പത്തനംതിട്ട: ശബരിമല ദർശനം നടത്തി മടങ്ങവേ അപകടത്തിൽപെട്ട് മരിച്ച അയ്യപ്പ ഭക്തൻ ശിവദാസന്റേത് രക്തസ്രാവത്തെ തുടർന്നുള്ള മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവം ഉണ്ടായത്്. ആന്തരികാവയവങ്ങൾക്കു ക്ഷതമില്ല. ഉയർന്ന സ്ഥലത്ത് നിന്നുള്ള വീഴ്ചയാകാം തുടയെല്ല് പൊട്ടാൻ കാരണമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതമില്ല. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഉയരത്തിൽനിന്ന് വീണോ അപകടത്തിൽപെട്ടോ തുടയെല്ല് പൊട്ടാം.ജീർണിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതായി സൂചനയില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ മൃതദേഹമാണ് പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നിലയ്ക്കൽ ലാത്തിച്ചാർജിനെ തുടർന്നാണു മരണമെന്ന് ബിജെപി, സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

യുവതീപ്രവേശത്തിനെതിരെ പന്തളത്തു നടന്ന നാമജപ യാത്രയിൽ ശിവദാസൻ പങ്കെടുത്തിരുന്നു. എല്ലാ മലയാള മാസവും ശബരിമലയിലെത്താറുള്ള ഇദ്ദേഹം 18ന് രാവിലെയാണ് വീട്ടിൽനിന്നു പുറപ്പെട്ടത്. തിരിച്ചെത്താത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. അതേസമയം ശിവദാസന്റെ മരണം പൊലീസിന്റെ ലാത്തി ചാർജിനെ തുടർന്നാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പത്തനംതിട്ടയിൽ ഹർത്താലും നടത്തി.

അയ്യപ്പ ദർശനം കഴിഞ്ഞ് തിരികെ മടങ്ങവേ മോപ്പഡ് താഴ്ചയിലേക്ക് മറിഞ്ഞാവാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ, ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡിലേക്കു പടർന്നു കയറിയ കാട്ടുവള്ളികൾ തെളിച്ച തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ശബരിമല ദർശനത്തിന് പോയി മടങ്ങും വഴി ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതിന്റെ കുറ്റം മുഴുവൻ പൊലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും തലയിൽ കെട്ടിവയ്ക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഇത് അപകട മരണമെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതും അപകടമരണത്തിലേക്ക് തന്നെയാണ് കൈ ചൂണ്ടുന്നത്.

എക്കാലവും തികഞ്ഞ അയ്യപ്പഭക്തനായിരുന്ന ശിവദാസൻ എല്ലാ മലയാള മാസവും ഒന്നിന് മുടങ്ങാതെ മല ചവിട്ടിയിരുന്നു. മോപ്പഡിൽ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു ശിവദാസൻ. ഇതേ മോപ്പെഡിൽ തന്നെയാണ് എല്ലാ മാസപൂജയ്ക്കും ശബരിമല ദർശനത്തിനും ശിവദാസൻ പോയിരുന്നത്. ശബരിമല യുവതി പ്രവേശന വിധി വന്നപ്പോൾ അതിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നയാളാണ് ശിവദാസൻ. ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോർഡ് ഡിടിപിയെടുത്ത് തന്റെ ലോട്ടറി വിൽപ്പന വാഹനത്തിന്റെ മുന്നിൽ പതിക്കുകയും ചെയ്്തിരുന്നു.

മഹാപ്രളയത്തിന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതു കാരണം നിലയ്ക്കലിൽ മോപ്പെഡ് വച്ചിട്ടാണ് ശിവദാസൻ മല കയറിയത്. 18 ന് രാവിലെ 8.30 നാണ് വീട്ടിൽ നിന്നും ഭർത്താവ് ദർശനത്തിന് പോയതെന്ന് ഭാര്യ സരസ്വതി പറഞ്ഞു. 19 ന് രാവിലെ 8.40 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കണ്ണൂർ പയ്യാവൂർ സ്വദേശി രാജേഷ് എന്നയാളുടെ ഫോണിൽ നിന്നായിരുന്നു ഇത്. രാജേഷിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കണ്ടെത്തി. ശിവദാസൻ ശബരിമലയ്ക്ക് പോകുമ്പോൾ മൊബൈൽഫോൺ വീട്ടിൽ വച്ചിട്ട് പോവുകയാണ് പതിവ്. സന്നിധാനത്ത് വച്ചാണ് രാജേഷിനെ ശിവദാസൻ പരിചയപ്പെട്ടത്.

ദർശനം കഴിഞ്ഞ് ഇരുവരുമൊന്നിച്ചാണ് മലയിറങ്ങിയത്. നീലിമലയിൽ വച്ചാണ് തന്റെ കൈയിൽ നിന്നും ശിവദാസൻ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചതെന്ന് രാജേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പമ്പയിലെത്തിയ ശേഷം ഇരുവരും വഴി പിരിച്ചു. ശിവദാസൻ അവിടെ നിന്ന് ബസിൽ കയറി നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് വാഹനമെടുത്ത് മടങ്ങുകയും ചെയ്തു. ശിവദാസന്റെ മൃതദേഹം കണ്ട ളാഹ കമ്പകത്തും വളവ് സ്ഥിരം അപകടമേഖലയാണ്. ഓരോ തീർത്ഥാടനകാലത്തും ചുരുങ്ങിയത് 10 അപകടമെങ്കിലും ഇവിടെ ഉണ്ടാകാറുണ്ട്. ചെറുതും വലുതുമായ വാഹനങ്ങൾ കൊക്കയിലേക്ക് മറിയും.

നിയന്ത്രണം വിട്ടാകാം ശിവദാസൻ മോപ്പെഡുമായി കൊക്കയിലേക്ക് മറിഞ്ഞത് എന്നതാണ് പൊലീസിന്റെ നിഗമനം. ശിവദാസനെ കാണാനില്ലെന്ന പരാതി പൊലീസ് ഗൗരവമായി കണ്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആദ്യം പരാതി നൽകിയത് പമ്പ സ്റ്റേഷനിലാണ്. അവിടെ നിന്ന് നിർദ്ദേശിച്ചതനുസരിച്ച് പന്തളം സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴികളിലും ശിവദാസൻ ദർശനം നടത്താറുണ്ടായിരുന്നു. അച്ചൻകോവിൽ ക്ഷേത്രത്തിലും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംവളവിൽ റോഡിൽ നിന്ന് മുപ്പത് അടിയോളം താഴ്ചയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനോട് ചേർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന മോപ്പെഡും കണ്ടെത്തി.