ന്യൂഡൽഹി: മോദി സർക്കാർ ഇതു എന്തു ഭാവിച്ചാണ്? ഇന്ധന വിലയിടിവിന്റെ ഗുണം വാഹന ഉടമയക്ക് നൽകാതെ അനുദിനം നികുതി വർദ്ധിപ്പിച്ചു ശതകോടികൾ ഖജനാവിൽ എത്തിക്കുകയും നികുതിക്ക് പുറമെ സെസായും അധിക നികുതിയായും മറ്റും കോടികൾ പിരിച്ചെടുക്കുകയും ചെയ്തിട്ടും തികയാതെ പാവപ്പെട്ടവന്റെ നിക്ഷേപ പദ്ധതികളിൽ കൈ വയ്ക്കയാണ് ഇപ്പോൾ. റിസേർവ്വ് ബാങ്കിന്റെ പലിശ നിരക്കിന് അനുപാതികമായി ബാങ്കുകളുടെ പലിശ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് പോലെയല്ല ചെറുകിട നിക്ഷേപങ്ങൾ. ഏതൊരു രാജ്യത്തെയും ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പദ്ധതിയാണ് സാധാരണക്കാരൻ മിച്ചം വച്ച് സൂക്ഷിക്കുന്ന നിക്ഷേപം. അതിൽ തന്നെയാണ് ഏറ്റവും ഒടുവിൽ സർക്കാർ കത്തി വച്ചിരിക്കുന്നത്.

ബജറ്റിൽ ഇഎസ്‌ഐ നിക്ഷേപങ്ങൾക്ക് നികുതി ഈടാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു. അത് പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. അതിന് സമാനമായി സാധാരണക്കാരെ കൊള്ളയടിക്കൽ തന്നെയാണ് പുതിയ തീരുമാനം. നിക്ഷേപപദ്ധതികളുടെ പലിശ നിരക്കുകൾ കേന്ദ്ര സർക്കാർ കുത്തനെ വെട്ടിക്കുറച്ചത് വരും ദിവസങ്ങളിൽ തന്നെ പ്രതിഷേധമായി മാറും. കേരളവും തമിഴ്‌നാടും ബംഗാളും പോലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോലും കണക്കാക്കാതെയാണ് ഖജനാവ് വീർപ്പിക്കാനുള്ള ഈ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പി.പി.എഫ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫിസ് നിക്ഷേപം, സുകന്യ സമൃദ്ധി യോജന, മുതിർന്ന പൗരന്മാരുടെ നിക്ഷേപം തുടങ്ങിയവയുടെ നിലവിലെ പലിശ നിരക്കാണു വൻതോതിൽ വെട്ടിക്കുറച്ചത്.

പി.പി.എഫ്. പലിശനിരക്ക് 8.7 ൽ നിന്ന് 8.1 ശതമാനമായും കിസാൻ വികാസ് പത്രയുടെ പലിശ 8.7 ൽ നിന്ന് 7.8 ശതമാനമായുമാണു കുറച്ചിരിക്കുന്നത്. പോസ്റ്റ് ഓഫിസ് നിക്ഷേപത്തിനുള്ള പലിശ 8.5 ൽ നിന്ന് 7.9 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന്റേത് 9.3 ൽ നിന്ന് 8.6 ശതമാനമാക്കി കുറച്ചു. പെൺകുട്ടികൾക്കുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 9.2 ൽ നിന്ന് 8.6 ആക്കി. പലിശകുറച്ചത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയാണ്. കാശുള്ളവർ വ്യവസായങ്ങളിലേക്കും മറ്റും കാശിറക്കി കോടികൾ സമ്പാദിക്കുമ്പോൾ പാവപ്പെട്ടവർ മാത്രമാണം ഭാവിയിലേക്ക് ഇത്തരം ചെറുകിട നിക്ഷേപങ്ങൾ നടത്തുന്നത്.

എന്നാൽ, മൂന്നു മാസത്തിലൊരിക്കൽ പലിശ നിരക്കുകൾ വിപണി നിരക്കുകൾക്ക് അനുസരിച്ചു പുതുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഭാഗമായാണു നിരക്ക് കുറച്ചതെന്നാണു വിശദീകരണം. പാവപ്പെട്ടവരുടെ നിക്ഷേപത്തിന് ഇത്തരമൊരു നയം കൊണ്ടു വരുന്നത് ഒട്ടും ആശ്വാസകരമല്ല. ധനകാര്യവകുപ്പിന്റെ ഈ തീരുമാനവും പ്രധാനമന്ത്രിക്ക് വലിയ തലവേദനയാകും. എംപ്‌ളോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ചുമത്തിയത് പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കാൻ നിർബന്ധിതമായ കേന്ദ്രസർക്കാർ അതിന് പകരം വീട്ടുന്നത് പോലെയാണ് സാധാരണക്കാരുടെ ചെറു നിക്ഷേപങ്ങളുടെ പലിശയിൽ കത്തിവച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഈ വിഷയവും ചർച്ചയാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് കേന്ദ്ര സർക്കാർ എന്ന് പ്രതിഷേധങ്ങളിൽ നിറയ്ക്കും. വിജയ് മല്ല്യയേയും ലളിത് മോദിയേയുമെല്ലാം നികുതി വെട്ടിച്ച് കടക്കാൻ അനുവദിക്കുന്ന കേന്ദ്ര സർക്കാർ പാവങ്ങളെ പിഴിയുകയാണെന്ന കോൺഗ്രസ് നിലപാടിന് കരുത്ത് പകരുന്നതാണ് പുതിയ തീരുമാനവും.