- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസിന്റെ വഴിയെ ശിവശങ്കറും; ആത്മകഥ എഴുതിയത് അനുമതിയില്ലാതെ; ചട്ടപ്രകാരം അറിയിക്കാത്തതിനാൽ അനുമതി നൽകാതെ ചീഫ് സെക്രട്ടറി; 'അശ്വത്ഥാമാവ് വെറുമൊരു ആന' ശനിയാഴ്ച പുറത്തിറങ്ങാൻ സാധ്യതയില്ല; ശിവശങ്കറിനെതിരെ നടപടി വന്നേക്കും
തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കർ ആത്മകഥ എഴുതിയത് അനുമതിയില്ലാതെ. അഖിലേന്ത്യാ സിവിൽ സർവ്വീസ് ചട്ടപ്രകാരം പുസ്തക രചനയ്ക്ക് നേരത്തെ അനുമതി വാങ്ങണം. ചട്ടം ഏഴ് പ്രകാരം അനുമതി വാങ്ങാത്തതിനാലാണ് ചീഫ് സെക്രട്ടറി അനുമതി നൽകാതിരിക്കുന്നത്.'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കർ പുസ്തകം പുറത്തിറക്കുന്നത്. അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് പുസ്തകമെഴുതാൻ അനുമതി ആവശ്യമാണ്.
ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ പുതിയ സാഹചര്യത്തിൽ ശനിയാഴ്‌ച്ച പുറത്തിറങ്ങിയേക്കില്ല.
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രുപങ്ങളാൽ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുത്തി. പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിൽ അടക്കപ്പെട്ട എം ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു എന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം.
സ്വർണക്കടത്ത് കേസിലെ അനുഭവങ്ങളുമായാണ് ശിവശങ്കറിന്റെ പുസ്തകം. കസ്റ്റംസ് വിമാനത്താവളത്തിൽ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാൻ സ്വപ്ന തന്റെ സഹായം തേടിയെന്നും ശിവശങ്കർ സമ്മതിച്ചു. സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിക്കാൻ താൻ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും പുസ്തകത്തിൽ ശിവശങ്കർ തള്ളിക്കളയുന്നു. സ്വപ്നയുടെ നിയമനത്തിൽ താൻ ഇടപെട്ടിട്ടില്ല. ഐഫോൺ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിൽ പറയുന്നു.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങളാണ് ശിവശങ്കറിന്റെ ആത്മകഥയിൽ. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ ഒരധ്യായം ഇത്തവണ ഇറങ്ങിയ പച്ചക്കുതിര മാസികയിൽ ചേർത്തിട്ടുണ്ട്. കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ ഏജൻസികൾക്ക് മുകളിൽ സമ്മർദമുണ്ടായിരുന്നെന്ന് ഈ അധ്യായത്തിൽ പറയുന്നു.
ശക്തമായ തെളിവില്ലാതെ അതു ചെയ്യാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. തന്നിൽനിന്ന് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന മൊഴി ലഭിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സർക്കാർ സർവീസിൽ തിരിച്ചുകയറിയതിനുശേഷം ശിവശങ്കർ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ പറയുന്നു. സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം അക്കാലത്ത് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാനായി ഇടപെടണമെന്ന് സ്വപ്ന തന്നെ ഫോൺ ചെയ്തു പറഞ്ഞിരുന്നു. പിന്നീട് നേരിൽകണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. കസ്റ്റംസിന്റെ നടപടിക്രമങ്ങളിൽ ഇടപെടില്ലെന്ന് താൻ സ്വപ്നയോട് പറഞ്ഞു. അപ്പോഴും ലഗേജിൽ സ്വർണമായിരുന്നു എന്നകാര്യം അറിയില്ലായിരുന്നു. സ്വപ്നയ്ക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേട്ടപ്പോൾ താൻ അസ്ത്രപ്രജ്ഞനായി പോയി. തന്റെ ജന്മദിനത്തിൽ ഐഫോൺ സമ്മാനിച്ച് സ്വപ്ന ചതിക്കുകയായിരുന്നു. തന്റെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണമെന്ന് സ്വപ്ന ചോദിച്ചപ്പോൾ തന്റെ ചാറ്റേർഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. സ്വപ്നയുടെ സ്‌പേസ് പാർക്കിലെ നിയമനത്തിൽ ഇടപെട്ടിട്ടില്ല.
തന്റെ പേര് സ്വപ്ന ബയോഡേറ്റയിൽ റഫറൻസ് വച്ചത് താൻ അറിഞ്ഞിരുന്നില്ല. സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിച്ചത് കൺസൾട്ടൻസിയാണ്, സർക്കാരിന് അതിൽ ബന്ധമില്ല. സ്വപ്നയെ നിയമിച്ചത് ശിവശങ്കർ ഇടപെട്ടിട്ടാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. അന്വേഷണ ഏജൻസികളെയും പ്രോസിക്യൂഷനെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയാണ് പുസ്തകം. തന്നെ കുറ്റവാളിയാക്കാൻ തുടക്കം മുതൽ ആസൂത്രിത ശ്രമമുണ്ടായിരുന്നു എന്നാണ് പുസ്തകത്തിൽ ശിവശങ്കർ പറയുന്നത്. തനിക്ക് ജാമ്യം നിഷേധിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പെരും നുണ പറഞ്ഞെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു.
ഡിസി ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്.അടുത്തിടെയാണ് സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എം.ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. സ്പോർട്സ് വകുപ്പിൽ സെക്രട്ടറിയായാണ് നിയമനം. സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്പെൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ