- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവരെ മാത്രം ക്ലാസുകൾ നടക്കുന്നതുകൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി സജീവം; ഡിസംബറിൽ തന്നെ വൈകുന്നേരം വരെ സ്‌കൂൾ സമയം നീട്ടാൻ സാധ്യത; കോവിഡിനെ വിദ്യാഭ്യാസ വകുപ്പ് അതിജീവിച്ചെന്ന വിലയിരുത്തലിലേക്ക് സർക്കാർ
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പും കോവിഡിനെ അതിജീവിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിലെ സ്‌കൂൾ തുറക്കൽ വിജയമായി എന്നാണ് വിലയിരുത്തൽ. ഇനി എല്ലാം സാധാരണ പോലെ. സംസ്ഥാനത്ത് സ്‌കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ.
ഡിസംബറോടു കൂടി അധ്യയനം വൈകുന്നേരം വരെ നടത്തും. നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുകയും ചെയ്യും. ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക് പൂർണ്ണമായും ക്ലാസുകൾ മാറും. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തോടെ എല്ലാം നടപ്പാക്കാനാണ് തീരുമാനം. ക്രിസ്മസ് അവധിക്ക് ശേഷം പുതുവർഷത്തിൽ ക്ലാസ് തുടക്കുമ്പോൾ കോവിഡിന് മുമ്പത്തെ അവസ്ഥയിൽ ക്ലാസുകൾ എത്താനാണ് സാധ്യത.
മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സ്‌കൂൾ മാറ്റത്തിലെ കാര്യങ്ങൾ ചർച്ചചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തിൽ തുടർചർച്ചകൾ നടക്കും. ഉച്ചവരെ മാത്രം ക്ലാസുകൾ നടക്കുന്നതുകൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനൊപ്പം കോവിഡ് വലിയ പ്രതിസന്ധിയായി കാണുന്നതുമില്ല. ഈ സാഹചര്യത്തിലാണ് വൈകുന്നേരത്തേക്ക് ക്ലാസുകൾ നീട്ടാനുള്ള തീരുമാനം.
അതിനിടെ പ്ലസ്വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടലാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഹയർ സെക്കൻഡറി വിഭാഗമാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.
നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തിൽ എത്ര പുതിയ ബാച്ചുകൾ വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മലപ്പുറത്ത് 5491 പേർക്കും പാലക്കാട് 2002 പേർക്കും കോഴിക്കോട് 2202 പേർക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ