- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മഞ്ഞിലും മഴയിലും കുളിച്ച് താങ്ക്സ്ഗിവിങ് ഡേ; യാത്രക്കാരെ വലച്ചുകൊണ്ട് കനത്ത മഞ്ഞുവീഴ്ച, ഏഴുനൂറോളം വിമാനങ്ങൾ റദ്ദാക്കി
ന്യൂയോർക്ക്: താങ്ക്‌സ് ഗിവിങ് ഡേ അക്ഷരാർഥത്തിൽ മഞ്ഞിലും മഴയിലും മുങ്ങി. ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് പെയ്തിറങ്ങിയ മഞ്ഞ് മൂലം എഴുന്നൂറോളം വിമാനസർവീസുകളാണ് റദ്ദാക്കിയത്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ താങ്ക്‌സ് ഗിവിങ് ഡേ പെരുവഴിയിലും വിമാനത്താവളങ്ങളിലും ചെലവഴിക്കാനായിരുന്നു മിക്കവരുടേയും വിധി. ഒപ്
ന്യൂയോർക്ക്: താങ്ക്‌സ് ഗിവിങ് ഡേ അക്ഷരാർഥത്തിൽ മഞ്ഞിലും മഴയിലും മുങ്ങി. ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് പെയ്തിറങ്ങിയ മഞ്ഞ് മൂലം എഴുന്നൂറോളം വിമാനസർവീസുകളാണ് റദ്ദാക്കിയത്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ താങ്ക്‌സ് ഗിവിങ് ഡേ പെരുവഴിയിലും വിമാനത്താവളങ്ങളിലും ചെലവഴിക്കാനായിരുന്നു മിക്കവരുടേയും വിധി. ഒപ്പം വൈദ്യുതി തടസം കൂടിയായപ്പോൾ ദുരിതപൂർണമായിരുന്നു ഈ വിശേഷദിനം.
നോർത്ത് ഈസ്റ്റ് മേഖലകളിൽ വിന്റർ സ്‌റ്റോം എത്തുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും മഞ്ഞിനൊപ്പം മഴയും വന്നത് ദുരിതങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ചയിൽ മരക്കൊമ്പുകൾ ആടിയുലഞ്ഞപ്പോൾ അത് വൈദ്യുതി വിഛേദിക്കപ്പെടുന്നതിനും കാരണമായി. ആയിരക്കണക്കിന് വീടുകൾക്കാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. ബുധനാഴ്ച തന്നെ യുഎസിലാകമാനം 4688 വിമാനസർവീസുകളാണ് വൈകിയത്. താങ്ക്‌സ് ഗിവിങ് ഡേയുടെ പ്രധാന ദിനമായ ഇന്നും ഏറെ സർവീസുകൾ വൈകാനും സാധ്യതയുണ്ട്.
ന്യൂയോർക്കിൽ നാലിഞ്ചു കനത്തിലാണ് മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ന്യൂയോർക്കിന്റെ വടക്കൻ മേഖലകളിൽ എട്ടിഞ്ചോളം കനത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ന്യൂയോർക്ക് സിറ്റിക്കും അൽബാനിക്കും മധ്യേ 1,800 രക്ഷാപ്രവർത്തകരെ മഞ്ഞുനീക്കം ചെയ്യാൻ നിയോഗിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം കുമോ അറിയിച്ചു. മിക്ക എയർലൈൻ കമ്പനികളും ഫിലാഡൽഫിയ, ന്യൂ ജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി, ന്യൂയോർക്കിലെ ലാ ഗാർഡിയ എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ പത്തു ശതമാനവും റദ്ദാക്കിയിരിക്കുകയാണ്. മൂന്നു മുതൽ ആറു മണിക്കൂർ വരെയാണ് വിമാന സർവീസുകൾ വൈകുന്നത്.
വെർജീനിയ, മേരിലാൻഡ്, പെൻസിൽവാനിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഇന്റീരിയർ ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും തുടർന്നും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ന്യൂജേഴ്‌സിയിൽ ഗവർണർ ക്രിസ് ക്രിസ്റ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വീശുന്ന വിന്റർ സ്റ്റോം ഇനിയും യാത്രാ ദുരിതം സൃഷ്ടിക്കുമെന്നും സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം താറുമാറാകാൻ സാധ്യതയുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
യാത്രക്കാർക്കുണ്ടായ ദുരിതം കുറയ്ക്കുന്നതിനായി മിലിട്ടറി എയർസ്‌പേസിന്റെ കമേഴ്‌സ്യൽ ഫ്‌ളൈറ്റുകൾ ഉപയോഗപ്പെടുത്താമെന്ന് ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റിലുള്ള 20 മില്യൺ ആൾക്കാർക്ക് വിന്റർ സ്‌റ്റോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുവീണ് റോഡ് ഗതാഗതവും താറുമാറായിരിക്കുകയാണ്. വാഹനങ്ങളുമായി യാത്രയ്ക്ക് പുറപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.