ജമ്മു: ജമ്മു കാശ്മീരിലെ യുവാക്കളോട് ഇന്ത്യക്കെതിരെ ജിഹാദിനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന 17-കാരൻ ഭീകരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി പ്രചരിക്കുന്നത്. അടുത്തിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് ഭീകരനായ ഫർദീൻ അഹമ്മദ് ഖാൻഡേയാണ് വീഡിയോയിലുള്ളത്. പൊലീസ് കോൺസ്റ്റബിളിന്റെ മകനായ ഖാൻഡേയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പുൽവാമയിലെ ത്രാലിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

ഇന്ത്യ അവകാശപ്പെടുന്നതുപോലെ ജിഹാദിലേക്ക് കൂടുതലാളുകൾ ആകർഷിക്കപ്പെടുന്നത് തൊഴിലില്ലായ്മ കൊണ്ടല്ല. അത് കാശ്മീർ കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യയോടുള്ള യുവാക്കളുടെ പ്രതികരണമാണ്. കാഫിറുകൾ നമ്മുടെ നാട് കൈയടക്കിവെച്ചിരിക്കുന്നു. നമ്മുടെ സ്ത്രീകളുടെ സുരക്ഷിതതത്വും അഭിമാനവും പോലും അപകടാവസ്ഥയിലാണ്. അതുകൊണ്ട് ജിഹാദിനിറങ്ങേണ്ടത് നമ്മുടെ ചുമതലയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ടത് നിങ്ങളുടെ ദൗത്യമാണ്-ഉറുദു ഭാഷയിലുള്ള വീഡിയോയിൽ ഖാൻഡെ പറയുന്നു.

കാശ്മീർ പൊലീസിൽ കോൺസ്റ്റബിളായ ഗുലാം മുഹമ്മദ് ഖാൻഡെയുടെ മകനാണ് ഫർദീൻ. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾ ഭീകര സംഘടനയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ഒട്ടേറെ ആയുധങ്ങളുടെ പശ്ചാത്തലത്തിലിരുന്നാണ് ഫർദീൻ വീഡിയോയിൽ സംസാരിക്കുന്നത്. 'അവരുടെ നന്മയ്ക്കുവേണ്ടി നമ്മുടെ സ്രോതസ്സുകൾ ഉപയോഗിക്കുകയാണെ'ന്നും ഫർദീൻ വീഡിയോയിൽ ആരോപിക്കുന്നു. സ്ത്രീകൾ സുരക്ഷിതരല്ല. പുരുഷന്മാരെ ഇന്ത്യൻ സൈന്യം പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും ഫർദീൻ പറയുന്നു.

ഞായറാഴ്ച പുൽവാമയിലെ സിആർപിഎഫ് ക്യാമ്പ് ആക്രമിക്കുമ്പോളാണ് ഫർദീനും മറ്റ് രണ്ട് ഭീകരരും സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ഭടന്മാർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ മരിച്ച രണ്ട് ഭീകരരെ തിരിച്ചറിഞ്ഞിരുന്നു. അവരിലൊരാളാണ് ഫർദീൻ. ജിഹാദിലേർപ്പെടുന്നതുകൊണ്ട് താൻ സ്വർഗത്തിൽപ്പോകുമെന്നും ഫർദീന്റേതായി ജെയ്‌ഷെ മുഹമ്മദ് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.

എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബാബ്‌റി മസ്ജിദ് തകർത്തതും മറ്റ് പല സംഭവങ്ങളും ഫർദീൻ എടുത്തുപറയുന്നുണ്ട്. ജെയ്‌ഷെ മുഹമ്മദ് തലൻ മൗലൈന മസൂദ് അസറിനെ പുകഴ്‌ത്താനും ഫർദീൻ ഈ അവസരം വിനിയോഗിക്കുന്നു.. ജെയ്‌ഷെ മുഹമ്മദ് അസ്തമിച്ചുവെന്നാണ് ഇന്ത്യൻ സൈന്യം കരുതുന്നത്. എന്നാൽ, സംഘടനയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഫർദീൻ പറയുന്നു. പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സൽ ഗുരുവിനെയും ഫർദീൻ പുകഴ്‌ത്തി സംസാരിക്കുന്നുണ്ട്.