ദുബായ്:  ശിവഗിരിയിൽ നാളെ  നടക്കുന്ന ദൈവദശക രചനാ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അറബ് ലോകത്തെ പ്രമുഖ കവി ഡോ. ഷിഹാബ് മൊഹമ്മദ് ഘാനീം ഇന്നെത്തും.  ഡോ. ഷിഹാബിനെ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരും  സംസ്ഥാന സാംസ്‌കാരിക വകുപ്പും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കും.  കേരളത്തിലെ പ്രശസ്ത കവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.  നാളെ  നടരാജഗുരുവിന്റെ സമാധി മന്ദിരമായ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഒഫ്  ബ്രഹ്മവിദ്യാ മന്ദിരം സന്ദർശിക്കും.  വൈകിട്ടു നടക്കുന്ന ശതാബ്ദി ആഘോഷത്തിൽ  മുഖ്യാതിഥിയായി പങ്കെടുക്കും.

മെക്കാനിക്കൽ  എൻജിനിയറിംഗിലും  ഇലക്ട്രിക്കൽ  എൻജിനിയറിംഗിലും  ബിരുദം  നേടിയ  ഡോ. ഷിഹാബ്   റൂർക്കി യൂണിവേഴ്‌സിറ്റിയിൽ  നിന്ന്  ബിരുദാനന്തര  ബിരുദവും വെയ്ൽസ്  യൂണിവേഴ്‌സിറ്റിയിൽ  നിന്ന്  സാമ്പത്തിക  ശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.  'വേൾഡ് ഒഫ് എൻജിനിയറിങ്'  എന്ന ടെക്‌നിക്കൽ മാഗസിന്റെ  ചീഫ് എഡിറ്ററായിരുന്നു. അറബിയിലും ഇംഗ്‌ളീഷിലുമുള്ള  കൃതികളും  പരിഭാഷകളും   ഉൾപ്പെടെ  56  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ടാഗോർ പീസ് അവാർഡ് (കൽക്കട്ട), വേൾഡ് പൊയട്രി സൊസൈറ്റിയുടെ പൊയട്രി അവാർഡ്  (ചെന്നൈ) എന്നിവ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി   2010,  2014  വർഷങ്ങളിൽ  അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.