- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ തുടങ്ങാനിരിക്കേ ശിവശങ്കർ ആത്മകഥ പുറത്തിറക്കിയത് ജാമ്യവ്യവസ്ഥാ ലംഘനം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി കോടതിയെ സമീപിച്ചേക്കും; ആശ്വത്ഥാമാവ് വെറുമൊരു ആനയല്ലെന്ന് വ്യക്തമാകുമ്പോൾ
കൊച്ചി: രഹസ്യമൊഴിയായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വഴി വെളിപ്പെടുത്തിയതുവഴി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ലക്ഷ്യമിടുന്നത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയാണ്. കേസിൽ മാർച്ചിൽ വിചാരണ തുടങ്ങും. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതയും കേന്ദ്ര ഏജൻസികൾ തേടുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനാണ് ശിവശങ്കർ പുസ്തകം എഴുതിയതെന്ന് സ്ഥാപിക്കാനാകും ശ്രമം. കേന്ദ്ര ഏജൻസികൾക്കെതിരായ വ്യാജ ആരോപണങ്ങൾ ചർച്ചയാക്കാനാകും ശ്രമിക്കുക. ഇതിനുള്ള നിയമോപദേശം ഇഡി തേടിയെന്നാണ് സൂചന.
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ എൻഐഎയും ഗൗരവത്തോടെ കാണുമോ എന്നതാണ് നിർണ്ണായകം. എൻഐഎയെ കൊണ്ടു വന്നത് ശിവശങ്കറിന്റെ ഗൂഢാലോചനയാണെന്ന സ്വപ്‌ന ആരോപിച്ചിരുന്നു. കസ്റ്റംസും ഇഡിയുമാണ് ഈ കേസ് അന്വേഷിച്ചത്. ഇതിന് പിന്നാലെ എൻഐഎ എത്തി. ഇഡിയും കസ്റ്റംസും കേസുകളിൽ ശിവശങ്കറിനെ പ്രതിയാക്കി. എന്നാൽ എൻഐഎയുടെ കേസിൽ ശിവശങ്കർ പ്രതിയായില്ല. സ്വപ്‌നാ സുരേഷ് അടക്കം പലതും തുറന്നു പറഞ്ഞിട്ടും എൻഐഎ ശിവശങ്കറിനെ വെറുതെ വിട്ടു. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾക്ക് ചർച്ചാ സാധ്യതകൾ കൂടുന്നത്. തെളിവുകൾ ഏറെയുണ്ടായിട്ടും എൻഐഎ എന്തുകൊണ്ട് ശിവശങ്കറിനെ വെറുതെ വിട്ടുവെന്നതാണ് ഉയരുന്ന ചോദ്യം.
സ്വപ്നയുടെയും ശിവശങ്കറിന്റെയും വാട്സാപ്പ് ചാറ്റുകൾ നേരത്തേതന്നെ മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. അപ്പോഴൊക്കെ കേസിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കിയേക്കും എന്ന സൂചനയുണ്ടായിരുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിന് കമ്മിഷനായി ലഭിച്ചതാണെന്നാണ് ഇ.ഡി. ആരോപിച്ചിരുന്നത്. ഇത് സ്വപ്ന ആവർത്തിക്കുന്നു. ശിവശങ്കറിന് ഇത് തിരിച്ചടിയായേക്കും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ തുടങ്ങാനിരിക്കേ ശിവശങ്കർ ആത്മകഥ പുറത്തിറക്കിയതിനെ ജാമ്യവ്യവസ്ഥാ ലംഘനമായി കാണിച്ച് കോടതിയെ സമീപിക്കാനുള്ള സാധ്യതയും ഏജൻസികൾ തേടുന്നുണ്ട്.
ഇനി കത്താനിടയില്ലെന്ന് പ്രതിപക്ഷംപോലും കണക്കാക്കിയ സ്വർണക്കടത്ത് കേസ് സർക്കാരിനെ വീണ്ടും തിരിഞ്ഞുകുത്തുന്നു. മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരേ സ്വപ്നാ സുരേഷ് രംഗത്തെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. വീണുകിട്ടിയ ഊർജം ആയുധമാക്കി പ്രതിപക്ഷം ഉണർന്നെണീറ്റു.
സ്വർണക്കടത്ത് കേസിനു പിന്നിലെ 'ഗൂഢാലോചന' നിഴലായി നിർത്തി ഒരു വെള്ളപൂശലാണ് ശിവശങ്കർ പുസ്തകത്തിലൂടെ നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ലക്ഷ്യമെന്നും താനതിന്റെ ഇരയാണെന്നും പറഞ്ഞും പറയാതെയും ബോധ്യപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇത് സർക്കാരിനെ സന്തോഷിപ്പിക്കുന്നതും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന സിപിഎം. വാദത്തെ ബലപ്പെടുത്തുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെ തുറന്നുപറച്ചിൽ സിപിഎം. സൈബറിടങ്ങൾ ഏറ്റെടുത്തു.
ഇതിന് മറുപടിയായി സ്വപ്ന എത്തുമെന്ന് ശിവശങ്കറും സർക്കാരും പ്രതീക്ഷിച്ചില്ല. പുസ്തകത്തിലെ ആരോപണത്തെക്കാൾ, വിശ്വസിച്ച് കൂടെനിർത്തുകയും തള്ളിപ്പറഞ്ഞ് വിശുദ്ധനാകുകയും ചെയ്ത ശിവശങ്കറിന്റെ മനോഭാവമാണ് സ്വപ്നയെ പ്രകോപിപ്പിച്ചത്. ശിവശങ്കറിന്റെ വാദങ്ങൾ ഒന്നൊന്നായി തെറ്റാണെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. ഇതിന് അനുബന്ധ കാര്യങ്ങൾകൂടി വിവരിച്ചതോടെ, അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലായി.
ശിവശങ്കറിന്റെ പുസ്തകം അനാവശ്യ വിവാദത്തിന് വഴിവെച്ചുവെന്ന് സിപിഎമ്മിൽ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. പഴയ ആരോപണങ്ങളെന്ന നിലയിൽ സ്വപ്ന ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അവഗണിക്കാനാണു സാധ്യത.
മറുനാടന് മലയാളി ബ്യൂറോ