- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ് വേർഡിൽ സ്പെഷ്യൽ കാരക്ടർ നൽകിയവർക്ക് ലോഗിൻ ബുദ്ധിമുട്ട്; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ വൈബ്സൈറ്റിൽ കയറാനാകാതെ ഒട്ടേറെ വിദ്യാർത്ഥികൾ; സി ബി എസ് ഇ ഫലം വരാത്തതും വിദ്യാർത്ഥികളെ കുഴക്കുന്നു; മന്ത്രി ശിവൻകുട്ടിക്ക് മുമ്പിൽ പരാതി പ്രവാഹം
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ വൈബ്സൈറ്റിൽ കയറാനാകാതെ ഒട്ടേറെ വിദ്യാർത്ഥികൾ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഫലം വരാത്തതിനു പുറമേ സോഫ്റ്റ്വേറിലെ സാങ്കേതികതടസം കൂടിയായതോടെ പലരും വിഷമവൃത്തത്തിൽ. ഐസിഎസ് ഇ ഫലം ഇന്ന് പുറത്തു വരും. എന്നാൽ സിബി എസ് ഇ ഫലത്തിൽ ആർക്കും ഒരു വ്യക്തതയില്ല. ഇതെല്ലാം പരാതിയായ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ മുമ്പിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടണമെന്നതാണ് ആവശ്യം.
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുമെന്നാണ് അറിയിപ്പ്. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഈ സംവിധാനമാണ് പ്രശ്നമാകുന്നത്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. 10-ാം ക്ലാസിൽ നേടിയ മാർക്കുകൾ പ്രത്യേക രീതിയിൽ കൂട്ടിയെടുക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സെലക്ഷനും അലോട്ട്മെന്റും നടത്തും.
വെബ്സൈറ്റിൽ അപേക്ഷകൻ പാസ്വേഡ് സെറ്റ് ചെയ്താണ് കയറേണ്ടത്. ഇങ്ങനെ സെറ്റ് ചെയ്യുമ്പോൾ അതിൽ സ്പെഷൽ കാരക്ടർ ഉൾപ്പെടുത്തിയവർക്കാണ് പണി കിട്ടിയത്. സ്പെഷൽ കാരക്ടർ ചേർത്തുനൽകിയാലും പാസ്വേഡ് വെബ്സൈറ്റ് അംഗീകരിക്കും. പക്ഷേ ഈ പാസ്വേഡ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ശരിക്കും പണി കിട്ടുന്നത്. എന്താണ് പ്രശ്നമെന്ന് അറിയാതെ പലരും കുഴങ്ങി. അക്ഷയ സെന്ററുകളിൽ ചെന്നവരിലും പ്രശ്നമായി. പരാതികളുമായി ബന്ധപ്പെട്ടവരെ സമീപിച്ചപ്പോഴാണ് സ്പെഷൽ കാരക്ടറുകൾ ഒഴിവാക്കി പാസ്വേർഡ് സെറ്റ് ചെയ്യാനുള്ള മറുപടി കിട്ടുന്നത്. അങ്ങനെ ചെയ്തവർക്ക് അപേക്ഷ സമർപ്പിക്കാനായി.
അതുകൊണ്ട് തന്നെ ഇനി ഒറ്റ ദിവസം മാത്രം ശേഷിക്കെ, സമയം നീട്ടി നൽകണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്. പ്രവേശനത്തിന് സമയക്രമം പ്രഖ്യാപിച്ച് രണ്ടു ദിവസം വൈകിയാണ് അപേക്ഷയ്ക്കുള്ള വിൻഡോ തുറന്നുകൊടുത്തത്. അന്നും സാങ്കേതിക പ്രശ്നമായിരുന്നു തടസ്സം. ഇതോടെ പ്ലസ് വൺ പ്രവേശനം എത് രീതിയിൽ തീരുമെന്ന് ആർക്കും പിടിത്തമില്ലാത്ത അവസ്ഥ വന്നു.
ജില്ലകളിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മൂന്ന് ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും പ്ലസ് വൺ സീറ്റ് വർധന അനുവദിച്ചുള്ള ഉത്തരവിറങ്ങിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറികളിലാണ് 30 ശതമാനം സീറ്റ് വർധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വർധിപ്പിക്കും.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിലാണ് 20 ശതമാനം സീറ്റ് വർധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 79 ഉൾപ്പെടെ 81 ബാച്ചുകൾ ഈ വർഷവും തുടരാനും സർക്കാർ ഉത്തരവിലൂടെ അനുമതിയായി.
അപേക്ഷ എങ്ങനെ
www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തുക. തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക. ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം. ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്വേഡ് നൽകി വേണം അപേക്ഷ, ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ. യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദ്ദേശങ്ങളുണ്ട്.
എട്ടാം അനുബന്ധത്തിൽ ഫോമിന്റെ മാതൃകയും. അപേക്ഷയിൽ കാണിക്കേണ്ട യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള രേഖകൾ കയ്യിൽ കരുതണം. നമ്പറും തീയതിയും മറ്റും അപേക്ഷയിൽ ചേർക്കേണ്ടിവരും. സൈറ്റിൽ നിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക. സാധാരണഗതിയിൽ രേഖകളൊന്നും അപ്ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സെലക്ഷൻ. അപേക്ഷയിൽ തെറ്റു വരാതെ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരും, 10-ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളിൽപ്പെട്ട എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ