ആലപ്പുഴ: അച്ഛനും അമ്മയും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. അവർ വ്യത്യസ്ത ജാതിയിൽപെട്ടവരുമാണ്. പിന്നെന്തിനാണ് പ്രണയിച്ച് വിവാഹം കഴിച്ച ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്? പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷമായി വീട്ടുകാരിൽ നിന്നും ക്രൂര പീഡനം നേരിടുന്ന ആയൂർവ്വേദ ഡോക്ടറായ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ ബിജെപി നേതാവായ സജുവിന്റെ മകൾ ശിവകാമി കണ്ണീരോടെ ചോദിക്കുകയാണ്. ജാതി ചോദിച്ച ശേഷമല്ല ഞാനും എന്റെ ഭർത്താവ് ശ്രീശാന്തും പ്രണയിച്ചതും വിവാഹം കഴിച്ചതും. നാട്ടിലെ ഒരു പൊതു പ്രവർത്തകനായ അച്ഛൻ പക്ഷേ ഞങ്ങളുടെ ബന്ധം അംഗീകരിക്കുകയോ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും മറ്റും മുന്നിട്ടു നിൽക്കുന്ന അദ്ദേഹം ഇക്കാര്യത്തിൽ ക്രൂരത കാണിക്കുകയാണ് എന്ന് ശിവകാമി പറയുന്നു.

കഴിഞ്ഞ വർഷം വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം ഭാവിച്ച് എത്തിയെങ്കിലും പിന്നീട് അത് നാടകമാണെന്ന് മനസ്സിലായി. താലികെട്ടി തൊട്ടടുത്ത ദിവസം പൊലീസിൽ കാണാനില്ലെന്ന് പരാതി നൽകുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ നിന്നും കോടതിയിൽ വിവരങ്ങൾ ബോധിപ്പിച്ച് തിരികെ വരികയും ചെയ്തപ്പോഴാണ് അച്ഛന്റെ ക്രൂര മുഖം എനിക്ക് കാണാൻ കഴിഞ്ഞത്. നാലു വാഹനങ്ങളിലായെത്തിയവർ ശ്രീശാന്തിനെയും എന്നെയും വളയുകയും അക്രമിച്ച് എന്നെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ബന്ധുവിന്റെ വീട്ടിലെത്തിച്ച ശേഷം പൊതിരെ തല്ലി. ഈ ബന്ധത്തിൽ നിന്നും പിൻവാങ്ങണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിന് തയ്യാറാകാതിരുന്നതോടെ ക്രൂരമായ ശാരീകപീഡനം തുടർന്നു. ഇതിനിടയിൽ എന്റെ ഭർത്താവ് ശ്രീശാന്ത് കോടതിയിൽ ഹേബിയസ്‌കോർപസ് ഫയൽ ചെയ്തതോടെ വീണ്ടും പീഡനം തുടർന്നു. കോടതിയിൽ വച്ച് എന്തെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാൽ അതിന് വഴങ്ങില്ല എന്ന് മനസ്സിലാക്കിയതോടെ സ്നേഹം നടിച്ച് വിവാഹം നടത്തി തരാമെന്നും കോതിയിൽ അച്ഛനെതിരെ പറഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നും പറഞ്ഞു. ഇതോടെയാണ് കോടതിയിൽ വച്ച് വീട്ടുകാർക്കൊപ്പം പോയാൽ മതിയെന്ന് പറഞ്ഞത്.

വീട്ടിലെത്തി ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു. എന്നാൽ വിവാഹക്കാര്യം പറഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞതൊക്കെ വെറുതെയായിരുന്നു എന്ന് മനസ്സിലായത്. വീട്ടും വീട്ടു തടങ്കിലാക്കി. ഇതിനിടെ മറ്റൊരു വിവാഹം നടത്തിക്കാൻ ശ്രമമുണ്ടായി. എന്നാൽ വിവരങ്ങൾ അറിഞ്ഞതോടെ അവർ അതിൽ നിന്നും പിന്മാറി. ഇതോടെ പതിയെ ശ്രീശാന്തിന്റെ കാര്യങ്ങൾ വീട്ടിൽ പറയാതെയായി. എന്നാൽ ഇതിനിടെ ശ്രീശാന്തുമായി ബന്ധപ്പെടുകയും വീട്ടിൽ നിന്നും എങ്ങനെയെങ്കിലും കൂട്ടിക്കൊണ്ടു പോകണമെന്നും അറിയിച്ചു. അങ്ങനെയാണ് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാസം ശ്രീശാന്തിനൊപ്പം വീണ്ടും ആലപ്പുഴയ്ക്ക് പോരുകയും നിയമ പ്രകാരം വിവാഹം കഴിക്കുകയും ചെയ്തത്. എന്നാൽ ഇതിനിടെ വീണ്ടും എന്നെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. പൊലീസിനോട് വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞെങ്കിലും അവർ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. നാളെ സ്റ്റേഷനിലേക്ക് പോകുകയാണ്. അച്ഛനും ഇളയച്ഛനും അക്രമിക്കുമോ എന്ന് ഭയമുണ്ട് എന്നും ശിവകാമി പറയുന്നു.

ശിവകാമിയും ശ്രീശാന്തും 2020 ജൂലൈ ഏഴിനാണ് വിവാഹം കഴിച്ചത്. 2016ലാണ് ഇരുവരും പ്രണയം ആരംഭിക്കുന്നത്. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനിടയിൽ വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചു. ഇക്കാര്യം ശ്രീശാന്തിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ഥ ജാതിയിൽപ്പെട്ടവരായതിനാൽ ശ്രീശാന്തുമായുള്ള ബന്ധം വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. കൂടാതെ ഡോക്ടറായ മകളെ ഒരു നഴ്‌സ് വിവാഹംകഴിക്കുന്നതും എതിർപ്പുളവാക്കി. അങ്ങനെ ജൂൺ 6 ന് കർണ്ണാടകയിൽ നിന്നും ശ്രീശാന്ത് നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയുപിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ശിവകാമിയുടെ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് പിതാവുൾപ്പെടെയുള്ള കുടുംബാഗങ്ങൾ ആലപ്പുഴയിലെത്തി ഇരുവരെയും കണ്ട് മടങ്ങി.

എന്നാൽ 9 ന് പുത്തൻകുരിശ് പൊലീസിൽ ശിവകാമിയെ കാണാനില്ല എന്ന പരാതി പിതാവ് നൽകിയതിനെ തുടർന്ന് പൊലീസ് ഇരുവരും സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ 10 ന് സ്റ്റേഷനിലെത്തുകയും കോടതിയിൽ ഹാജരാകുകയും ചെയ്തു. കോടതിയിൽ വിവാഹ രേഖകളടക്കം സമർപ്പിച്ച് ശ്രീശാന്തിനൊപ്പം പോകണമെന്ന് ശിവകാമി അറിയിച്ചു. തുടർന്ന് കോടതി ശിവകാമിയെ ശ്രീശാന്തിനൊപ്പം വിട്ടയച്ചു. ആലപ്പുഴയിലേക്ക് ഇവർ പോകും വഴി ശിവകാമിയുടെ പിതാവിന്റെ നേതൃത്വത്തിൽ നാലു കാറിലായെത്തിയ ഗുണ്ടാ സംഘം കൊച്ചി-ധനുഷ്‌കോടി ദേശീയപാത ശാസ്താംമുകളിൽ ഇവരെ തടയുകയും ശിവകാമിയെ പിടിച്ചുവലിച്ചു കൊണ്ടു പോകുകയും ചെയ്തു. സംഘർഷത്തിൽ ശ്രീശാന്തിന്റെ സഹാദരൻ നിശാന്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് ഇവർ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയെങ്കിലും ശിവകാമിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ജൂലൈ 10 ന് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ് ഫയൽ ചെയ്തു. കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ ശിവകാമിയെ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതേ തുടർന്ന് ഒക്ടോബറിൽ ശിവകാമിയെ ആംബുലൻസിൽ ഹൈക്കോടതിയിലെത്തിച്ചു. ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രൻ, ടി. ആർ. രവി എന്നിവർ ചേംബർ വിട്ട് നേരിട്ട് ആംബുലൻസിലെത്തിയാണ് പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതിനാൽ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. ഇതോടെ ജുഡിഷ്യൽ കസ്റ്റഡിയിൽ കടവന്ത്രയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയെ ചികിത്സിച്ച കവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നും മുഴുവൻ ചികിത്സാ രേഖഖളും കോടതി പരിശോധിച്ചു. ആശുപത്രിയിൽ നിന്നും കോടതിയിലേക്ക് വരുന്നത് വരെ പെൺകുട്ടിക്ക് പ്രശ്നങ്ങൾ ഇല്ലായിരുവെന്ന് മനസ്സിലാക്കി. ആശുപത്രിയിൽ നിന്നും ഹൈക്കോടതിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസിൽ വച്ച് പെൺകുട്ടിക്ക് എന്തോ സംഭവിച്ചു എന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വീണ്ടും ചികിത്സ തുടരാൻ ഉത്തരവിട്ടു. പെൺകുട്ടിക്ക് മയക്കുമരുന്ന് പോലുള്ള എന്തോ നൽകി ബോധം നശിപ്പിച്ചാണ് പിതാവ് കോടതിയിൽ എത്തിച്ചതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകൻ പറഞ്ഞത്. ജഡ്ജിമാർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ നാക്കു കുഴഞ്ഞ് കാര്യങ്ങൾ പറഞ്ഞെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു. പെൺകുട്ടി തന്റെ ഭർത്താവിനൊപ്പം പോകണമെന്ന് കോടതിയിൽ പറയുമെന്ന് ഉറപ്പുള്ളതിനാൽ പിതാവ് തന്നെ മകളെ അബോധാവസ്ഥയിലാക്കിയതാണെന്നുള്ള സംശയവും ബലപ്പെട്ടു.

പിന്നീട് കോടതിയിലെത്തുംമുൻപ് പിതാവ് സജു ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് മകൾക്ക് വാക്കു നൽകി. കോടതിയിൽ എതിർത്ത് പറഞ്ഞാൽ താൻ അകത്തു പോകുമെന്നും അറിയിച്ചു. ഇതോടെ പിതാവിനൊപ്പം പോയാൽ മതിയെന്ന് ശിവകാമി കോടതിയിൽ പറഞ്ഞു. വീട്ടിൽ തിരികെ എത്തിയപ്പോഴേക്കും പിതാവ് പറഞ്ഞ വാക്കിൽ നിന്നും പിന്മാറി. ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാൽ ശിവകാമി തയ്യാറായില്ല. വീട്ടുകാരുടെ നീരിക്ഷണത്തിൽ ഒരു വർഷത്തോളം ശിവകാമി വീട്ടു തടങ്കലിലായിരുന്നു. എന്നാൽ ഇതിനിടയിൽ ശ്രീശാന്തിനെ ബന്ധപ്പെട്ട് തന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും കൊണ്ടു പോകണം എന്ന് ശിവകാമി അറിയിച്ചു. ഇതേ തുടർന്ന് ജൂണിൽ ശിവകാമിയെ രഹസ്യമായി കൂട്ടിക്കൊണ്ടു വരികയും പിന്നീട് വിവാഹം നിയമ പ്രകാരം രജിസ്റ്റർ ചെയ്യുകയുമായിരുന്നു.