കുവൈറ്റ് സിറ്റി: നിലവിലുള്ള പേപ്പർ ജനന സർട്ടിഫിക്കറ്റിനു പകരം സ്മാർട്ട് കാർഡ് പദ്ധതി നടപ്പിലാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാകുന്ന നടപടി ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഹെൽത്ത് മിനിസ്ട്രിയിലെ ലീഗൽ അഫേഴ്‌സ് അണ്ടർ സെക്രട്ടറി വ്യക്തമാക്കി.

ഏറ്റവും പുതിയ സാങ്കേതികതയോട് കിടപിടിക്കാനും തട്ടിപ്പുകൾ തടയാനുമാണ് ഇത്തരത്തിൽ സ്മാർട്ട് കാർഡ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായത്. നിലവിലുള്ള സിവിൽ ഐഡിയോട് സാദൃശ്യമുള്ള തരത്തിലാണ് സ്മാർട്ട് കാർഡ് നിർമ്മിക്കുക. ഉടമയുടെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തുന്നതിനായി ഒരു സിം കാർഡോടു കൂടിയായിരിക്കും സ്മാർട്ട് കാർഡ് നൽകുക. സിവിൽ ഐഡി നിർമ്മിക്കുന്ന കമ്പനി തന്നെയായിരിക്കും സ്മാർട്ട് കാർഡ് നിർമ്മിക്കുക. ഇതു സംബന്ധിച്ച കരാർ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വെളിപ്പെടുത്തി.

പദ്ധതിയുടെ തുടക്കത്തിൽ സ്മാർട്ട് കാർഡ് നിർബന്ധമാക്കില്ലെന്നും എന്നാൽ പിന്നീട് ജനന സർട്ടിഫിക്കറ്റിനു പകരം സ്മാർട്ട് കാർഡ് നിർബന്ധമാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.