- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 കോടിയുടെ മരുന്നു വിദേശത്തു നിന്നും പറന്നെത്തി; സ്പൈനൽ മസ്കുലർ അസ്ട്രോഫി രോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന് ഇന്ന് കുത്തിവെപ്പു നൽകും; കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധനകൾ പൂർത്തിയാക്കി
കണ്ണൂർ: സ്പൈനൽ മസ്കുലർ അസ്ട്രോഫി എന്ന ജനിതകരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന് വിദേശത്തു നിന്നും മരുന്നെത്തി. ഇന്ന് രാവിലെ 11-ന് ചികിത്സയുടെ ഭാഗമായുള്ള കുത്തിവെപ്പ് നൽകും. ഇതിനായി തിങ്കളാഴ്ച രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനയുൾപ്പെടെ പൂർത്തിയാക്കി.
ചൊവ്വാഴ്ച രാവിലെ ഐ.സി.യു. വാർഡിൽ പ്രവേശിപ്പിച്ച ശേഷമാകും കുത്തിവെപ്പ് നൽകുക. തിങ്കളാഴ്ച രാവിലെ തന്നെ മരുന്ന് വിദേശത്തുനിന്ന് എത്തിച്ചിരുന്നു. സഹോദരി അഫ്രയും ഒപ്പമുണ്ടെങ്കിലും അവളുടെ ചികിത്സ അടുത്താഴ്ചയേ നടക്കൂ. മുഹമ്മദിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ബുധനാഴ്ച തന്നെ ആശുപത്രി വിടാനാകും.
സഹോദരി അഫ്രയുടെ അഭ്യർത്ഥന കേട്ട് മുഹമ്മദിന് ചികിത്സാ സഹായമായി ലഭിച്ചത് 46.78 കോടി രൂപയാണ്. മുഹമ്മദിന്റെയും സമാന അസുഖമുള്ള സഹോദരി അഫ്രയുടെയും ചികിത്സച്ചെലവിനു ശേഷം ബാക്കിയുള്ള തുകയിൽനിന്ന് 8.5 കോടി വീതം ചപ്പാരപ്പടവിലെ കാസിം, ലക്ഷദ്വീപിലെ ഇശൽ മറിയം എന്നീ കുട്ടികൾക്ക് നൽകാനാണ് ചികിത്സാസഹായ കമ്മിറ്റിയുടെ തീരുമാനം.
മുഹമ്മദിന്റെ ചികിത്സക്കായി ഒരു രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ ഓരോരുത്തരായി നൽകിയിരുന്നു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രയ്ക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജൻ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം.
അപൂർവ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ്. എന്നാൽ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം. തുടർന്നാണ് മാധ്യമങ്ങൾ മുഹമ്മദിന്റെ ചികിത്സയ്ക്ക് 18 കോടി രൂപ വേണമെന്ന വാർത്ത എത്തിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തയോട് കേരളം ഒറ്റക്കെട്ടായി കൈകോർത്തു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫേസ്ബുക്കിലൂടേയും വാട്സാപ്പിലൂടേയും കുഞ്ഞുമുഹമ്മദിന്റെ ജീവൻ നിലനിർത്താൻ കേരളത്തിന്റെ സഹായം വേണമെന്ന വാർത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ 18 കോടി രൂപ ലഭിച്ചിരുന്നു.
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ