കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷിന്റെ തുറന്നു പറച്ചിൽ എം ശിവശങ്കറിന് പണിയാകും. സ്വപ്‌നാ സുരേഷിന് ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് നൽകി. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ അറിയിച്ചാണ് നോട്ടീസ്. എന്നാൽ 15ന് എത്താമെന്നാണ് സ്വപ്‌ന അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്. സ്വപ്‌നയുടെ മൊഴി എടുത്താൽ അശ്വത്ഥാമാവ് എന്ന ആനയിലേക്ക് അന്വേഷണം എത്തും.

എം. ശിവശങ്കർ മുമ്പ് മൊഴി നൽകിയതിൽനിന്ന് വിരുദ്ധമായ എന്തെങ്കിലും വിവരങ്ങൾ സ്വപ്നയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. സ്വപ്‌നയുടെ മൊഴി എടുത്താൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി. വിളിപ്പിച്ചേക്കും. ശിവശങ്കർ തന്റെ പുസ്തകത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ ഇ.ഡി. സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ സ്വപ്നയുടെ ഭാഗത്തുനിന്ന് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ശബ്ദരേഖയിലും വ്യക്തത വരുത്തും. ഈ കേസിൽ സിബിഐ അന്വേഷണമാണ് ഇഡിയുടെ ലക്ഷ്യം.

സ്വപ്‌നയുടേയും ശിവശങ്കറിന്റേയും മൊഴി രേഖപ്പെടുത്തിയ ശേഷം കേന്ദ്ര സർക്കാരിനെ ഇഡി കാര്യങ്ങൾ ധരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയേയും ബോധിപ്പിക്കും. അതിന് ശേഷം ശബ്ദ രേഖയിൽ സിബിഐയെ എത്തിക്കാനാണ് നീക്കം. സ്വർണക്കടത്ത് കേസിൽ വിചാരണ നടപടിയിലേക്ക് കടക്കുന്നതിനായുള്ള അവസാന തയ്യാറെടുപ്പിലാണ് ഇ.ഡി. കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. ഇത് ഇ.ഡി.ക്ക് തിരിച്ചടിയായിരുന്നു. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസു പോലും എടുത്തു. എന്നാൽ ഇതിലെ ഗൂഢാലോചന സ്വപ്‌ന പരസ്യമാക്കി. ശിവശങ്കർ ആവശ്യപ്പെട്ടിട്ടെന്ന് പറഞ്ഞ് വനിതാ പൊലീസുകാരിയാണ് അത് ചെയ്തതെന്നാണ് ആരോപണം.

എന്നാൽ, ഫോൺ നൽകി ശബ്ദം റെക്കോഡ് ചെയ്യിപ്പിച്ചെടുത്തത് പൊലീസുകാരിയാണെന്നും ഇതിനുപിന്നിൽ ശിവശങ്കറാണെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. അന്വേഷണ ഏജൻസികൾ എന്നോട് എന്താണ് ചോദിക്കുന്നതെന്ന് അറിയില്ല. ഇ മെയിലിലെ ടെക്നിക്കൽ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. ശിവശങ്കർ എന്ന വ്യക്തിയെക്കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രതികരണവുമായിട്ടാണ് ഞാൻ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ശിവശങ്കറിനെ പേടിയില്ലെന്നും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലന്നും സ്വപ്ന സുരേഷ് പറഞ്ഞു.

കേസിന്റെ ഭാഗമായാണോ അതോ തന്റെ വെളിപ്പെടുത്തലുകളുടെ ഭാഗമായാണോ ഇ ഡി ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം അതിനെക്കുറിച്ച് വ്യക്തമാക്കാം. ഞാനൊരു കുറ്റവാളിയാണെന്ന കാര്യം മറക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എല്ലാ അന്വേഷണ ഏജൻസികളുമായും സഹകരിക്കും. താൻ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ പുറത്ത് വന്ന ശബ്ദരേഖയുടെ പുറകിൽ ശിവശങ്കർ ആണോ എന്ന് അറിയില്ല.

ശിവശങ്കർ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത് തെറ്റായ കാര്യങ്ങൾ ആണ്. അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങളെക്കുറിച്ചാണ് ഞാൻ പ്രതികരിച്ചത്. ജയിലിലായിരുന്നപ്പോഴും അല്ലാതെയും ഞാൻ നേരിട്ടതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളിലൂടെയുള്ള എന്റെ പ്രതികരണം-സ്വപ്‌ന പറയുന്നു.