റിയാദ്: ഇൻഷ്വറൻസ് പോളിസി ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആറ് മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി. അഞ്ചു കമ്പനികളുടെ ലൈസൻസ് നാലു മാസത്തേക്കും ഒരു കമ്പനിയുടെ ലൈസൻസ് ആറു മാസത്തേക്കുമാണ് റദ്ദാക്കിക്കൊണ്ട് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ആവശ്യമായ വിവരങ്ങൾ ശേഖരിക്കാതെ ഇൻഷ്വറൻസ് നൽകുക, ഇൻഷ്വറൻസ് പോളിസി
ഡോക്യുമെന്റ് നിയമം ലംഘിക്കുക തുടങ്ങിയവയുടെ പേരിലാണ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് കൗൺസിലിന്റെ കടമയാണെന്നും ഹെൽത്ത് ഇൻഷ്വറൻസ് മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ്  ജനറൽ സെക്രട്ടറി മുഹമ്മദ് ബിൻ സുലൈമാൻ അൽഹുസൈൻ വ്യക്തമാക്കി.

രാജ്യത്ത് നിർബന്ധമാക്കിയിട്ടുള്ള ഹെൽത്ത് ഇൻഷ്വറൻസ് സംവിധാനത്തിൻ കീഴിൽ 10 മില്യൺ ആൾക്കാരാണുള്ളത്. ഇതിൽ സ്വദേശികളും, വിദേശികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ് ഇതിൽ ഭൂരിപക്ഷം പേരും.
രാജ്യത്ത് നിലവിൽ 28 ഇൻഷ്വറൻസ് കമ്പനികളുള്ളപ്പോൾ 2521 സേവനദാതാക്കളാണുള്ളത്. അതിൽ എട്ടെണ്ണം മാനേജ്‌മെന്റ് കമ്പനികളുമാണ്.