തിരുവനന്തപുരം: എൺപത്തിയഞ്ചാമതു ശിവഗിരി തീർത്ഥാടനത്തിനു ഭക്തിനിർഭരമായ തുടക്കം. ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ കാരു ജയസൂര്യ ദീപം തെളിച്ചതോടയാണ് തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ എല്ലാവരും മനസ്സുകൊണ്ടു സ്വീകരിച്ചാൽ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പഠിപ്പിക്കലുകൾക്കൊപ്പം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹാർദം വളർത്താനും ഗുരുദേവൻ പരിശ്രമിച്ചു. 1918ലും 1926ലും അദ്ദേഹം ശ്രീലങ്കയിലെത്തിയപ്പോൾ സ്വീകരിക്കാനായി ആയിരങ്ങളാണു പലയിടത്തും തടിച്ചുകൂടിയത്. ശ്രീലങ്കയിൽ ഗുരുദേവൻ എത്തിയതിന്റെ നൂറാം വാർഷികം ശ്രീനാരായണഗുരു സൊസൈറ്റി, വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളോടൊപ്പം പുതുവർഷത്തിൽ ആഘോഷിക്കും. 155ാമതു ജയന്തി ദിനത്തിൽ പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയ ഒരേയൊരു വിദേശരാജ്യം ശ്രീലങ്കയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവന്റെ പഠിപ്പിക്കലുകളിൽ ബുദ്ധന്റെ ആദർശങ്ങളുടെ സമന്വയവും ദർശിക്കാൻ കഴിയും. എല്ലാ തുറയിലുമുള്ള ആളുകൾക്ക് എത്താവുന്ന ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി ശിവഗിരി മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങി ഗുരുദേവൻ ഊന്നൽ നൽകിയ എട്ടോളം മേഖലകളുടെ പ്രാധാന്യം ഇന്നും വലുതാണെന്നു ജയസൂര്യ പറഞ്ഞു.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. അടുക്കളയിൽ നിന്നു ശുചിത്വം ആരംഭിക്കണമെന്ന ഗുരുദേവസന്ദേശം പിന്തുടർന്നായിരിക്കും ഇനിയുള്ള വർഷങ്ങളിലെ തീർത്ഥാടനമെന്ന് അദ്ദേഹം പറഞ്ഞു. ചൂഷണത്തിനെതിരെ പോരാടാനുള്ള കമർമശേഷിയാണു ശിവഗിരി തീർത്ഥാടനം നൽകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തിലെ അനീതികൾക്കിടയിലും ആത്മധൈര്യം നൽകുന്നതാണു തീർത്ഥാടനം. മതത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ വർധിക്കുമ്പോൾ ഗുരുദേവന്റെ സന്ദേശങ്ങൾ ലോകത്തിനു മാതൃകയാണ്. ഭൗതികയും ആത്മിയതയും ഒരുമിപ്പിച്ചുള്ള ആദർശങ്ങൾ ഇന്നും വളരെയധികം കാലികമാണെന്ന് അദ്ദേഹം പറഞ്ഞു.

ശിവഗിരിമഠം മൈ സ്റ്റാംപിന്റെയും തപാൽ കവറിന്റെയും പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ് പ്രകാശനം ചെയ്തു. മികച്ച ബാലനടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദിഷി പ്രവീണിനെ ശിവഗിരി മഠം പ്രസിഡന്റ് വിശുദ്ധാനന്ദസ്വാമി അനുമോദിച്ചു. സ്വാമി പ്രകാശാനന്ദ ദീപപ്രകാശനം നിർവഹിച്ചു. സ്വാമി സാന്ദ്രാനന്ദ, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സി.വേണുഗോപാൽ, എ.സമ്പത്ത്, വി.ജോയി എംഎൽഎ, ഗോകുലം ഗോപാലൻ, എ.എൻ.രാധാകൃഷ്ണൻ, എ.എൻ.ബിന്ദു ഹരിദാസ്, രാജേന്ദ്രബാബു, സി.വി.പത്മരാജൻ, ടി.എസ്.പ്രകാശ്, സ്വാമി ശാരദാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്നു പുലർച്ചെ 4.30നു തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. പ്രത്യേകമായി അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് ഭക്തജനങ്ങൾ അകമ്പടി സേവിക്കും. ശിവഗിരി, മൈതാനം, റെയിൽവേസ്റ്റേഷൻ വഴി സമാധിപീഠത്തിൽ എത്തിച്ചേരും. തീർത്ഥാടന സമ്മേളനം രാവിലെ 10നു കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയാകും.