ശിവഗിരി: ഗുരുദേവ കടാക്ഷം തേടി ശിവഗിരിയിൽ എത്താനുള്ള ഒരുക്കത്തിലാണ് ശ്രീനാരായണീയർ. ഇതിനായി പത്തു ദിവസമായി വ്രതശുദ്ധിയിലായിരുന്നവർക്ക് നാളെ മുതൽ തീർത്ഥാടന കാലമാണ്. ഇന്നലെ മുതൽ തന്നെ തീർത്ഥാടക സഹസ്രങ്ങളെക്കൊണ്ട് ശിവഗിരി നിറഞ്ഞിരിക്കുകയാണ്. ദൂരദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഇന്നലെ മുതൽ ഇവിടെക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

82ാമത് ശിവഗിരി തീർത്ഥാടനത്തിന് നാളെയാണ്  തുടക്കമാകുന്നത്.രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ തീർത്ഥാടനം ആരംഭിക്കും. തുടർന്ന് 9.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 6ന് ദൈവദശക രചനാശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 6.30 മുതൽ 6.40 വരെ സാർവദേശീയ അഖണ്ഡ ദൈവദശകജപം നടക്കും. മൂന്ന് ദിവസങ്ങളിലായി 12 സമ്മേളനങ്ങൾ ശിവഗിരിയിൽ നടക്കും. രാത്രി കലാപരിപാടികളും. ശിവഗിരി തീർത്ഥാടന ഔദ്യോഗികപദയാത്രയും മറ്റ് പദയാത്രകളും തിങ്കളാഴ്ച വൈകിട്ട് ശിവഗിരിയിലെത്തും.