ഹ്യൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിനു പുതിയ നേതൃത്വം. ഞായറാഴ്ച ചേംബറിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന വാർഷികപരിപാടിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കോവിഡ് കാലത്തും ചേംബറിനോടൊപ്പം നിൽക്കുകയും നിരവധി പരിപാടികൾക്ക് നേതൃത്വം നൽകാൻ കൂടെ നിന്നവരെയും പ്രസിഡന്റ് ജോർജ് കൊളാച്ചേരിൽ പ്രശംസിച്ചു. നിരവധി സംരംഭകർക്ക് തുണയായതിനൊപ്പം വിവിധങ്ങളായ സന്നദ്ധസേവന പ്രവർത്തനങ്ങൾ സംഘടനയ്ക്ക് നടത്താനായെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ അമേരിക്കൻ സമൂഹത്തിനൊന്നാകെ മാതൃകയാകുന്ന വിധത്തിൽ ഒട്ടനവധി പരിപാടികളാണ് ചേംബർ കഴിഞ്ഞയൊരു വർഷം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നിരവധി ആശയസംവാദങ്ങളും സംഘടിപ്പിച്ചു. പുറമേ, ഗൾഫ്കോസ്റ്റ് ബ്ലഡ് സെന്ററുമായി ചേർന്ന് രക്തദാനം, തെരഞ്ഞെടുപ്പ് സംവാദം, ഫുഡ് ഡ്രൈവ്, വിവിധമേഖലകളിൽ പ്രവർത്തിച്ച വിശിഷ്ടവ്യക്തികൾക്ക് സ്വീകരണം നൽകിയതുൾപ്പെടെ പുരോഗമപരമായ വിവിധ ചടങ്ങുകൾക്ക് ചേംബർ നേതൃത്വം നൽകി. പിറവം നഗരസഭപിതാവ് സാബു കെ. ജോസഫിന് സ്വീകരണം നൽകിയത് ഇത്തരത്തിലൊന്നായിരുന്നു. ദാരിദ്ര്യനിർമ്മാർജ്ജനത്തിലേർപ്പെട്ട ലോകോത്തര സംഘടനയായ അറ്റാക്ക് പൊവേർട്ടിക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞതു വലിയൊരു നേട്ടമായി ജോർജ് കൊളാച്ചേരിൽ ഉയർത്തിക്കാട്ടി. ഫോമയുടെ പ്രസിഡന്റ് അനിയൻ ജോർജിന് ചേംബറിന്റെ ഓഫീസിൽ നൽകിയ സ്വീകരണവും സംഘടനയുടെ മലയാളിസമൂഹത്തോടുള്ള പ്രതിപത്തതയ്ക്ക് ഉദാഹരണമായെന്ന് അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ കേരളത്തിൽ വിവിധ സന്നദ്ധസേവന പ്രവർത്തനങ്ങൾ നടത്തി. പാലക്കാട്ട് കർഷകർക്ക് ആടുവളർത്തൽ പദ്ധതിക്ക് ധനസഹായം നൽകിയത് ഇത്തരത്തിലൊന്നായിരുന്നു.

സെക്രട്ടറി ഡോ. ജോർജ് എം. കാക്കനാട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പകർച്ചവ്യാധിയുടെ വലിയ മഹാമാരിക്കിടയിലും സമൂഹത്തിനു താങ്ങും തണലായും നിൽക്കാൻ കഴിഞ്ഞുവെന്നതാണ് ചേംബറിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രതിസന്ധികൾക്കിടയിലും മലയാളി സമൂഹത്തെ ചേർത്തു നിർത്തി കൊണ്ട് ഓണാഘോഷമുൾപ്പെടെ സംഘടിപ്പിക്കാൻ കഴിഞ്ഞു. അതൊരു വലിയ നേട്ടമായി ഭരണസമിതി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസ് രംഗത്ത് തിളക്കമാർന്ന വ്യക്തിത്വങ്ങളാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തവരെന്നും പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും അദ്ദേഹം അർപ്പിച്ചു. ട്രഷറർ ഫിലിപ്പ് കൊച്ചുമ്മൻ വാർഷിക കണക്കുകൾ അവതരിപ്പിച്ചു. പ്രതിസന്ധികൾക്കിടയിലും സംഘടനയുമായി ചേർന്നു നിന്ന് പരിപാടികൾ നടത്താൻ സഹായിച്ചവരോട് ട്രഷറർ ഫിലിപ്പ് കൊച്ചുമ്മൻ നന്ദി പറഞ്ഞു.

ജിജി ഓലിക്കനാണ് പുതിയ പ്രസിഡന്റ്, സഖറിയ കോശി സെക്രട്ടറി, ട്രഷറർ ജിജു കുളങ്ങര, ജോ. സെക്രട്ടറിയായി സാം സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. ബേബി മണക്കുന്നേൽ എക്സിക്യൂട്ടീവ് ഡയറക്ടറായി. അടുത്തയൊരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളെക്കുറിച്ച് വിശദീകരിച്ച നിയുക്ത പ്രസിഡന്റ് ജിജി ഓലിക്കൻ, പത്തുവർഷം തികയുന്ന ചേംബറിനെ പുതിയ തലത്തിലേക്ക് വളർത്താനുള്ള ഉത്തരവാദിത്വം പുതിയ ഭരണസമിതി ഉയർത്തിപിടിക്കുമെന്നു പ്രഖ്യാപിച്ചു. കൂടുതൽ ബിസിനസ് സംരംഭകരെ ചേംബറുമായി ചേർത്തു പിടിച്ചു കൊണ്ടു സമൂഹത്തിലെ ഒഴിച്ചു കൂടാനാവാത്ത പ്രസ്ഥാനമായി സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പദ്ധതികൾക്ക് എല്ലാവരുടെയും സഹകരണവും ജിജി ആവശ്യപ്പെട്ടു.