ചൈനയിലെ നാൻജിങ് നഗരത്തിൽ സ്‌കൈട്രെയിൻ വരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ സർക്കാരെന്ന് റിപ്പോർട്ടുണ്ട്. ജപ്പാനും ജർമനിക്കും ശേഷമാണ് ആദ്യമായി സ്‌കൈ ട്രെയിൻ ആരംഭിച്ച് ചൈന ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ചൈനയുടെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റോളിങ് സ്റ്റോക്ക് മാനുഫാക്ചറർ ആയ സിആർആർസി കോർപറേഷൻ ലിമിറ്റഡ് അഥവാ ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷനിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന നാൻജിങ് പുസ്ഹെൻ കമ്പനി പുതിയ ആകാശ ട്രെയിനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ശനിയാഴ്ച വിശദീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് കംപാർട്ട്മെന്റുകളുള്ള ട്രെയിനിൽ 200 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ സാധിക്കുക. സബ് വേകൾ, ട്രാമുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌കൈ ട്രെയിനിന് ചാർജ് കുറവായിരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഇതിൽ വേഗത്തിൽ കയറിയിറങ്ങാനും വായു സഞ്ചാരവും ഉണ്ടാകുമെന്നാണ് ചൈനീസ് ഒഫീഷ്യലുകൾ പറയുന്നത്.ഇതിന് പുറമെ സബ്വേകൾ പോലുള്ളവ തുടങ്ങാനാവശ്യമായ സമയത്തേക്കാൾ കുറച്ച് സമയത്തിനുള്ളിൽ സ്‌കൈ ട്രെയിനുകൾ ആരംഭിക്കാമെന്നാണ് ബീജിങ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ യു സാഓഹോൻഗ് വെളിപ്പെടുത്തുന്നത്. അതായത് സ്‌കൈ ട്രെയിനുകൾ മൂന്ന് മുതൽ അഞ്ച് വരെ വർഷം കൊണ്ട് ഡസൻ കണക്കിന് കിലോമീറ്ററുകൾ തുടങ്ങാനാവുമെന്നാണ് കണക്കാക്കുന്നത്.

സാമ്പ്രദായിക റെയിൽവേ ലൈനുകളിൽ വ്യത്യസ്തമായി പുർണമായും ബാറ്ററിയിലാണീ ട്രെയിനുകൾ പ്രവർത്തിക്കുകയെന്ന പ്രത്യേകതയുമുണ്ട്. ഈ ബാറ്ററികൾ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയിടുമ്പോൾ ചാർജ് ചെയ്യാനും സാധിക്കും.ഇവ ചാർജ് ചെയ്യാൻ വെറും രണ്ട് മിനുറ്റ് മാത്രമ മതിയെന്ന ഗുണവുമുണ്ട്. തേഡ് , അല്ലെങ്കിൽ ഫോർട്ട് ടയേഡ് നഗരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് സ്‌കൈ ട്രെയിനുകളെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അടുത്ത വർഷം മുതലാണ് ചൈനയിൽ ഇവ നിലവിൽ വരുന്നത്.