- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാദറും മദറും വ്യത്യസ്ത ജാതിയും ലൗവ് മാരീജും; എന്നിട്ടും ശക്തേശ്വരി ദേവിക്ക് മുമ്പിൽ താലികെട്ടിയവരെ പിരിച്ചു; അബോധാവസ്ഥയിലായ മകളെ അനുനയിപ്പിച്ച് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചു; ചതി ആയുർവേദ ഡോക്ടർ തിരിച്ചറിഞ്ഞപ്പോൾ രക്ഷപ്പെടൽ; ശിവകാമിയും നേഴ്സ് ശ്രീശാന്തും വീണ്ടും ഒരുമിച്ചു; രജിസ്റ്റർ മാരീജ് കഴിഞ്ഞിട്ടും ദമ്പതികളെ വെറുതെ വിടാതെ കുന്നത്തുനാടിലെ വില്ലൻ
ആലപ്പുഴ: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയായ ഡോക്ടറെയും നഴ്സായ ഭർത്താവിനെയും ജാതിവ്യത്യാസത്തിന്റെ പേരിൽ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കാതെ യുവതിയുടെ പിതാവും ബന്ധുക്കളും. ആയൂർവ്വേദ ഡോക്ടറായ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജു(ബിജെപി നേതാവ്)വിന്റെ മകൾ ശിവകാമിയെയും നഴ്സായ ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീശാന്തിനെയുമാണ് വിടാതെ പിൻതുടർന്ന് ഭീഷണിപ്പെടുത്തുന്നത്. ശിവകാമിയുടെ പിതാവായ ബിജെപി നേതാവ് സജുവും ഇയാളുടെ സഹോദരനായ ശിവസേനാ നേതാവുമാണ് ഇരുവരെയും ജീവിക്കാൻ അനുവദിക്കാത്തത്. മറ്റൊരു ജാതിയിലുള്ള ശ്രീശാന്തിനൊപ്പം തന്റെ മകൾ ജീവിക്കണ്ട എന്നാണ് ഇയാളുടെ നിലപാട്. അതേ സമയം സജുവും ഭാര്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും വ്യത്യസ്ഥ ജാതിയിൽപ്പെട്ടവരുമാണ്. ഈ സാഹചര്യത്തിലും ജാതിയുടെ പേരിൽ കടുംപിടുത്തം കാട്ടുകയാണ് സജു.
ശിവകാമിയും ശ്രീശാന്തും 2020 ജൂലൈ ഏഴിനാണ് വിവാഹം കഴിച്ചത്. 2016ലാണ് ഇരുവരും പ്രണയം ആരംഭിക്കുന്നത്. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനിടയിൽ വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചു. ഇക്കാര്യം ശ്രീശാന്തിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ഥ ജാതിയിൽപ്പെട്ടവരായതിനാൽ ശ്രീശാന്തുമായുള്ള ബന്ധം വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. കൂടാതെ ഡോക്ടറായ മകളെ ഒരു നഴ്സ് വിവാഹംകഴിക്കുന്നതും എതിർപ്പുളവാക്കി. അങ്ങനെ ജൂൺ 6 ന് കർണ്ണാടകയിൽ നിന്നും ശ്രീശാന്ത് നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയും പിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ശിവകാമിയുടെ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് പിതാവുൾപ്പെടെയുള്ള കുടുംബാഗങ്ങൾ ആലപ്പുഴയിലെത്തി ഇരുവരെയും കണ്ട് മടങ്ങി.
എന്നാൽ 9 ന് പുത്തൻകുരിശ് പൊലീസിൽ ശിവകാമിയെ കാണാനില്ല എന്ന പരാതി പിതാവ് നൽകിയതിനെ തുടർന്ന് പൊലീസ് ഇരുവരും സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ 10 ന് സ്റ്റേഷനിലെത്തുകയും കോടതിയിൽ ഹാജരാകുകയും ചെയ്തു. കോടതിയിൽ വിവാഹ രേഖകളടക്കം സമർപ്പിച്ച് ശ്രീശാന്തിനൊപ്പം പോകണമെന്ന് ശിവകാമി അറിയിച്ചു. തുടർന്ന് കോടതി ശിവകാമിയെ ശ്രീശാന്തിനൊപ്പം വിട്ടയച്ചു. ആലപ്പുഴയിലേക്ക് ഇവർ പോകും വഴി ശിവകാമിയുടെ പിതാവിന്റെ നേതൃത്വത്തിൽ നാലു കാറിലായെത്തിയ ഗുണ്ടാ സംഘം കൊച്ചി-ധനുഷ്കോടി ദേശീയപാത ശാസ്താംമുകളിൽ ഇവരെ തടയുകയും ശിവകാമിയെ പിടിച്ചുവലിച്ചു കൊണ്ടു പോകുകയും ചെയ്തു. സംഘർഷത്തിൽ ശ്രീശാന്തിന്റെ സഹാദരൻ നിശാന്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഇവർ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയെങ്കിലും ശിവകാമിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ജൂലൈ 10 ന് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹേബിയസ്കോർപ്പസ് ഫയൽ ചെയ്തു. കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ ശിവകാമിയെ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതേ തുടർന്ന് ഒക്ടോബറിൽ ശിവകാമിയെ ആംബുലൻസിൽ ഹൈക്കോടതിയിലെത്തിച്ചു. ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രൻ, ടി. ആർ. രവി എന്നിവർ ചേംബർ വിട്ട് നേരിട്ട് ആംബുലൻസിലെത്തിയാണ് പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതിനാൽ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. ഇതോടെ ജുഡിഷ്യൽ കസ്റ്റഡിയിൽ കടവന്ത്രയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയെ ചികിത്സിച്ച കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നും മുഴുവൻ ചികിത്സാ രേഖഖളും കോടതി പരിശോധിച്ചു. ആശുപത്രിയിൽ നിന്നും കോടതിയിലേക്ക് വരുന്നത് വരെ പെൺകുട്ടിക്ക് പ്രശ്നങ്ങൾ ഇല്ലായിരുവെന്ന് മനസ്സിലാക്കി. ആശുപത്രിയിൽ നിന്നും ഹൈക്കോടതിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസിൽ വച്ച് പെൺകുട്ടിക്ക് എന്തോ സംഭവിച്ചു എന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വീണ്ടും ചികിത്സ തുടരാൻ ഉത്തരവിട്ടു. പെൺകുട്ടിക്ക് മയക്കുമരുന്ന് പോലുള്ള എന്തോ നൽകി ബോധം നശിപ്പിച്ചാണ് പിതാവ് കോടതിയിൽ എത്തിച്ചതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകൻ പറഞ്ഞത്. ജഡ്ജിമാർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ നാക്കു കുഴഞ്ഞ് കാര്യങ്ങൾ പറഞ്ഞെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു. പെൺകുട്ടി തന്റെ ഭർത്താവിനൊപ്പം പോകണമെന്ന് കോടതിയിൽ പറയുമെന്ന് ഉറപ്പുള്ളതിനാൽ പിതാവ് തന്നെ മകളെ അബോധാവസ്ഥയിലാക്കിയതാണെന്നുള്ള ശശയവും ബലപ്പെട്ടു.
പിന്നീട് കോടതിയിലെത്തുംമുൻപ് പിതാവ് സജു ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് മകൾക്ക് വാക്കു നൽകി. കോടതിയിൽ എതിർത്ത് പറഞ്ഞാൽ താൻ അകത്തു പോകുമെന്നും അറിയിച്ചു. ഇതോടെ പിതാവിനൊപ്പം പോയാൽ മതിയെന്ന് ശിവകാമി കോടതിയിൽ പറഞ്ഞു. വീട്ടിൽ തിരികെ എത്തിയപ്പോഴേക്കും പിതാവ് പറഞ്ഞ വാക്കിൽ നിന്നും പിന്മാറി. ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാൽ ശിവകാമി തയ്യാറായില്ല. ഇതിനിടെ മറ്റൊരു വിവാഹത്തിനും ശ്രമിച്ചു. കഥകളൊക്കെ അറിഞ്ഞതോടെ അവർ വിവാഹത്തിൽ നിന്നും പിന്മാറി. വീട്ടുകാരുടെ നീരിക്ഷണത്തിൽ ഒരു വർഷത്തോളം ശിവകാമി വീട്ടു തടങ്കലിലായിരുന്നു. എന്നാൽ ഇതിനിടയിൽ ശ്രീശാന്തിനെ ബന്ധപ്പെട്ട് തന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും കൊണ്ടു പോകണം എന്ന് ശിവകാമി അറിയിച്ചു. ഇതേ തുടർന്ന് ജൂണിൽ ശിവകാമിയെ രഹസ്യമായി കൂട്ടിക്കൊണ്ടു വരികയും പിന്നീട് വിവാഹം നിയമ പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇതിനിടയിൽ ശിവകാമിയെ കാണാനില്ലെന്ന് കാട്ടി പിതാവ് സജുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പുത്തൻ കുരിശ് പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇരുവരും നിയമപ്രകാരം വിവാഹം കഴിച്ചതായി അറിഞ്ഞു. തുടർന്ന് കേസുള്ളതിനാൽ പൊലീസ് സ്റ്റേഷനിൽ ഇരുവരും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷം ശിവകാമിയെ സ്റ്റേഷനിൽ ഹാജരാക്കാൻ പോയപ്പോൾ ഗുണ്ടാ ആക്രമണം ഉണ്ടായപോലെ ഇപ്പോഴും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇരുവരും ആശങ്കപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ പൊലീസ് ജീപ്പിൽ ആലപ്പുഴയിൽ നിന്നും ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരാമെന്ന് അറിയിച്ചു. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പുത്തൻ കുരിശ് പൊലീസിനും പിതാവ് സജുവിനും ഇളയച്ഛനുമാണന്നും ശിവകാമി പറഞ്ഞു.
ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ ശ്രീശാന്തും ആയൂർവ്വേദ ഡോക്ടറായ ശിവകാമിയും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നു. 2016ൽ കർണ്ണാടകയിലെ തുമ്പൂർ എന്ന സ്ഥലത്തുള്ള കോളേജിൽ പഠിച്ചിരുന്ന ഇരുവരും ഇന്റേൺഷിപ്പിനിടയിൽ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയുമായിരുന്നു. തുടർന്നാണ് 2020 ജൂലൈയിൽ പുന്നപ്രയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും സിനിമാ കഥയെ വെല്ലുന്ന സംഭവ വികാസങ്ങൾ ഉണ്ടാകുകയും ചെയ്തത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.