- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവശങ്കറിന്റെ മൊഴിയും പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ; മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞതോടെ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വർണ്ണക്കടത്തും സ്വപ്നയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശിവശങ്കർ കൈമാറിയത് നിർണ്ണായകമായെന്നും വിലയിരുത്തൽ; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ സംശയത്തോടെ കണ്ട് എൻഐഎ; സിസി ടിവിയിൽ നിലപാട് കടുപ്പിക്കും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയും പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞതോടെ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വർണ്ണക്കടത്തും സ്വപ്നയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശിവശങ്കർ എൻഐഎയ്ക്ക് നൽകിയിരുന്നു. പ്രോട്ടോക്കോൾ ഓഫീസിലെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് വ്യക്തമായത് ശിവശങ്കറിന്റെ മൊഴികളിൽ നിന്നാണ്.
ശിവശങ്കറിന്റെ മൊഴികൾ വന്നതോടെയാണ് പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യമുണ്ടെന്നു എൻഐഎ സർക്കാരിനോട് ആവശ്യപ്പെട്ടത്. തന്നെ കാണാൻ മാത്രമല്ല താൻ ഇല്ലാത്ത സമയത്തും സ്വപ്നയും സരിത്തും മുഖ്യമന്ത്രിയെ കാണാൻ വന്നിട്ടുണ്ടെന്നും അതാരെ കാണാനാണ് വന്നത് എന്ന കാര്യത്തിൽ അന്വേഷണം വേണം എന്നുമാണ് ശിവശങ്കർ എൻഐഎയ്ക്ക് നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടത്. ഇത് പിണറായി സർക്കാരിനെ അസ്വസ്ഥതപ്പെടുത്തിയ ഒരു മൊഴിയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനിലേക്കും പ്രോട്ടോക്കോൾ ഓഫീസിലെക്കും സിസിടിവി ദൃശ്യങ്ങളിലേക്കും അന്വേഷണ ഏജൻസികളുടെ ശ്രദ്ധ എത്തിയത്.
വിദേശത്ത് നിന്നും ഡിപ്ലോമാറ്റിക് ബാഗ് എത്തുമ്പോൾ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ച ശേഷം ബാഗേജ് വിട്ടുകിട്ടുന്നതിനായി അനുമതി വാങ്ങണമെന്നാണ് നിലവിലെ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വർണ്ണക്കടത്ത് അന്വേഷിക്കുമ്പോൾ പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾക്ക് അതീവ പ്രാധാന്യമുണ്ട്. സ്വർണക്കടത്ത്, മതഗ്രന്ഥ വിവാദം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പ്രോട്ടോക്കോൾ ഓഫീസിലാണ് ഉള്ളത്. വിദേശ കോൺസുലേറ്റുകൾക്ക് നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ കൊണ്ടു വരുന്നതിന് അനുമതി നൽകുന്ന രേഖകൾ ഈ ഓഫീസിലുണ്ട്.
ഫയലുകൾ ഓൺലൈൻ ആക്കിയെങ്കിലും പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പല ഫയലുകളും ഇപ്പോഴും കടലാസിലാണ്. സ്വപ്നയുടെ സന്ദർശനവും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകളിലുണ്ട് എന്ന് അന്വേഷണ ഏജൻസികൾക്ക് അറിയാം. പ്രോട്ടോക്കോൾ ഓഫീസിലെ ജീവനക്കാർക്കൊപ്പമുള്ള സ്വപ്നയുടെ ഫോട്ടോകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനിടെ നടന്നിട്ടുള്ള എല്ലാത്തരം കത്ത് ഇടപാടുകളുടെ വിവരങ്ങളും ഹാജരാക്കാനാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് എൻഐഎ നിർദ്ദേശം നൽകിയത്. ഇതിന്നിടയിലാണ് ഇതേ ഓഫീസിൽ തീപ്പിടുത്തം വന്നത്.
സ്വർണ്ണക്കടത്തിൽ പ്രോട്ടോക്കോൾ ഓഫീസറിൽ നിന്ന് എൻഐഎ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ പ്രോട്ടോക്കോൾ ഓഫീസറെ എൻഐഎ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് വിളിപ്പിച്ച് ചില രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തതിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക ഫയലുകൾ കത്തി നശിച്ചതായാണ് എൻഐഎ സംശയിക്കുന്നത്. ഒന്നുകിൽ ഫയലുകൾ എടുത്ത് മാറ്റിയിട്ടുണ്ടാകണം. അല്ലെങ്കിൽ കത്തിയതിൽ ഈ ഫയലുകളും ഉൾപ്പെട്ടിട്ടുണ്ടാകും എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്.
പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴികളും സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എൻഐഎയ്ക്ക് മുന്നിൽ അറിയാവുന്ന വിവരങ്ങൾ മുഴുവൻ പ്രോട്ടോക്കോൾ ഓഫീസർ നൽകിയിട്ടുമുണ്ട്. അടുത്ത കാലത്ത് തിരുവനന്തപുരം വഴി വന്നിട്ടുള്ള ഡിപ്ലോമാറ്റിക്ബാഗുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് സ,സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറോട് എൻഐഎ തിരക്കുന്നത്. രണ്ട് വർഷത്തിനിടെ 11 തവണ ഡിപ്ലോമാറ്റിക് ബാഗ് എത്തിയെന്നാണ് പ്രോട്ടോക്കോൾ ഓഫീസർ മൊഴി നൽകിയത്. 2016 മുതൽ 2018 വരെയുള്ള കാലയളവിനുള്ളിലാണ് ഇത്രയും തവണ ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. എന്നാൽ കസ്റ്റംസ് രേഖകൾ പ്രകാരം ലോക്ക്ഡൗൺ കാലത്ത് മാത്രം 23 തവണ യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് എത്തിയിട്ടുണ്ട്. എന്നാൽ ഈ ബാഗേജുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ യുഎഇ കോൺസുലേറ്റ് പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചിട്ടില്ല. അത് എന്തുകൊണ്ട് എന്ന് പരിശോധിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നത്. ഈ രീതിയിലുള്ള അന്വേഷണം തടസപ്പെടുത്തുന്ന ഒരു നീക്കമാണ് ഫയലുകൾ കത്തിയതിലൂടെ വന്നിരിക്കുന്നത്.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തത്തിൽ നശിച്ചത് തീർത്തും ദുരൂഹമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണ്ണറെ നേരിട്ട് കണ്ടു വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ ബന്ധപ്പെട്ട ഫയലുകൾ കത്തി നശിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നത് ആശാസ്യകരമല്ലന്ന് ഗവർണ്ണറെ ബോധ്യപ്പെടുത്തിയതായാണ് ചെന്നിത്തല പറഞ്ഞത്.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, എൻ ഐ എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരാൻ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകൾ എല്ലാം നശിപ്പിച്ചത്. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന് ഈ നിലയിൽ ഔദ്യോഗിക ഫയലുകൾ നശിപ്പിക്കാൻ കഴിയുമോ. ഇതെല്ലാം വളരെ ഗൗരവമുള്ള പ്രശ്നങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും തീവെട്ടിക്കൊള്ളയും പുറത്ത് വരുമെന്ന് പേടിച്ചാണ് ഈ ഫയലുകളൊക്കെ നശിപ്പിച്ചത്. സെക്രട്ടറിയേറ്റിലെയും, ക്ളിഫ് ഹൗസിലെയും സിസി ടി വി കാമറകൾ ഇടിവെട്ടിപ്പോയി എന്നാണ് പറയുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട റെഡ് ക്രെസന്റും സംസ്ഥാന സർക്കാരുമായി ഒപ്പുവച്ച എംഒ യുവിന്റെ ഒരു കോപ്പി ചോദിച്ചിട്ട് മൂന്നാഴ്ചയാകുന്നു. ഇതുവരെ സർക്കാർ തന്നില്ല.
എല്ലാം മറച്ച് വയ്കുന്ന ഭരണഘനാപരമായ പ്രവർത്തിക്കാത്ത ഒരു സർക്കാരാണിത്. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ദീർഘമായി ഗവർണ്ണറോട് സംസാരിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയും തീപ്പിടുത്തത്തിൽ അട്ടിമറി ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഉണ്ടായത് സ്വാഭാവികമായ തീപ്പിടിത്തമല്ലെന്നും ആസൂത്രിതമാണെന്നുമാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചത്. പ്രോട്ടോക്കോൾവിഭാഗത്തിലെ ചില ഉദ്യോഗസ്ഥന്മാർക്ക് കോവിഡ് പോസിറ്റീവ് ആയി.ട്ടുണ്ട്. ഇതേ തുടർന്ന് പ്രോട്ടോക്കോൾ ഓഫീസ് അടച്ചു എന്നാണ് സർക്കാരിന്റെ ഭാഷ്യം. പ്രോട്ടോക്കോൾ ഓഫീസ് അടയ്ക്കുന്ന കാര്യം മാധ്യമങ്ങൾക്ക് വാർത്തയായി നൽകിയിരുന്നോ? പ്രോട്ടോക്കോൾ ഓഫീസ് അടച്ചാൽ തന്നെ, സിപിഎം. അനുഭാവികളായ രണ്ട് ഉദ്യോഗസ്ഥർ മാത്രം അവിടെ എങ്ങനെ എത്തി എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് വിവാധ അഗ്നിബാധ വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള നോർത്ത് സാന്റ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറുടെയും മറ്റും ഓഫീസുള്ള പൊതുഭരണ വകുപ്പ് (ജിഎഡി) പൊളിറ്റിക്കൽ വിഭാഗത്തിൽ വൈകിട്ട് 4.45 നായിരുന്നു തീപിടിത്തം. 5 കെട്ട് ഫയലുകളും ഉപകരണങ്ങളും കത്തിയെന്നാണ് പ്രാഥമിക വിവരം. പ്രോട്ടോക്കോൾ ഓഫീസിലെ ഇലക്ട്രിക്ക് വയറിംഗുള്ള ഭാഗത്തെ ഭിത്തിയിൽ നിന്നാണ് തീയുടെ തുടക്കമെന്നാണ് നിഗമനം. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം പ്രോട്ടോക്കോൾ ഓഫീസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.