ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പൊലീസ് വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. പൊലീസ് സംഘം സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെ വലിയൊരു സംഘം ആയുധധാരികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനത്തിലെ എല്ലാ പൊലീസുകാരും കൊല്ലപ്പെട്ടു എന്നുറപ്പാക്കിയ ശേഷമാണ് ഭീകരർ സ്ഥലംവിട്ടതെന്നും പൊലീസ് അറിയിച്ചു.

അനന്ത്നാഗിൽ ഭീകരർക്കുനേരെ ഇന്ന് നടന്ന പൊലീസ് എൻകൗണ്ടറിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് അധികൃതരുടെ നിഗമനം. ആക്രമണത്തിൽ ലഷ്‌കർ ഭീകരനായ ജുനൈദ് കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം ബൊഗുൾഡ് ഗ്രാമത്തിൽ ഷബീർ അഹമ്മദ് എന്ന പൊലീസുകാരൻ വെടിയേറ്റ് മരിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ ഒളിച്ചിരുന്ന ജുനൈദ് ഉൾപ്പെടെയുള്ള മൂന്നു ഭീകരർക്കുനേരെ സൈനിക നടപടിയുണ്ടായത്. മൂന്നു പേരും മരിച്ചുവെന്നാണ് കരുതുന്നത്. സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്. വെള്ളിയാഴ്ച ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം രജൗരി ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറു തവണയാണ് പാക്കിസ്ഥാൻ ഈ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്.

വ്യാഴാഴ്ച കശ്മീരിൽ രണ്ടിടത്തു ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടു പൊലീസുകാർക്കു ജീവൻ നഷ്ടമായിരുന്നു. ശ്രീനഗറിലെ ഹൈദർപോറയിൽ പൊലീസ് വാഹനത്തിനു നേർക്കു ഭീകരർ നടത്തിയ വെടിവയ്പിലാണ് കോൺസ്റ്റബിൾ ഷെഹ്‌സാദ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ബോഗൻഡിൽ കോൺസ്റ്റബിൾ ഷബീർ അഹമ്മദിനെ വീടിനു പുറത്തുവച്ചു ഭീകരർ ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.