പത്തനംതിട്ട: എംഎ‍ൽഎ പണി പോയ ഒരു കോൺഗ്രസ് നേതാവു കൂടി പൊടി പിടിച്ചു കിടന്ന പഴയ കോട്ട് തപ്പിയെടുത്ത് വക്കീൽ പണിക്ക് ഇറങ്ങുന്നു. ആറന്മുളയിൽ നിന്ന് തോറ്റ കെ. ശിവദാസൻ നായരാണ് കഴിഞ്ഞ 10 വർഷമായി അഴിച്ചു വച്ചിരുന്ന കോട്ട് അണിഞ്ഞ് കോടതിയിലേക്ക് എത്തിയത്. രസകരമായ വാർത്ത ഇതല്ല, ഇപ്പോൾ കടുത്ത ശത്രുവായി മാറിയിരിക്കുന്ന പീലിപ്പോസ് തോമസ് കൂടിയുള്ള ഓഫീസിലേക്കാണ് ശിവദാസൻ നായർ മടങ്ങുന്നത്.

ഒരു കാലത്ത് ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ പുലികളായിരുന്നു കെ. ശിവദാസൻ നായരും പീലിപ്പോസ് തോമസും. ഒരേ ഓഫീസിൽ അഭിഭാഷകരായി പ്രാക്ടീസ്, ഒരുമിച്ച് സഞ്ചാരം, ഒരുമിച്ചുള്ള തന്ത്രം മെനയൽ, ഒരാൾ ഡി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ അപരൻ എ.ഐ.സി.സി അംഗം ഇങ്ങനെ ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കൾ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ പീലിപ്പോസ് തോമസ് ഇടതുപക്ഷത്തേക്ക് ചുവടുമാറി. ഇതോടെ ഇരുവരും മാനസികമായി അകന്നു. ഇത്തവണ ആറന്മുളയിൽ വീണാജോർജ് വൻ വിജയം നേടിയപ്പോൾ അതിനുള്ള കരുക്കൾ നീക്കിയത് മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാവുന്ന പീലിപ്പോസ് തോമസായിരുന്നു.

കോൺഗ്രസിൽ പാളയത്തിൽ പടയൊരുക്കി വോട്ടുകൾ അടർത്തി മാറ്റി ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നതും പീലിപ്പോസ് തന്നെ. രണ്ടാഴ്ചയായി കോട്ടിടാനുള്ള മാനസിക തയ്യാറെടുപ്പിലായിരുന്നു ശിവദാസൻ നായർ. പഴയ കോട്ടുകളൊക്കെ തപ്പിയെടുത്ത് അലക്കിത്തേച്ച് റെഡിയാക്കി. ഇന്നലെ മുതൽ ഓഫീസിൽ എത്തിതുടങ്ങി. നേരത്തേ കേസുകൾ ഒരുമിച്ചാണ് പീലിപ്പോസ് തോമസും ശിവദാസൻ നായരും വാദിച്ചിരുന്നത്. അന്നത്തെ ഈ കൂട്ടുകെട്ടാണ് ജില്ലയിൽ കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞത്. രണ്ടുപേരും ഒന്നിന് പിറകെ ഒന്നായി ഡി.സി.സി പ്രസിഡന്റുമാരായി. ശിവദാസൻ നായർ 2006 ൽ പത്തനംതിട്ടയിലും 11 ൽ ആറന്മുളയിലും ജനവിധി തേടിയപ്പോൾ രണ്ടു തവണയും റാന്നിയിൽ പീലിപ്പോസ് തോമസാണ് മത്സരിച്ചത്.

രണ്ടുപേരും ജയിച്ചാൽ വക്കീൽ ഓഫീസ് പൂട്ടിയിടേണ്ടി വരുമെന്ന് പോലും വിചാരിച്ച സമയം. പക്ഷേ, രണ്ടു തവണയും പീലിപ്പോസ് തോറ്റതിനാൽ ഓഫീസ് പൂട്ടേണ്ടി വന്നില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പീലിപ്പോസ് മറുകണ്ടം ചാടി. അവിടെയും തോൽവിയായിരുന്നു ഫലം. ഇതോടെ നായരും പീലിപ്പോസും മാനസികമായി അകന്നു. തന്നെ തോൽപിക്കാൻ രണ്ടും കൽപിച്ചിറങ്ങിയ നായരോട് പീലിപ്പോസ് കലിപ്പുമായി. അതു കൊണ്ടു തന്നെയാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നായർക്കിട്ട് പീലിപ്പോസ് പണി കൊടുത്തത്.

ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടങ്ങുന്നത് ആറന്മുള വിമാനത്താവള വിരുദ്ധ സമരം മുതലാണ്. നായർ വിമാനത്താവളത്തിന് വേണ്ടി വാദിച്ചു. പീലിപ്പോസ് ആകട്ടെ വിരുദ്ധ ചേരിയിലും നിലകൊണ്ടു. ഇപ്പോൾ വീണ്ടും ഇരുവരും ഒരുമിച്ച് ഒരേ മുറിയിലേക്ക് വരികയാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.