കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒന്നും സ്ഥാപിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയെന്നും കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.

സ്ഥലത്തെ കെട്ടിടങ്ങളിൽ ഇലക്ട്രിക് സംവിധാനങ്ങൾ പരിശോധിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് കത്തു നൽകുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കച്ചവടക്കാരുടെ യോഗം വിളിക്കും. കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

മിഠായിതെരുവിന് സമീപം മൊയ്തീൻ പള്ളി റോഡിലായിരുന്നു തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ വ്യാപാരികൾക്ക് വീഴ്ചയെന്ന് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക റിപ്പോർട്ടും പുറത്തുവന്നിരുന്നു. അശാസ്ത്രീയ നിർമ്മിതികളും തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് അഗ്‌നിരക്ഷാസേന കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച മിഠായിത്തെരുവിലെ എംപി റോഡിൽ രണ്ട് കടകൾ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധനയാണ് അഗ്‌നിരക്ഷാസേന നടത്തിയത്. കച്ചവട സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ് പ്രവർത്തിക്കുന്നതിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് പ്രാഥമിക റിപ്പോർട്ട്. ഈ രീതി ഇനിയും തുടർന്നാൽ അപകടങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കച്ചവടസ്ഥാപനങ്ങൾ തമ്മിൽ വേർതിരിവില്ല. ഇടവഴികളിൽ പോലും സാധനങ്ങൾ സൂക്ഷിക്കുന്നു. പാതയ്ക്കിരുവശവും വഴി തടസ്സപ്പെടുത്തിയുള്ള വ്യാപാരവും നടക്കുന്നു. കാലപ്പഴക്കമുള്ള കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മുറികൾക്ക് വെവ്വേറെ വൈദ്യുതി കണക്ഷനുമില്ല. അത്യാഹിതമുണ്ടായാൽ പെട്ടെന്നെത്തി രക്ഷാപ്രവർത്തനം നടത്താൻ ഇതെല്ലാം പ്രതികൂല ഘടകങ്ങളാകുന്നുവെന്ന് ആവർത്തിക്കുന്ന റിപ്പോർട്ടിൽ വ്യാപാരികൾക്ക് ബോധവത്കരണം നൽകണമെന്നും വ്യക്തമാക്കിയിരുന്നു.

നിയമം ലംഘിച്ച് നടത്തുന്ന വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. അഗ്‌നിശമന ഉപകരണങ്ങൾ കൂടുതൽ കടകളിലില്ലാത്ത് പോരായ്മയാണ്. മിഠായിതെരുവലെ എല്ലായിടങ്ങളിലേക്കും തീയണക്കാൻ വെള്ളമെത്തും വിധം ഫയർ ഹൈഡ്രന്റ് സ്ഥാപിക്കാൻ സൗകര്യമൊരുക്കണമെന്നും രാത്രികാല പട്രോളിംഗിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ട്.