കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊച്ചിയിൽ മടങ്ങിയെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മടക്കം. തന്റെ വിശ്വസ്തർക്ക് സീറ്റ് നിഷേധിക്കുന്നതിൽ പ്രതിഷേധവുമായാണ് മുഖ്യമന്ത്രിയുടെ മടക്കം. ഇത് തന്നെയാണ് കൊച്ചിയിലും മുഖ്യമന്ത്രി പ്രതികരിച്ചത്. എല്ലാ ചോദ്യത്തിനും ഇന്ന് ലിസ്റ്റ് വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയോട് തൃപ്തനാണോ എന്ന ചോദ്യത്തിനും ഇന്ന് ലിസ്റ്റ് വരുമെന്ന് മാത്രമായിരുന്നു മറുപടി. നാല് തവണയാണ് ഇന്ന് ലിസ്റ്റ് വരുമെന്ന് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽ പറഞ്ഞത്.

നെടുമ്പാശ്ശേരിയിൽ എത്തിയ മുഖ്യമന്ത്രിയെ കാണാൻ കെ ബാബുവും ബെന്നി ബെഹന്നാനും വിമാനത്താവളത്തിൽ എത്തിയിരുന്നു. അവിടെ മുഖ്യമന്ത്രി ഇവരുമായി ചർച്ച നടത്തി. സീറ്റ് നിർണ്ണയ ചർച്ചയിൽ ഉണ്ടായ വിശദാംശങ്ങൾ ഇവരുമായി പങ്കുവച്ചു. കയ്പമംഗലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരിച്ചടിയായെന്ന് മുഖ്യമന്ത്രി ഇവരോട് വിശദീകരിച്ചെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒരുമിച്ച് നീങ്ങുന്നുവെന്ന പരിഭവവും മുഖ്യമന്ത്രി ഇവരോട് പങ്കുവച്ചു. സീറ്റ് പ്രഖ്യാപനത്തിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കെ ബാബുവിനും അടൂർ പ്രകാശിനും ബെന്നി ബഹന്നാനും സീറ്റ് നൽകരുതെന്നതാണ് സുധീരന്റെ പ്രധാന ആവശ്യം.

ഇത് അംഗീകരിച്ചാൽ താൻ പുതുപ്പള്ളിയിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനെ അറിയിച്ചാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. സുധീരനും ചെന്നിത്തലയും ഡൽഹിയിലുണ്ട്.