ക് അപ്പ് സിത്താര തുടച്ചു കളയുന്നത്. അതിന് ശേഷം ഇതാണ് താൻ ഇഷ്ടപ്പെടുന്ന തന്റെ രൂപവും നിറവുമെന്ന് സിത്താര പറയുന്നു.

സിത്താരയുടെ കുറിപ്പ്

ഒരു ദെെർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റു തലക്കെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ, നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!

സിത്താരയുടെ വാക്കുകൾ

മേക്കപ്പ് ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ മലയാളത്തനിമ ഉണ്ടെന്ന് കമന്റ് പറയുന്നവർ മേക്കപ്പ് നീക്കം ചെയ്താൽ ഭിക്ഷക്കാരിയെന്നും ബം​ഗാളി സ്ത്രീയെന്നും ട്രാൻസ്ജെൻഡറെന്നും പരിഹാസേന വിളിക്കും. ഈ വാക്കുകൾ ഒരിക്കലും പരിഹാസിക്കാനുള്ളവയല്ല, ട്രാൻസ്ജെൻഡറുകളും ബം​ഗാളി സ്ത്രീയും ഭിക്ഷക്കാരിയുമെല്ലാം മനുഷ്യരാണ്. അവർ എങ്ങിനെയാണ് പരിഹാസ കഥാപാത്രങ്ങളാകുന്നത്. പരിഹസിക്കാൻ ഉപയോ​ഗിക്കേണ്ട വാക്കുകളാണോ അവ. പ്രൊഫഷണൽ ജീവിതത്തിൽ എനിക്ക് മേക്കപ്പ് ഇ‌ടേണ്ടിവരും നല്ല സാരിയുടുക്കേണ്ടി വരും ആഭരണങ്ങൾ ധരിക്കേണ്ടി വരും. വ്യക്തി ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. ആരോ​ഗ്യകരമായ സംവാദങ്ങൾ ആകാം, എന്നാൽ മറ്റുള്ളവരെ പരിഹസിക്കുന്നതിലൂടെ എന്താണ് നമുക്ക് ലഭിക്കുന്നത്- സിത്താര ചോദിക്കുന്നു.

"ഒരു ഫോട്ടോ, എന്റെ കുഞ്ഞൊക്കെയായി യാത്ര ചെയ്യുമ്പോഴുള്ളത്. എനിക്കേറ്റവും ഇഷ്ടമുള്ളൊരു നീല കളർ കണ്ണൊക്കെ എഴുതി, എനിക്ക് സന്തോഷം തോന്നുന്ന സമയത്ത് ക്ലിക്ക് ചെയ്‌തൊരു ഫോട്ടോ അപ്‌ലോഡ് ചെയ്തപ്പോൾ കണ്ട കമന്റുകൾ ഇങ്ങനെയായിരുന്നു. ഇതെന്താണൊരു വൃത്തികെട്ട കോലം, ട്രാൻസ്‌ജെൻഡറിനെ പോലെയുണ്ടല്ലോ, ട്രാൻസ് ജെൻഡർ എപ്പോഴാണ് ഒരു മോശം വാക്കായത്?. ഇതെന്താണിത് മോഷണക്കേസിൽ പൊലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഇരിക്കുന്നത്, ബംഗാളി സ്ത്രീ എന്നത് എപ്പോഴാണ് ഒരു മോശം വാക്കായത്? റോഡ് സൈഡിൽ ചപ്പാത്തിക്കല്ല് വിൽക്കുന്ന നോർത്ത് ഇന്ത്യക്കാരിയെ പോലെയുണ്ടല്ലോ, അതെപ്പോഴാണ് ഒരു മോശം സംഗതിയായത്?. കണ്ട് കഴിഞ്ഞാലൊരു 50 പൈസ ഇട്ടുതരാൻ തോന്നുമല്ലോ ആക്രിപെറുക്കാൻ നടക്കുവാണോ? ഭിക്ഷയെടുക്കുന്നത്, ആക്രി പെറുക്കുന്നത് എപ്പോഴാണ് മോശം കാര്യമായത് ?ഇതൊക്കെ ഒരോ അവസ്ഥകളാണ്.

ഏറ്റവും ആർട്ടിഫിഷ്യലായി ഇരിക്കുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ഐശ്വര്യം എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും സിത്താര ചോദിക്കുന്നു. ചില പരിപാടിക്ക് ഒരുങ്ങി ഇറങ്ങുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ ഒക്കെ കാഷ്വലായിട്ട് ഫോട്ടോകൾ എടുക്കാറുണ്ട്. അതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരുപാട് പേർ ഇടപെടുന്ന സ്ഥലമാണെങ്കിലും അത് ഫേസ്‌ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുക, നമ്മുടെ സുഹൃത്തുക്കളും മറ്റും കാണുക എന്നത് നമുക്ക് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് വീഡിയോയിൽ സിത്താര പറയുന്നു. എന്നാൽ ചില വേഷങ്ങളിൽ ഒരുങ്ങിയുള്ള ഫോട്ടോ കാണുമ്പോൾ എന്തൊരു ഐശ്വര്യമാണ്, എന്തൊരു മലയാളിത്തമാണ് എന്നൊക്കെ പറയാറുണ്ട്. മറ്റു ചിലപ്പോൾ ഇതെന്താണ് ഇങ്ങനെ ഒട്ടും വൃത്തിയില്ല എന്നും പറഞ്ഞു കേൾക്കാറുണ്ട്.

ഒരുങ്ങിയിരിക്കുന്ന ഫോട്ടോ ഇട്ടാൽ പെട്ടെന്ന് നമ്മൾ നല്ല ഐശ്വര്യമുള്ള, മര്യാദയുള്ള ,മലയാളിത്തമുള്ള, നല്ലയാളുമൊക്കെ ആവുകയും എന്നാൽ നമ്മൾ എങ്ങനെയാണോ ജനിച്ചത്, ഏത് നിറത്തിലാണോ ജനിച്ചത്, ഏറ്റവും അടിസ്ഥാനപരമായി, സമാധാനമായിട്ട് ഇരിക്കാൻ നമ്മൾ എങ്ങനെയാണോ ആഗ്രഹിക്കുന്നത്,ഫാമിലിയുടെ കൂടെ കുഞ്ഞിന്റെ കൂടെ സാധനങ്ങളൊക്കെ വാരിക്കൂട്ടി യാത്രയൊക്കെ ചെയ്യുന്ന സമയത്ത് എങ്ങനെയാണോ ഇരിക്കുന്നത്, അങ്ങനൊരു ഫോട്ടോ ഇട്ടാൽ അത് വളരെ മോശവാകയും ചെയ്യുകയാണ്, അടുത്തിടെ തന്റെ ഫോട്ടോയ്ക്ക് വന്ന കമന്റുകൾ ചൂണ്ടിക്കാട്ടി സിത്താര പറഞ്ഞു.

മേക്കപ്പ് ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായമില്ലെന്നും പരിപാടിയുടെ ആവശ്യത്തിന് അനുസരിച്ച് താനും അങ്ങനെ ചെയ്യാറുണ്ടെന്നും പറഞ്ഞ സിത്താര പരിപാടികൾക്ക് വേണ്ടി സ്‌പോൺസർമാർ നൽകുന്ന വിലകൂടിയ വസ്ത്രങ്ങൾ ധരിക്കേണ്ടി വരാറുണ്ടെന്നും പക്ഷേ, വ്യക്തിപരമായി തനിക്ക് അത്തരം വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഇഷ്ടമല്ലെന്നും അവർ വ്യക്തമാക്കുന്നു. സത്യസന്ധമായി നമ്മളെ അവതരിപ്പിക്കുമ്പോൾ അത് മോശമാവുകയും, നമ്മൾ പോലും ഇഷ്ടപ്പെടാത്ത രീതിയിൽ , അടിസ്ഥാനമായ ഐഡിന്റിറ്റിയെ മാറ്റിവച്ച് ആളുകൾ മനസ്സിലാക്കിവെച്ച രൂപത്തിലേക്ക് ഒതുങ്ങി നിൽക്കുമ്പോൾ അത് ഭയങ്കര നല്ലതാവുകയും ചെയ്യുന്നത് വിരോധാഭാസമായാണ് തോന്നുന്നതെന്നും സിത്താര പറയുന്നു.

ബംഗാളി സ്ത്രീയെന്നതും ട്രാൻസ്‌ജെൻഡറെന്നതും ഭിക്ഷയ്ക്ക് പോകുന്ന ആളെന്നും ആക്രി പെറുക്കുന്ന ആളെന്നുമൊക്കെ കളിയാക്കുന്നത് മനുഷ്യരെ കുറിച്ചാണ്. ഒരു നിമിഷം കൊണ്ട് മാറി പോകാവുന്നതാണ് നമ്മുടെ രൂപമെന്നും സിത്താര പറയുന്നു." ഇതെന്താ ബംഗാളിയെ പോലെയിരിക്കുന്നത്, പിച്ചക്കാരിയെ പോലെയിരിക്കുന്നത്, ആക്രിക്കാരിയെ പോലെയിരിക്കുന്നത് ഇതൊന്നും അശ്ലീങ്ങളോ മോശം വാക്കുകളോ അല്ല. ഇതൊക്കെ മനുഷ്യരാണ്," സിത്താര പറയുന്നു. ലോകത്ത് പല തരം മനുഷ്യരുണ്ടെന്നും ഉള്ള സമയം നമുക്ക് സന്തോഷമായി സമാധാനമായി ഇരിക്കാമെന്നും സിത്താര പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ സ്‌നേഹത്തോടെ പരസ്പരം പറഞ്ഞാൽ അതല്ലേ നല്ലതെന്നും സിത്താര ചോദിക്കുന്നു.

 
 
 
View this post on Instagram

ഒരു ദൈരഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!! #ABetterHappierHealthierOnlineSpace #happinessiseveryonesright #LiveAndLetLive #compassionateliving

A post shared by Sithara Krishnakumar (@sitharakrishnakumar) on