അഡ്‌ലൈഡ്: അഡ്‌ലൈഡിൽ നിന്ന് താജ്മഹൽ കാണാൻ ഇന്ത്യയിലെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം ആറായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ, മക്കളും പേരക്കുട്ടികളും അപകടത്തിൽ മരിച്ചതറിഞ്ഞപ്പോഴുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്നു മുത്തച്ഛൻ എൻ. കെ പാലിവാൽ.

അഡ്‌ലൈഡിൽ സ്ഥിരതാമസക്കാരനും റെസ്റ്റോറന്റ് ഉടമയുമായ രൂപേന്ദ്രദത്തയുടെ ഭാര്യ അനാമിക ദത്ത (45), മക്കളായ നീതിക (12), പിപാഷ (15), തിർവിജയ് (20), അനാമികയുടെ സഹോദരി സോണിയ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രൂപേന്ദ്രദത്തയും അനാമികയുടെ അച്ഛനുമായ പാലിവാലും പരിക്കേറ്റ്  ചികിത്സയിലായിരുന്നു. മക്കളുടേയും പേരക്കുട്ടികളുടേയും മരണവാർത്തയറിഞ്ഞ് പാലിവാലിന് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബസുഹൃത്ത് ആനന്ദ് ഭാട്ടിയ വെളിപ്പെടുത്തി. രൂപേന്ദ്ര ദത്ത ഇപ്പോഴും അബോധാവസ്ഥയിലാണ്. നട്ടെല്ലിനാണ് രൂപേന്ദ്രദത്തയ്ക്ക് പരിക്കേറ്റിട്ടുള്ളത്.

ഉത്തർപ്രദേശിലെ യമുന എക്സ്‌പ്രസ് വേയിൽ വച്ചാണ് കുടുംബം യാത്ര ചെയ്തിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചത്. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. രൂപേന്ദ്ര ദത്തയുടെ മകൻ തിർവിജയ് ഒഴികെ നാലുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

അഡ്‌ലൈഡ് ഇന്നർ വെസ്റ്റിലെ മിലി എൻഡിൽ അർബൻ ഇന്ത്യ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു രൂപേന്ദ്ര ദത്ത. ആറാഴ്ചത്തെ അവധിക്ക് ഡിസംബറിലാണ് രൂപേന്ദ്ര ദത്ത ഭാര്യ അനാമികയ്ക്കും മൂന്നു മക്കൾക്കുമൊപ്പം ഇന്ത്യയിലെത്തിയത്.