- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനത്തെ ആളാക്കിയത് സിപിഐ(എം); അന്തിമ വിജയം വിമാനത്താവള കമ്പനിക്കും; ആറന്മുളയിൽ വിമാനം ഇറക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് ശിവദാസൻ നായർ; കളക്ടറോടുള്ള വിശദീകരണം ചോദിക്കലും വിവാദത്തിൽ
അടൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോൺഗ്രസ് പാർട്ടിക്ക് പാരയായി ആറന്മുള എംഎൽഎ കെ. ശിവദാസൻ നായരുടെ വിവാദ അഭിമുഖം. ശിവദാസൻ നായർ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ആറന്മുള വിമാനത്താവളം നടപ്പാക്കാൻ താൻ യത്‌നിക്കുമെന്ന് പ്രഖ്യാപിച്ചതാണ് പുതിയ തർക്കങ്ങൾക്ക് വഴി വയ്ക്കുന്നത്. ആറന്മുള വിമാനത്താവളം നഷ്ടമായെന്നത് ചില കുബുദ്ധികളുടെ
അടൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോൺഗ്രസ് പാർട്ടിക്ക് പാരയായി ആറന്മുള എംഎൽഎ കെ. ശിവദാസൻ നായരുടെ വിവാദ അഭിമുഖം. ശിവദാസൻ നായർ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ആറന്മുള വിമാനത്താവളം നടപ്പാക്കാൻ താൻ യത്‌നിക്കുമെന്ന് പ്രഖ്യാപിച്ചതാണ് പുതിയ തർക്കങ്ങൾക്ക് വഴി വയ്ക്കുന്നത്.
ആറന്മുള വിമാനത്താവളം നഷ്ടമായെന്നത് ചില കുബുദ്ധികളുടെ ദുഷ്പ്രചാരണമാണെന്ന് കെ. ശിവദാസൻ നായർ അടൂർ മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ മാഹാത്മ്യം മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ചിലരുടെ ഗൂഢാലോചനകളുടെ ഫലമായി പദ്ധതി അൽപം താമസിക്കുന്നുവെന്നേയുള്ളൂ. പദ്ധതി നഷ്ടമായെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും എംഎൽഎ തുറന്നടിച്ചു. വിമാനത്താവള പദ്ധതി സംബന്ധിച്ച് രൂക്ഷമായ ഭാഷയിലാണ് എംഎൽഎയുടെ പ്രതികരണം. ഇടതുപക്ഷത്തെയും ബിജെപിയെയും കടന്നാക്രമിക്കുന്ന എംഎൽഎയുടെ നടപടി ഫലത്തിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ജില്ലയിലെ കോൺഗ്രസിന് പാരയാകും.
ആറന്മുള വിമാനത്താവളത്തിനായി നികത്തിയ തോടും തണ്ണീർത്തടങ്ങളും പുനഃസ്ഥാപിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് വിമാനത്താവള വിരുദ്ധ സമിതിയുമായി ചേർന്ന് കലക്ടർ തീരുമാനമെടുത്തതെന്തിനെന്ന് ചോദിച്ച് എംഎൽഎയുടെ കത്ത് വിവദമാകുമ്പോഴാണ് അഭിമുഖവും പുറത്തുവരുന്നത്. കലക്ടർ എസ്. ഹരികിഷോറിന് ശിവദാസൻ നായർ കത്തയച്ചത്. എന്നാൽ, ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവ് മാനദണ്ഡങ്ങൾക്കനുസരിച്ചു നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്ന് കലക്ടർ മറുപടിക്കത്തും നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി ഇല്ലാതാക്കുന്നതിന് ആ പദ്ധതിയെ എതിർക്കുന്നവരുമായി തങ്ങൾ ചർച്ച ചെയ്ത് ചില തീരുമാനങ്ങൾ എടുത്തത് എന്ത് അടിസ്ഥാനത്തിലാണ് എന്നാണ് എംഎൽഎ കത്തിൽ ചോദിച്ചിരിക്കുന്നത്.
ചാലും തോടും പൂർവസ്ഥിതിയിലാക്കുന്നതിന് മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ നിക്ഷേപിക്കാമെന്നിരിക്കെ ടൺ കണക്കിന് മണ്ണ് പുറത്തേക്ക് സ്വകാര്യ കരാറുകാരന് കൊടുക്കുന്നത് എന്തിനു വേണ്ടിയാണെന്നും ഇങ്ങനെ കൊടുക്കുന്ന മണ്ണിന് വില നിശ്ചയിച്ചിട്ടുണ്ടോയെന്നും മണ്ണ് കൊണ്ടുപോകുന്നതിന് ഏത് നിയമപ്രകാരമാണ് അനുമതി നൽകിയിരിക്കുന്നതെന്നും കത്തിൽ എംഎൽഎ ചോദിച്ചിരുന്നു. മണ്ണു നീക്കം ചെയ്യുന്നതു സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ ഹർജി ഉണ്ടായപ്പോൾ പദ്ധതിക്ക് ദോഷം വരുന്ന രീതിയിൽ ഏകപക്ഷീയമായി സത്യവാങ്മൂലം നൽകിയിട്ടുണ്ടോ, ഇപ്രകാരം സത്യവാങ്മൂലം നൽകുന്നതിന് മുൻപ് മേലുദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും കത്തിലുണ്ട്. വിശദമായ മറുപടി അടുത്ത ദിവസം നൽകുമെന്ന് കലക്ടർ പറഞ്ഞു. ഈ കത്ത് ആറനമുളയിൽ ചർച്ചയാകുമ്പോഴാണ് വിവാദ അഭിമുഖവും എത്തുന്നത്. മണ്ണ് മാറ്റുന്നതിനെ ശിവദാസൻ നായർ എതിർക്കുന്നത് എയർപോർട്ട് മാഫിയയ്ക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം,
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ: സിപിഎമ്മും ബിജെപിയും ചേർന്നു നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരിൽ പദ്ധതി മുടക്കാൻ കഴിയുമെന്ന് അവർ വിചാരിക്കുന്നു. എന്നാൽ അന്തിമവിജയം ഈ പദ്ധതിക്കായിരിക്കും. പാർട്ടി സീറ്റ് നൽകുകയും അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും എംഎൽഎ ആവുകയും ചെയ്താൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി പദ്ധതി നടപ്പാക്കും. അതിനായി ഈ വിഷയം വീണ്ടും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. മിച്ചഭൂമി സംബന്ധിച്ച തർക്കമാണ് നിലവിലുള്ളത്. ഇത് വിവാദമാക്കിയത് ചിലരുടെ സ്വാർഥ താൽപര്യങ്ങളാണ്. പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് കുമ്മനം രാജശേഖരൻ ഇവിടെ വന്ന് സമരം നടത്തിയപ്പോൾ പിന്തുണച്ചത് ഇടതുപക്ഷമാണ്.
അപ്പോൾ കുമ്മനത്തെ ആളാക്കിയത് ഇടതുപക്ഷമല്ലേ. ബിജെപിയും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള രഹസ്യ അജണ്ടയാണ് ഇവിടെ നടപ്പാക്കിയത്. അതിൽ ഭരണപക്ഷത്തു നിന്ന് ചിലരും കൂട്ടാളികളായത് നിർഭാഗ്യകരമെന്നേ പറയാൻ കഴിയൂ. വിമാനത്താവളം വന്നാൽ അതിന്റെ ദോഷഫലം ആദ്യം അനുഭവിക്കേണ്ടയാളാണ് ഞാൻ. എന്റെ വീടിന് തൊട്ടുമുകളിൽ കൂടിയായിരിക്കും വിമാനങ്ങൾ പറക്കുന്നത്. റെയിൽവേ സ്റ്റേഷന് അടുത്തു താമസിക്കുന്നവർ ട്രെയിനിന്റെ ശബ്ദം കാരണം അതു വേണ്ടെന്ന് പറയുമോ? കേരളത്തിൽ ഏറ്റവുമധികം പ്രവാസികളുള്ള പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം വന്നാൽ ആർക്കായിരിക്കും നഷ്ടം? യാതൊരു ആവശ്യവുമില്ലാതെ ദുർബുദ്ധികൾ നടത്തിയ സമരങ്ങൾ പദ്ധതിക്ക് അൽപം താമസമുണ്ടാക്കിയേക്കും-അഭിമുഖത്തിൽ പറയുന്നു.
ഉറങ്ങിക്കിടന്ന ആറന്മുള വിമാനത്താവള പ്രശ്‌നം എംഎൽഎയുടെ വിവാദ അഭിമുഖത്തോടെ വീണ്ടും ജീവൻ വയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപിയും ഇടതുപക്ഷവും ഈ അഭിമുഖം ഉപയോഗിക്കും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് വിമാനത്താവളം വേണ്ടെന്ന നിലപാട് ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് സ്വീകരിച്ചിരുന്നു. മോഹൻരാജിന് പത്തനംതിട്ട സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.