- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ ഉച്ചവരെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചിരുന്ന ശിവദാസൻ നായർ; വെട്ടിയത് പിജെ കുര്യനെന്ന് ആക്ഷേപം; കെപിസിസി പുനഃസംഘടനയിൽ പത്തനംതിട്ടയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി; കെസി പക്ഷക്കാർക്ക് മാത്രം സ്ഥാനം: ജില്ലയിൽ പിടിമുറുക്കി പഴകുളം മധു
പത്തനംതിട്ട: എ ഗ്രൂപ്പിന് അപ്രമാദിത്വമുള്ള പത്തനംതിട്ട ജില്ലയിൽ അവരെ വെട്ടിയൊതുക്കുന്നതാണ് കെപിസിസി പുനഃസംഘടന. കെസി വേണുഗോപാലിനോട് ഏറ്റവും അടുപ്പം പുലർത്തുന്ന പഴകുളം മധു ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്തിയപ്പോൾ മറ്റൊരു വിശ്വസ്തനായ ജോർജ് മാമൻ കൊണ്ടൂർ കെപിസിസി എക്സിക്യൂട്ടീവ് അംഗമായി. ഏറ്റവും നിരാശനായിരിക്കുന്നത് മുൻ എംഎൽഎ കെ. ശിവദാസൻ നായരും മുൻ ഡിസിസി പ്രസിഡന്റുമാരായ പി. മോഹൻരാജും ബാബു ജോർജുമാണ്. റാന്നിയിൽ നിന്നുള്ള റിങ്കു ചെറിയാനും സ്ഥാനലബ്ധി പ്രതീക്ഷിച്ചിരുന്നു.
ജില്ലയിൽ നിലവിൽ സജീവമായിരിക്കുന്നത് മൂന്നു ഗ്രൂപ്പുകളാണ്. എ, ഐ എന്നിവയ്ക്ക് പുറമേ കെസി ഗ്രൂപ്പുമുണ്ട്. മറ്റു രണ്ടു ഗ്രൂപ്പുകളെയും അപേക്ഷിച്ച് കെസി ഗ്രുപ്പിന് പിന്തുണ കുറവാണ്. അടൂർ പ്രകാശാണ് ഐ ഗ്രൂപ്പ് നയിക്കുന്നത്. കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ്, എ. സുരേഷ്‌കുമാർ തുടങ്ങിയവരാണ് എ ഗ്രൂപ്പിന്റെ സജീവ വക്താക്കൾ. ഇക്കൂട്ടത്തിൽ നിന്ന് ശിവദാസൻ നായർ അല്ലെങ്കിൽ മോഹൻരാജ് ജനറൽ സെക്രട്ടറിയാകുമെന്നാണ് കരുതിയിരുന്നത്.
ഇന്നലെ ഉച്ച വരെ ശിവദാസൻ നായർ ജനറൽ സെക്രട്ടറിയാകുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും പിജെ കുര്യൻ ഇടപെട്ടാണ് വെട്ടിനിരത്തിയതെന്നും എ ഗ്രൂപ്പിന്റെ നേതാക്കൾ ആരോപിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റായി പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെ തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പരസ്യ പ്രതിഷേധമാണ് ശിവദാസൻ നായർക്ക് വിനയായത്.
തൊട്ടുപിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താണ് കെപിസിസി പ്രസിഡന്റ് തിരിച്ചടിച്ചത്. വിശദീകരണവും തേടി. പണി പാളുമെന്ന് മനസിലാക്കിയ മുൻ എംഎൽഎ മാപ്പപേക്ഷിച്ച് സസ്പെൻഷൻ പിൻവലിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം ശിവദാസൻ നായർക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു.
മോഹൻരാജിന് തിരിച്ചടിയായത് ആറന്മുളയിലെ സീറ്റ് നിഷേധത്തെ തുടർന്നുണ്ടായ രാജി പ്രഖ്യാപനവും കോന്നിയിൽ പരാജയപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ പരാതിയുമാണ്. കോന്നിയിൽ തന്നെ തോൽപ്പിക്കാൻ മോഹൻരാജ് ശ്രമിച്ചുവെന്നായിരുന്നു റോബിന്റെ പരാതി. ഇതിന്റെ തെളിവുകൾ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് ബാബു ജോർജും ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എക്സിക്യൂട്ടീവിലെങ്കിലും പരിഗണിക്കുമെന്ന മോഹവും വൃഥാവിലായി.
ഇനി വരാനുള്ള സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ഗ്രൂപ്പുകാരെ പരിഗണിക്കുമെന്നാണ് കരുതുന്നത്. എ. സുരേഷ് കുമാർ, റിങ്കു ചെറിയാൻ എന്നിവർ ഇതിന് നോട്ടമിട്ടിട്ടുണ്ട്. ജില്ലയിൽ ശക്തമായ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പാർട്ടിയെ കൂടുതൽ ദുർബലമാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിപ്പെടുമെന്ന് കരുതുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്