- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
84ാമത് ശിവഗിരി തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി; തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് നിറഞ്ഞ് ശിവഗിരിയും പരിസരവും; കലാപരിപാടികൾക്ക് ക്രിസ്തുമസ് ദിനത്തിൽ തുടക്കം
ശിവഗിരി: ശിവഗിരിക്കുന്നിൽ 84ാമത് തീർത്ഥാടനത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. 30 നാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മഹാ തീർത്ഥാടനത്തിന്റെ തുടക്കം. തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് ശിവഗിരിയും പരിസരവും നിറഞ്ഞു കഴിഞ്ഞു. ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങളുടെ വാഹനവ്യൂഹങ്ങൾ ശിവഗിരിയിലേക്കുള്ള റോഡിന്റെ ഇരുവശവും കൈയടക്കിയിരിക്കുകയാണ്. തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രബോധന പരമ്പരയും ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കിയുള്ള സംസ്ഥാനതല കലാമത്സരങ്ങളുടെ ഫൈനൽ മത്സരവും നടക്കുന്നു. കലാപരിപാടികൾ ക്രിസ്മസ് ദിനത്തിൽ ആരംഭിച്ചു. ശിവഗിരിയുടെ പ്രകൃതിയും തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഗുരു കീർത്തനങ്ങളാൽ മുഖരിതമാണ് അദ്വൈതത്തിന്റെ ഈ അമര ഭൂമി. നമുക്ക് ജാതിയില്ല' എന്ന ഗുരുദേവ വിളംബരത്തിന്റെയും ദർശനമാലയുടെയും നിർവൃതി പഞ്ചകത്തിന്റെയും മഹാകവി കുമാരനാശാൻ രചിച്ച ഗുരുസ്തവത്തിന്റെയും ശതാബ്ദി വർഷം കൂടിയാണിത്. തീർത്ഥാടന ലക്ഷ്യങ്ങളിൽ രണ്ടാമതായ ശുചിത്വമാണ് ഇത്തവണ തീർത്ഥാടന സന്ദേശം. ശിവഗിരിയു
ശിവഗിരി: ശിവഗിരിക്കുന്നിൽ 84ാമത് തീർത്ഥാടനത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. 30 നാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മഹാ തീർത്ഥാടനത്തിന്റെ തുടക്കം. തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് ശിവഗിരിയും പരിസരവും നിറഞ്ഞു കഴിഞ്ഞു. ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങളുടെ വാഹനവ്യൂഹങ്ങൾ ശിവഗിരിയിലേക്കുള്ള റോഡിന്റെ ഇരുവശവും കൈയടക്കിയിരിക്കുകയാണ്. തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രബോധന പരമ്പരയും ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കിയുള്ള സംസ്ഥാനതല കലാമത്സരങ്ങളുടെ ഫൈനൽ മത്സരവും നടക്കുന്നു.
കലാപരിപാടികൾ ക്രിസ്മസ് ദിനത്തിൽ ആരംഭിച്ചു. ശിവഗിരിയുടെ പ്രകൃതിയും തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഗുരു കീർത്തനങ്ങളാൽ മുഖരിതമാണ് അദ്വൈതത്തിന്റെ ഈ അമര ഭൂമി. നമുക്ക് ജാതിയില്ല' എന്ന ഗുരുദേവ വിളംബരത്തിന്റെയും ദർശനമാലയുടെയും നിർവൃതി പഞ്ചകത്തിന്റെയും മഹാകവി കുമാരനാശാൻ രചിച്ച ഗുരുസ്തവത്തിന്റെയും ശതാബ്ദി വർഷം കൂടിയാണിത്. തീർത്ഥാടന ലക്ഷ്യങ്ങളിൽ രണ്ടാമതായ ശുചിത്വമാണ് ഇത്തവണ തീർത്ഥാടന സന്ദേശം. ശിവഗിരിയും പരിസരവും പ്ലാസ്റ്റിക് മുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മേളനങ്ങളുടെ നടത്തിപ്പിന് ശിവഗിരിയുടെ താഴ്‌വാരത്ത് വിശാലമായ പന്തലാണ് തയ്യാറാക്കിയിട്ടുള്ളത്. 360 അടി നീളത്തിൽ 85 അടി വീതിയിൽ കൂറ്റൻ ഇരുമ്പ് തൂണുകളിൽ ഘടിപ്പിച്ചതാണ് ഹാങ്ങർ പന്തൽ. റോഡുകളുടെ അറ്റകുറ്റപ്പണികളും കുളിക്കടവുകളും ഓവുകളും വൃത്തിയാക്കുന്ന ജോലികളും പൂർത്തിയായി. നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ജീവനക്കാരെ നിയോഗിച്ചതായി ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ് പറഞ്ഞു. കുടിവെള്ളവും വൈദ്യുതിയും മുടങ്ങാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ്, പൊലീസ്, ആരോഗ്യവകുപ്പ്, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ സേവനവും കാര്യക്ഷമമാക്കിയതായി വർക്കല തഹസിൽദാർ സാജിതാബീഗം, വി. ജോയി എംഎൽഎ എന്നിവർ പറഞ്ഞു.
തീർത്ഥാടകർക്ക് താമസത്തിന് വർക്കല പ്രദേശത്തെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലും ഗുരുദേവ ഭക്തരുടെ ഭവനങ്ങളിലും ലോഡ്ജുകളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുപൂജ അന്നദാനത്തിനുള്ള കാർഷിക വിളകൾ എത്തിക്കൊണ്ടിരിക്കുന്നു. തീർത്ഥാടനം സംബന്ധിച്ച എല്ലാ വഴിപാട് രസീതുകളും ഫെഡറൽ ബാങ്കിന്റെ കൗണ്ടറുകൾ വഴിയാണ് ഭക്തജനങ്ങൾക്ക് നൽകുന്നത്.
ശിവഗിരിയിലേക്കുള്ള റോഡുകളെല്ലാം പീതശോഭയിലാണ്. രാത്രിയിൽ എൽ.ഇ.ഡി ലൈറ്റുകളുടെ വർണപ്രഭയിലാണ് വർക്കല പ്രദേശം. ശ്രീനാരായണ സോഷ്യൽ സെന്റർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നഗരപ്രദേശം പൂപ്പന്തലൊരുക്കി മോടിപിടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുന്തൻചന്ത ടൗണിലും വൻ അലങ്കാരങ്ങളാണ് നടത്തിയിട്ടുള്ളത്.
അഞ്ഞൂറിൽപ്പരം പദയാത്രകൾ എത്തും
തീർത്ഥാടനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശിവഗിരിയിലേക്ക് അഞ്ഞൂറിൽപ്പരം പദയാത്രകൾ നടക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയും മീഡിയ കമ്മിറ്റി ചെയർമാൻ ഡോ: എം.ജയരാജും അറിയിച്ചു. കിഴക്കൻ മേഖലാ പദയാത്ര കുമിളി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നാരംഭിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമിശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മ പ്രചരണസംഘം സംസ്ഥാന ജനറൽ സെക്രട്ടറി മധുമാറനാടിന്റെ നേതൃത്വത്തിൽ ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്നും വരുന്ന തീർത്ഥാടന പദയാത്രയ്ക്ക് ജില്ലാ അതിർത്തിയായ കാപ്പിൽ പാലത്തിൽ വച്ച് 30ന് സ്വീകരണം നൽകും. തുടർന്ന് കാപ്പിൽ എസ്.എൻ.ഡി.പി ഹാളിൽ മതാതീത ആത്മീയ സമ്മേളനം നടക്കും. മറ്റു പദയാത്രകൾ ഡിസംബർ 29 വൈകുന്നേരം ശിവഗിരിയിൽ എത്തും. തീർത്ഥാടന നഗറിൽ ഉയർത്തുന്നതിനുള്ള ധർമ്മ പതാക ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും വാഹനഘോഷയാത്രയുടെ അകമ്പടിയോടെയാണ് കൊണ്ടുവരുന്നത്.
ധർമ്മ പതാകയുമായി ഗുരുധർമ്മ പ്രചാരണസഭ പ്രവർത്തകർ യുഎഇയിൽ നിന്നും
ശിവഗിരി തീർത്ഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മ പതാകയുമായി ഗുരുധർമ്മ പ്രചാരണസഭ പ്രവർത്തകർ നാളെ രാത്രി 12.05 നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്ന് പുറപ്പെടും. 29ന് രാവിലെ 5.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പദയാത്രാസംഘത്തെ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിൽ സന്യാസി ശ്രേഷ്ഠരും ഗുരുധർമ്മ പ്രചാരണസഭ പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. തുടർന്ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെത്തുന്ന സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കും.
ഉച്ച കഴിഞ്ഞ് 2ന് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ജാഥാ ക്യാപ്ടൻ ഡോ. സുധാകരന് കൈമാറി പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് വർക്കല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 7ന് മഹാസമാധിയിൽ സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിക്കും.