മെൽബൺ: പെർമനന്റ് റസിഡന്റ്‌സി വിസയ്ക്കായി അപേക്ഷകൾ നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ കാര്യത്തിൽ ഇമിഗ്രേഷൻ വകുപ്പ് അനാസ്ഥ കാട്ടുന്നതായി ആരോപണം. ഓസ്‌ട്രേലിയയിൽ വർഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് സ്‌കിൽഡ് മൈഗ്രന്റ്‌സ് പെർമനന്റ് റസിഡൻസി വിസയ്ക്കായി സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാത്തത് കുടിയേറ്റക്കാരെ വട്ടം കറക്കുകയാണ്. അതേസമയം സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് ഇമിഗ്രേഷൻ വകുപ്പാണെന്ന് ഫെഡറൽ സർക്കാരും വെളിപ്പെടുത്തുന്നു.

ആയിരക്കണക്കിന് ഡോളർ മുടക്കിയാണ് ഇത്തരത്തിൽ പെർമനന്റ് റസിഡൻസിക്കായി അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പെർമനന്റ് റസിഡൻസി സംബന്ധിച്ചുള്ള തീരുമാനം അനിശ്ചിതമായി നീളുന്നത് ഇവരെ സാരമായി ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ തന്റെ പെർമനന്റ് റസിഡൻസി സംബന്ധിച്ച് സിഡ്‌നിയിൽ നിന്ന് സയ്യിദ് സാഖിബ് എന്ന യുവാവ് രംഗത്തെത്തിയതോടെയാണ് സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ വിസാ കാര്യത്തിൽ ഇമിഗ്രേഷൻ വകുപ്പിന്റെ അനാസ്ഥ സംബന്ധിച്ച് റിപ്പോർട്ടുകൾ വെളിയിൽ വരാൻ തുടങ്ങിയത്.

അഞ്ചു വർഷം ഓസ്‌ട്രേലിയയിൽ താമസിച്ച ശേഷം മുപ്പതുകാരനായ സാഖിബ് 2010-ലാണ് പെർമനന്റ് റസിഡൻസിക്കായി അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ ബംഗ്ലാദേശ് സ്വദേശിയായ സഖിബിന് തന്റെ അപേക്ഷയിൽ തുടർ നടപടികളെക്കുറിച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. പണം മുഴുവൻ അടയ്ക്കുകയും ഫുൾ ടൈം ജോലിയും ഓസ്‌ട്രേലിയൻ കമ്യൂണിറ്റി വർക്കും ചെയ്യുന്നുണ്ട്. ഇനി എന്തിനാണ് ഇക്കാര്യത്തിൽ ഇമിഗ്രേഷൻ വകുപ്പ് കാലതാമസം വരുത്തുന്നതെന്ന് മനസിലാകുന്നില്ല എന്ന് സാഖിബ് ചോദിക്കുന്നു. വൂളൻഗോഗിൽ പഠനത്തിനായി 2007-ലാണ് സാഖിബ് ബംഗ്ലാദേശിൽ നിന്ന് എത്തുന്നത്. ഇപ്പോൾ അഭയാർഥികൾക്ക് വർക്ക് പ്ലേസ്‌മെന്റുകൾ നൽകുന്ന ഫുൾ ടൈം ജോലിയാണ് സാഖിബ് ചെയ്യുന്നത്. മുൻ റഡ് സർക്കാർ 2009-ൽ ഇത്തരം കാലതാമസം വന്ന ഒട്ടുമിക്ക കേസുകളും പരിഗണിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സാഖിബിന് ഇതിൽ കയറിക്കൂടാനായില്ല. ഇപ്പോൾ ബ്രിഡ്ജിങ് വിസയിലാണ് സാഖിബ് ഓസ്‌ട്രേലിയയിൽ കഴിയുന്നത്.

പെർമനന്റ് റസിഡൻസിക്കായി അപേക്ഷ സമർപ്പിച്ചിട്ട് ജൂണിൽ അഞ്ചു വർഷം തികയും. നാളിതുവരെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് യാതൊരു തരത്തിലുള്ള മറുപടിയും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒരു ഹോം ലോൺ എടുക്കാനോ മെച്ചപ്പെട്ട മൊബൈൽ ഫോൺ പ്ലാനുകൾ എടുക്കാനോ സാധിക്കുന്നില്ല. ഇതു തന്നെ മാനസികമായി ഏറെ അലട്ടുന്നുവന്നാണ് സാഖിബ് പറയുന്നത്.

ഇത്തരത്തിൽ സാഖിബിനെ പോലെ 3,300 പേർ ബ്രിഡ്ജിങ് വിസയിൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ കേസുകൾ പരിഗണിക്കാത്തിടത്തോളം കാലം തങ്ങളുടെ ഭാവി ഇരകുട്ടിലാണെന്നാണ് സാഖിബ് പറയുന്നത്. ഞങ്ങൾ സമർപ്പിച്ച അപേക്ഷ എപ്പോൾ അപ്രൂവ് ചെയ്യുമെന്ന്  അറിയില്ലെന്നും മറ്റേതെങ്കിലും മാർഗം നോക്കാനെന്നുമാണ് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാഖിബിനെ പോലെ തന്നെ ആയിരക്കണക്കിന് ഡോളർ മുടക്കി അപേക്ഷ നൽകിയ മറ്റൊരാളാണ് ഇല്ലാരിയ ഡി ഫുസ്‌കോ. 15 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന  ഇല്ലാരിയ 2009-ലാണ് പെർമനന്റ് റസിഡൻസിനായി അപേക്ഷ സമർപ്പിക്കുന്നത്. സിഡ്‌നിയിൽ താമസിക്കുന്ന ഇല്ലാരിയയ്ക്കും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഇത്തരത്തിലുള്ള മറുപടി തന്നെയാണ് ലഭിക്കുന്നത്.

അതേസമയം മൈഗ്രേഷൻ ഏജന്റുമാരെ പ്രതിനിധീകരിക്കുന്ന മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ ഇക്കാര്യത്തിൽ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. സ്‌കിൽഡ് മൈഗ്രന്റ്‌സിന് അപേക്ഷ സമർപ്പിക്കാനും മറ്റും ഫീസ് ഈടാക്കി സേവനം ചെയ്തു നൽകുന്നതാണ് മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ. ചിലപ്പോൾ സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ അപേക്ഷകളിൽ തീരുമാനമെടുക്കാൻ എട്ടു വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. അതേസമയം ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിനൊപ്പം തന്നെ സർക്കാരിനും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമുണ്ടെന്നു തന്നെയാണ് മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ പറയുന്നത്.