- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ങ്ങളിങ്ങനെ ഇടല്ലീ...;ഓൺലൈൻ പഠനത്തിന്റെ മുഷിപ്പും അധിക ഹോംവർക്കിന്റെ ഭാരവും ചൂണ്ടിക്കാട്ടി ആറാം ക്ലാസ് വിദ്യാർത്ഥി; അഭയ് കൃഷ്ണയുടെ വീഡിയോ കണ്ട് നേരിട്ട് ഫോണിൽ വിളിച്ച് വിദ്യാഭ്യാസമന്ത്രി; മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പരിശ്രമിക്കുമെന്നും വാഗ്ദാനം
തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന്റെ പരിമിതികളും അധിക ഹോംവർക്കിന്റെ ഭാരവും സാമൂഹ്യമാധ്യമത്തിൽ ഒരു വീഡിയോയിലൂടെ പങ്കുവച്ച വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അഭയ് കൃഷ്ണയ്ക്ക് ആശ്വാസവാക്കുകളുമായി പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്റെ പിന്നാലെയാണ് അഭയ് കൃഷ്ണയെ ഫോണിൽ വിളിച്ച് നേരിട്ട് വിവരങ്ങൾ അന്വേഷിച്ചത്. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
വൈത്തിരി എച്ച് ഐ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭയ് കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നുവെന്നും അഭയ് ഉന്നയിച്ചിരിക്കുന്ന വിഷയം ഗൗരവം ഉള്ളതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തെ വിദ്യാഭ്യാസം ലോകമാകെ തന്നെ നേരിടുന്ന വെല്ലുവിളി ആണ്. ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളെ കർമ്മ നിരതരാക്കുവാനും പഠന പാതയിൽ നില നിർത്താനുമാണ് നാം കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ കുട്ടിയുടെ ആത്മവിശ്വാസവും താല്പര്യവും ആനന്ദവുമെല്ലാം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
'ഈ പശ്ചാത്തലത്തിൽ അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാനമാണ്. നമുക്കത് പരിഗണിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. പഠനം പൊതുവേയും കോവിഡ് ഘട്ടത്തിൽ പ്രത്യേകിച്ചും കുട്ടിക്ക് ഭാരമാകാതെ നോക്കേണ്ടതുണ്ട്. നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക -മാനസിക- വൈകാരിക ആരോഗ്യം കാത്ത് സൂക്ഷിച്ച് കൊണ്ട് മാത്രമേ നമ്മുക്ക് മുന്നോട്ട് പോകാൻ ആകൂ. മണിക്കൂറുകളോളം ചെറിയ സ്ക്രീനിൽ നോക്കിയുള്ള ഇരുപ്പ്,ഓരോ ടീച്ചറും നൽകുന്ന ഹോംവർക്കിന്റെ ഭാരം എല്ലാം മനം മടുപ്പിച്ചേക്കും. ഒരു ടീച്ചർ രണ്ട് ഹോം വർക്ക് മാത്രമാണ് കൊടുക്കുന്നത് എങ്കിൽ നാല് ടീച്ചർമാർ ഹോം വർക്ക് കൊടുത്താൽ കുട്ടിക്കത് എട്ട് ഹോം വർക്ക് ആകും. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്'.
കഴിഞ്ഞ ഒരു വർഷത്തെ ഡിജിറ്റൽ ക്ലാസുകളുടെ അനുഭവം നമ്മുടെ മുന്നിൽ ഉണ്ട്. അതിലെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അദ്ധ്യാപകനും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ലാസുകളാണ് അടുത്ത ഘട്ടം. കോവിഡ് കാലഘട്ടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നു തന്നെ പരമാവധി മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് പരിശ്രമമെന്നും ശിവൻകുട്ടി പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസത്തിലെ കരുതൽ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതാണ്. പ്രയാസം തുറന്നുപറഞ്ഞ അഭയ് അഭിനന്ദനം അർഹിക്കുന്നു. അഭയ് കൃഷ്ണയുമായി സംസാരിച്ചെന്നും കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിക്കാൻ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ ഫോണിലൂടെ നൽകുന്ന ഹോം വർക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് അഭയ് സമൂഹമാധ്യമങ്ങളിലെ താരമായത്. ഹോം വർക്കുകളുടെ എണ്ണം കുറക്കാൻ ടീച്ചർമാരോട് സങ്കടത്തോടെ അപേക്ഷിച്ച അഭയിന്റെ വീഡിയോ കണ്ട് പ്രതിപക്ഷ നേതാവടക്കമുള്ളവർ നേരിട്ട് വിളിച്ചിരുന്നു.
ഓൺലൈൻ ക്ലാസ്സുകളും ഹോം വർക്കുകളുമെല്ലാം കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ സൂചനയായി സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത വീഡിയോയിലുള്ളത് കോഴിക്കോട് പടനിലം സ്വദേശിയായ ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണ. വയനാട് പഴയ വൈത്തിരി സ്വദേശിനി അനുഷയുടെയും കൊടുവള്ളി പടനിലം സ്വദേശി ഗിരീഷിന്റെയും മകനാണ് അഭയ്. വൈത്തിരിയിലെ എച്ച്ഐഎം സ്കൂളിലെ വിദ്യാർത്ഥിയാണ് അഭയ് കൃഷ്ണ.
സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ. ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്. ങ്ങളിതിതെന്തിനാണ്, ഇപ്പഴും ഞാൻ ഇന്നലത്തെ ഇത് എഴുതുകയാണ്. നോക്കി ഇങ്ങള്. ഇങ്ങളെത്തിനാണ് ഇങ്ങനെ ഇടാൻ നിക്കുന്നത്. എഴുതാൻ ഇടുകയാണെങ്കിൽ ഒരു ഇത്തിരി ഇടണം. അല്ലാണ്ട് ഇഷ്ടം പോലെ ഇടരുത് ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല. ടീച്ചറേ എനിക്ക് വെറുത്ത്. എനിക്ക് പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ. ങ്ങളിങ്ങനെ എനിക്ക് ഇട്ട് തരല്ലേയെന്നാണ് വീഡിയോയിൽ കുട്ടി പറയുന്നത്.
പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് അമ്മ നിരന്തരം പറയാറുണ്ട്. ഫോണിൽ നോക്കിയിരുന്ന് കണ്ണ് വേദനിക്കുന്നുവെന്നും അഭയ് പറയുന്നത്. മകൻ എഴുതാൻ ഇത്തിരി പതിയെ ആണ് അതിനാലാണ് ഹോം വർക്ക് ചെയ്യാൻ നിർബന്ധിക്കുന്നതെന്നും അഭയ് കൃഷ്ണയുടെ അമ്മ പറയുന്നു. തനിയെ എടുത്ത വീഡിയോ ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് സമൂഹമാധ്യമങ്ങളിൽ അഭയ് താരമായത്. എന്തായാലും വീഡിയോ കണ്ട് പറ്റുന്ന അത്രയും എഴുതിയാൽ മതിയെന്ന് ടീച്ചർ പറഞ്ഞതിന്റെ സന്തോഷത്തിലാണ് അഭയ് ഉള്ളത്.