അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

ഗുജറാത്തിൽ നിന്നും ബിഎസ്എഫിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന എത്തിയതാണോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.

ബുധനാഴ്ച അർദ്ധരാത്രിയോടെ ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു.

പ്രദേശത്ത് പാക് ബോട്ടുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫും ഗുജറാത്ത് പൊലീസും ഊർജ്ജിതമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിലാണ് 11 പാക്കിസ്ഥാൻ ബോട്ടുകളും ആറ് പാക് പൗരന്മാരെയും പിടികൂടാനായത്.ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്.

പതിനൊന്ന് ബോട്ടുകൾ കണ്ടെത്തിയതിനാൽ കൂടുതൽ പേർ രാജ്യത്തേക്ക് എത്തിയിട്ടുണ്ടായേക്കുമെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ അതോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം.

കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്. വ്യോമസേനയുടെ തിരച്ചിലിനായി മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.ഡ്രോണുകളുടെ സഹായത്തോടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. പ്രദേശത്ത് വ്യോമനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.