തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതി കേസിൽ ചോദ്യം ചെയ്യൽ നേരിടാൻ ശിവശങ്കർ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. എയർ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നിലും ശിവശങ്കർ തന്നെയെന്ന് വിശ്വസിക്കുന്നതായി സ്വപ്ന സുരേഷ് ആരോപിച്ചു.

ഈ കേസിൽ നിയമപോരാട്ടത്തിന് ഒടുവിൽ 2020 ൽ സ്വപ്നയെ ആദ്യമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ 2 ഉന്നതരുടെ വിളിയെത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അതോടെ സ്വപ്നയെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ചു സ്വപ്ന അതിനെല്ലാം തടയിട്ടുവെന്നും ആക്ഷേപം എത്തി. ഒടുവിൽ സ്വർണക്കടത്ത് കേസിൽ പ്രതിയായപ്പോഴാണു തിടുക്കപ്പെട്ടു സ്വപ്നയെ രണ്ടാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ദിവസം കുറ്റപത്രവും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെതിരെ സ്വപ്‌ന വീണ്ടും രംഗത്തു വരുന്നത്.

നേരത്തെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്ന പ്രതിയായ എയർ ഇന്ത്യ സാറ്റ്‌സ് കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ഇടപെടലുകൾ വെളിപ്പെടുത്തുന്ന പുതിയ ആരോപണം സ്വപ്ന നടത്തിയത്. നിലവിൽ ഈ കേസിലോ സ്വപ്ന ആരോപിച്ച മറ്റ് കേസുകളിലോ ശിവശങ്കറിനെതിരായ അന്വേഷണം സംസ്ഥാന ഏജൻസികൾ നടത്തിയിട്ടില്ല. എയർ എന്ത്യ സ്റ്റാറ്റ്‌സ് എച്ച് ആർ മാനേജരായിരുന്ന സ്വപ്നയാണ് അന്ന് വ്യാജപരാതിയുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആകെ പത്ത് പ്രതികളാണ് കേസിലുള്ളത്. എയർ ഇന്ത്യ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് ഒന്നാം പ്രതി.

പദവിയും അധികാരവുമുള്ളവർക്ക് എതിരെ താൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് െ്രൈകംബ്രാഞ്ച് ചാർജ് ഷീറ്റ് തയ്യാറാക്കിയതെന്ന് സ്വപ്ന പറഞ്ഞു. സത്യം പറഞ്ഞതിന്റെ പ്രതികാരമാണ് പെട്ടെന്നുള്ള ക്രൈംബ്രാഞ്ച് നടപടി. മുൻപ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ശിവശങ്കർ ഇടപെട്ടിരുന്നതായും അധികാരം ഉപയോഗിച്ച് തന്നെ ആക്രമിക്കാനാണ് ഇപ്പോൾ ശിവശങ്കർ ശ്രമിക്കുന്നതെന്ന് കരുതുന്നെന്നും സ്വപ്ന അഭിപ്രായപ്പെട്ടു. തനിക്കെതിരായ എല്ലാം നടപടികളും നേരിടുക തന്നെ ചെയ്യുമെന്ന് സ്വപ്ന അറിയിച്ചു.

തിടുക്കത്തിൽ കുറ്റപത്രം നൽകിയതിന് പിന്നിൽ ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവർ പറഞ്ഞു.

താൻ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാൽ എന്തും നേരിടാൻ തയ്യാറാണെന്നും സ്വപ്ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങൾക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം ആര് നിൽക്കും നിൽക്കില്ല എന്നത് തന്റെ വിഷയമല്ല. തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു എന്നേയുള്ളൂ. അത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ്.

ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നെങ്കിൽ ആക്രമണം, അല്ലെങ്കിൽ മരണം അല്ലെങ്കിൽ ജയിൽ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. പ്രതികരിച്ചിരിക്കുന്നത് വളരെ ശക്തനായ, സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരേയാണ്. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും എന്നറിയില്ല. എന്താണോ സംഭവിക്കാൻ പോകുന്നത് അതിനെ നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിൽ സ്വപ്ന സുരേഷ് അടക്കം പത്ത് പ്രതികൾക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സാറ്റ്‌സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.