- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്കൊപ്പം ചോദ്യം ചെയ്തപ്പോഴും ആരോപണങ്ങൾ എല്ലാം നിഷേധിച്ചു; ലോക്കറിലെ പണത്തിൽ തനിക്ക് പങ്കില്ലെന്നും വിശദീകരിക്കൽ; കടത്തിലെ പ്രതികൾ ഉപയോഗിച്ചത് തന്റെ മദ്യപാനമെന്ന ദുശീലമെന്ന നിലപാടിൽ ഉറച്ച് മുൻ ഐടി സെക്രട്ടറി; സ്വർണക്കടത്തുകാരെ മനസിലാക്കാൻ കഴിയാതെ പോയതു വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടു നിന്നിട്ടില്ലെന്നും ശിവശങ്കർ എൻഫോഴ്സ്മെന്റിന് മുന്നിലും; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന
കൊച്ചി: സ്വർണക്കടത്തുകേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കർ ചോദ്യം ചെയ്യലിനുശേഷം എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ നിന്ന് വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഇന്നലെ അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നേരത്തേ നോട്ടിസ് നൽകിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതൽ അറിയാനാണു ചോദ്യം ചെയ്യുന്നതെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
ഇ.ഡി കസ്റ്റഡിയിലുള്ള സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർക്കൊപ്പം ഇരുത്തിയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്. അഞ്ചുമണിവരെ മാത്രമെ ഇവരെ ചോദ്യം ചെയ്യാവൂ എന്ന് കോടതി നിർദ്ദേശമുള്ളതിനാൽ അഞ്ചിനുശേഷം ശിവശങ്കറെ തനിച്ചിരുത്തിയാണ് വിവരങ്ങൾ ആരാഞ്ഞത്. സ്വപ്ന സുരേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഏറെ നിർണ്ണായകമായ പല വിവരങ്ങളും ശിവശങ്കറിൽ നിന്ന് കിട്ടിയെന്നാണ് സൂചന. എന്നാൽ ആരോപണങ്ങൾ എല്ലാം ശിവശങ്കർ നിഷേധിക്കുകയും ചെയ്തു.
വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറയുന്നത്.. മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടർ നടപടി. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്.രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്റ് അക്കൗണ്ടാണിത്. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അതിനുള്ളിൽ വച്ച പണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. തനിക്ക് ആ പണത്തിൽ പങ്കില്ലെന്നും വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ളാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി. ഇതേ നിലപാടുകൾ വീണ്ടും ആവർത്തിച്ചു. സ്വപ്‌നയും സരിത്തും സന്ദീപും കൊച്ചിയിൽ കസ്റ്റഡിയിൽ ആയതിനാലാണ് ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്.
സ്വർണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്നു മനസിലാക്കാൻ കഴിയാതെ പോയതു വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു. തന്നെ കേസിൽ കുടുക്കാൻ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കർ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വിഷമത്തോടെ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
മദ്യപാനം അടക്കമുള്ള ശീലങ്ങൾ പ്രതികൾ മുതലെടുത്തതായാണ് ശിവശങ്കർ പറഞ്ഞത്. ഉന്നതബന്ധം സ്ഥാപിക്കാനുള്ള പ്രതികളുടെ നീക്കത്തിന്റെ ഭാഗമായാണ് പാർട്ടികളെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു. ഇതെല്ലാം വീണ്ടും ആവർത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.30 ന് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയ അദ്ദേഹത്തെ രാത്രി ഒൻപതുവരെ ചോദ്യംചെയ്തു. ഹവാല ഇടപാടുകളുമായി സ്വപ്നയുടെ ബന്ധത്തെപ്പറ്റി ശിവശങ്കറിന് ധാരണയുണ്ടായിരുന്നുവോ, ഫെമ നിയമപ്രകാരം വിദേശനാണയ വിനിമയ ചട്ടലംഘനമുണ്ടോ സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയുമോ തുടങ്ങിയ കാര്യങ്ങളാണ് അധികൃതർ ആരാഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
എൻഫോഴ്സ്മെന്റ് നേരത്തെയും ശിവശങ്കറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അഞ്ചര മണിക്കൂർ നീണ്ട മൊഴിയെടുക്കലിന് ശേഷം ശിവശങ്കർ തിരുവനന്തപുരത്തേക്ക് തിരിച്ചു. വരും ദിവസങ്ങളിൽ അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തും എന്നാണ് സൂചന. അതിനിടെ വിദേശ നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാരടക്കം ഉദ്യോഗസ്ഥർ അനധികൃത ബന്ധം സൂക്ഷിക്കുന്നതായി സർക്കാരിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തു വന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ നവംബർ 20-ന് ഉത്തരവാണ് വലിയ തെളിവ്. നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാർ ബന്ധം സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് സർക്കുലർ ഇറക്കിയത്.
ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കുലർ. മുതിർന്ന ഉദ്യോഗസ്ഥർ, വകുപ്പ് തലവന്മാർ, തുടങ്ങിയവർ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്. വിദേശ യനതന്ത പ്രതിനിധികളുമായി സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിട്ട് ബന്ധപ്പെടാനാകില്ല. ഏതെങ്കിലും നയതന്ത്ര പ്രതിനിധി ബന്ധപ്പെട്ടാൽ അക്കാര്യം വകുപ്പ് തലവന്മാരുടെയോ ചീഫ്‌സെക്രട്ടറിയുടെയോ ശ്രദ്ധയിൽ പെടുത്തണം. സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഇടപെടാവൂ. വകുപ്പ് മേധാവിമാർ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. അങ്ങനെ ഇടപെടലുകൾ ഉണ്ടെങ്കിൽ അക്കാര്യത്തിൽ അന്വേഷണവും വിലിരുത്തലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കുലർ. മുതിർന്ന ഉദ്യോഗസ്ഥർ, വകുപ്പ് തലവന്മാർ, തുടങ്ങിയവർ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്. വിദേശ യനതന്ത പ്രതിനിധികളുമായി സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിട്ട് ബന്ധപ്പെടാനാകില്ല. ഏതെങ്കിലും നയതന്ത്ര പ്രതിനിധി ബന്ധപ്പെട്ടാൽ അക്കാര്യം വകുപ്പ് തലവന്മാരുടെയോ ചീഫ്‌സെക്രട്ടറിയുടെയോ ശ്രദ്ധയിൽ പെടുത്തണം. സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഇടപെടാവൂ. വകുപ്പ് മേധാവിമാർ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. അങ്ങനെ ഇടപെടലുകൾ ഉണ്ടെങ്കിൽ അക്കാര്യത്തിൽ അന്വേഷണവും വിലിരുത്തലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ