കട്ടപ്പന വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ ആദ്യഘട്ട വിസ്താരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിൽ പൂർത്തിയായി. ഇതേ എസ്റ്റേറ്റിലെ അർജുനാണ് (22) പ്രതി. 62 സാക്ഷികളിൽ 9 പേരുടെ വിസ്താരമാണ് പൂർത്തിയായത്. 5 സാക്ഷികളെ ഒഴിവാക്കുകയും ചെയ്തു. പെൺകുട്ടിയുടെ അച്ഛൻ, കുട്ടിയെ വളർത്തിയിരുന്ന ചിറ്റപ്പൻ, ചിറ്റമ്മ എന്നിവർ അടക്കമുള്ളവരെയാണ് വിസ്തരിച്ചത്.

രണ്ടാംഘട്ട വിസ്താരം 30, 31, 1 തീയതികളിൽ നടക്കും. പെൺകുട്ടി ദുപ്പട്ടയിൽ കുരുങ്ങി മരിച്ചു കിടക്കുന്നതു കണ്ട കുട്ടി അടക്കമുള്ളവരെയാണ് രണ്ടാം ഘട്ടത്തിൽ വിസ്തരിക്കുന്നത്. 3ാം ഘട്ടമായി ശാസ്ത്രീയ തെളിവുകൾക്കൊപ്പം ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിസ്താരവും നടക്കും.

പട്ടിക വിഭാഗങ്ങൾക്ക് എതിരായ അതിക്രമം തടയൽ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അക്കാര്യം സ്‌പെഷൽ കോടതിയിൽ ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. 2021 ജൂൺ 30നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.