- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വർഷം മുമ്പ് നടന്ന ഭീകരാക്രമണത്തിലെ ഏഴ് പ്രതികൾക്ക് വധശിക്ഷ; മറ്റു മൂന്നു പേർക്ക് 25 വർഷം തടവ്; ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ശരീരം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും സൗദി പ്രത്യേക ക്രിമിനൽ കോടതി
ജിദ്ദ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയിൽ ആറ് വർഷം മുമ്പുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളെന്ന് കണ്ടെത്തിയവർക്കുള്ള പ്രാഥമിക ശിക്ഷാവിധി റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി പുറപ്പെടുവിച്ചു. 2014 നവംബർ 3 ന് അൽഹസ്സയിലെ അദ്ദാൽവ ഗ്രാമത്തിൽ ഷിയാ വിഭാഗക്കാരെ ലക്ഷ്യം വെച്ച് അരങ്ങേറിയ ഭീകരാക്രമണത്തിൽ ഏഴു പ്രതികൾക്ക് വധശിക്ഷയും മറ്റു 3 പ്രതികൾക്ക് 25 വർഷം ജയിൽ ശിക്ഷയുമാണ് കോടതി വിധിച്ചത്.
കേസിലെ ആദ്യ നാലും ആറ് , ഏഴ്, പന്ത്രണ്ട് എന്നീ നമ്പർ പ്രതികൾക്കുമാണ് വധശിക്ഷ. ഇതിൽ ആദ്യ നാല് നമ്പർ പ്രതികളുടെ ശരീരം ശിക്ഷ നടപ്പാക്കിയ ശേഷം പ്രദർശിപ്പിക്കണമെന്നും കോടതി വിധിച്ചു. എട്ട്, പത്ത്, പതിനൊന്ന് നമ്പർ പ്രതികൾക്കാണ് ഇരുപത്തിയഞ്ചു വർഷം വീതം തടവ്. പ്രതികൾ അറസ്റ്റിലായ ദിവസം മുതലുള്ളത് തടവ് ശിക്ഷാ കാലാവധിയായി പരിഗണിക്കും.
പന്ത്രണ്ട് പ്രതികളിൽ പത്തു പേരും സന്നിഹിതരായിരിക്കെയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. ആക്രമണത്തിൽ പ്രതികൾക്കുള്ള പങ്കിനനുസരിച്ചാണു ശിക്ഷകൾ വിധിച്ചിട്ടുള്ളത്. ശിക്ഷ പ്രഖ്യാപിക്കുമ്പോൾ കോടതിയിൽ സന്നിഹിതരാവാതിരുന്ന അഞ്ചു, ഒമ്പത് നമ്പർ പ്രതികൾക്കുള്ള ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി മറ്റൊരു സന്ദർഭത്തിലേയ്ക്ക് മാറ്റിവെച്ചു.
2014 ൽ നവംബർ 3 ന് നടന്ന ആക്രമണത്തിൽ ഷിയാ വിഭാഗത്തിൽ പെട്ട എട്ട് പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷിയാ ഹുസൈനിയ വിഭാഗത്തിനു നേരെ അക്രമികൾ മെഷീൻ ഗണും പിസ്റ്റളും ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാറിലെത്തിയ ഭീകര സംഘത്തിൽ മൂന്നു പേർ ആശൂറാ ദിനാചരണത്തിൽ പങ്കെടുത്തവർക്കു നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസിന് ആണെന്നും ഭീകര സംഘ നേതാവ് മർവാൻ അൽദഫറിനെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയ വാക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പിന്നീട് അറിയിച്ചിരുന്നു.
പ്രതികളുടെ പക്കൽ കണ്ടെത്തിയ ആയുധങ്ങളും വെടിയുണ്ടകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അതുപോലെ, പതിനൊന്നാം പ്രതിയുടെതല്ലാത്ത മറ്റു പ്രതികളുടെ മൊബൈൽ ഫോണുകളും കണ്ടുകെട്ടും.