വെർജീനിയ: ഒരാഴ്ചയോളം മൂന്നു ലക്ഷത്തിലധികം വെർജീനിയക്കാരുടെ കുടിവെള്ളം മുട്ടിച്ച കേസിൽ ആറു പേർക്കെതിരേ കേസെടുത്ത് ചാർജ് ചെയ്തു. ഏതാണ്ട് ഒരു വർഷം മുമ്പാണ് വെർജീനിയക്കാരുടെ കുടിവെള്ളം മുട്ടിച്ച സംഭവം അരങ്ങേറുന്നത്. വെസ്റ്റ് വെർജീനിയയിലെ എൽക് നദിയിലേക്ക് രാസവസ്തു കലർന്നതിനെത്തുടർന്നാണ് വെള്ളം മലിനപ്പെട്ടത്.

ജനുവരി ഒമ്പതിനായിരുന്നു സംഭവം അരങ്ങേറുന്നത്. എംസിഎച്ച്എം എന്ന രാസവസ്തു നദീ ജലത്തിലേക്ക് കലർന്നതിനെത്തുടർന്ന് വെസ്റ്റ് വെർജീനിയയിലുള്ള മൂന്നുലക്ഷത്തിലധികമുള്ള നിവാസികൾക്ക് ശുദ്ധജലം നിഷേധിക്കുകയായിരുന്നു. ഒരാഴ്ചയോളം വെള്ളം കുടിക്കാനും കുളിക്കാനും പാചകത്തിനും ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനപ്പെട്ടിരുന്നു. കൽക്കരി ഖനന വ്യവസായ ഉപയോഗത്തിന് ഉപയോഗിക്കുന്ന എംസിഎച്ച്എം ആണ് എൽക് നദിയിൽ കലർന്നത്.

നദീതീരത്ത് സ്ഥാപിച്ച ഫ്രീഡം ഇൻഡസ്ട്രീസിന്റെ ടാങ്കിൽ നിന്നുണ്ടായ ചോർച്ച മൂലമാണ് രാസവസ്തു വെള്ളത്തിൽ കലർന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്. കമ്പനിയുടെ പ്രസിഡന്റായിരുന്ന ഗാരി സതേൺ (53) ഫ്രീഡം ഇൻഡസ്ട്രീസിന്റെ മൂന്ന് മുൻ ഉടമസ്ഥർ ഡെന്നീസ് പി. ഫാരൽ (58), വില്യം ഇ ടിസ് (60), ചാൾസ് ഇ ഹെർസിങ് (63) എന്നിവരാണ് കേസ് ചാർജ് ചെയ്യപ്പെട്ടതിൽ പ്രമുഖർ. ഫ്രീഡം ഇൻഡസ്ട്രിയിൽ അക്കാലത്ത് ജോലി ചെയ്തിരുന്ന മറ്റു രണ്ടു പേരേയുമാണ് പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്.

അപകടകാരിയായ രാസവസ്തു സൂക്ഷിക്കുന്നതിൽ കമ്പനി കാട്ടിയ അലംഭാവമാണ് വെർജീനിയക്കാരുടെ ശുദ്ധജലം മുടക്കിയതിനാലാണ് ഇവർക്കെതിരേ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. രാസവസ്തു സൂക്ഷിക്കുന്ന ടാങ്ക് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും ചോർച്ചയുള്ളത് അധികൃതരുടെ ശ്രദ്ധയിൽപ്പെടാത്തതും വെള്ളം മലിനപ്പെടുത്താൻ കാരണമായതായി കണ്ടെത്തി.
ഗാരി സതേൺ മുമ്പ് വ്യാജ ബാങ്ക് ഇടപാടുകളിൽ പ്രതിയായിട്ടുണ്ട്. ഈ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടാൽ ഗാരിക്ക് 70 വർഷം വരെ തടവ് ലഭിച്ചേക്കാം.