തിരുവനന്തപുരം: രാജ്യത്തെ നൂറ് സ്മാർട് നഗരങ്ങളുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച കേരളത്തിന്റെ തലസ്ഥാന നഗരം ബാംഗ്ലൂർ മഹാനഗരത്തെ പോലും പിന്തള്ളിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. നഗരത്തിന്റെ വികസനം തന്നെ വേറൊരു തലത്തിലേക്കെത്തിക്കുന്ന പദ്ധതിയുടെ കൺസൽട്ടന്റായി ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നതാകട്ടെ അസം സർക്കാർ കരിമ്പട്ടികയിലുൾപ്പെടുത്തിയിരിക്കുന്ന ഒരു കമ്പനിക്കും.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാദിയ ടെക്‌നോ എൻജിനിയറിങ് സർവീസസ് കമ്പനിയെ പാലം നിർമ്മാണത്തിലെ തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുമായുള്ള സകല കരാറുകളും അസം സർക്കാർ റദ്ദു ചെയ്തത്.തുടർന്ന് അസംമുഖ്യമന്ത്രി സർബാനന്ദ സോനോ വാളിന്റെ നിർദ്ദേശത്തെ തുടർന്ന്‌പൊതുമരാമത്ത് വകുപ്പ്കമ്പനിയെ കരിമ്പട്ടികയിൽ ഉൾപെടുത്തുകയായിരുന്നു.മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നൽകുന്ന 500 കോടിയുൾപ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാർട്സിറ്റി പദവി ലഭിച്ചതോടെ തിരുവനന്തപുരത്തിനു ലഭിക്കുക.

കൂടുതലായി ചെലവാകുന്ന പണം സംസ്ഥാന സർക്കാരോ കോർപറേഷനോ മറ്റു കേന്ദ്രപദ്ധതികൾ സംയോജിപ്പിച്ചു കണ്ടെത്തണം. 45 നഗരങ്ങളാണു തലസ്ഥാനത്തിനൊപ്പം രണ്ടാംഘട്ടത്തിൽ സ്മാർട്സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.മീററ്റ്, ഗസ്സിയാബാദ് തുടങ്ങിയ നഗരങ്ങൾക്കു സ്ഥാനം കിട്ടാത്ത പട്ടികയിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി പട്ടികയിൽ ഇടംനേടിയിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലിയെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതിനായി ബഹ്മപുത്ര നദിക്കു കുറുകെ പാലം നിർമ്മിക്കുന്നതിന് സർവ്വേയും വിശദമായ പദ്ധതി രേഖാ സമർപ്പണത്തിനുമായി കഴിഞ്ഞ ജനുവരിയിൽ വാദിയയെയും ദക്ഷിണ കൊറിയൻ കമ്പിനിയായ യോഷിൻ എഞ്ചിനീയറിങ് കോർപ്പറേഷനെയും അസം സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ നാളിതുവരെയും വിശദമായ പദ്ധതി രേഖ സമർപ്പിക്കാത്തതിനെ തുടർന്നാണ് രണ്ടു കമ്പനിക്കെതിരെയും അസം സർക്കാർ നടപടി സ്വീകരിച്ചത്.കൃത്രിമ നടത്തിയതിന് ചന്ദ് മാരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്ട്രർ ചെയ്ത് എഫ് ഐ ആറും ഇട്ടിരുന്നു.

തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി സ്ഥാപിക്കുന്നതുമായിി ബന്ധപ്പെട്ട് ചേർന്ന ഫിനാൻഷ്യൽ ബിഡ് വിശകലന യോഗത്തിൽ മറ്റ് കമ്പനികളെ പിന്നിലാക്കിക്കൊണ്ട് വാഡിയ ഒന്നാം സ്ഥാനത്തെത്തിയത്. ഫിനാൻഷ്യൽ ബിഡിലെ കുറഞ്ഞ തുകയാണ് വാഡിയയെ തിരഞ്ഞെടുത്തത്. 27 കോടി 16 ലക്ഷമാണ് കമ്പനിയുടെ കരാർ തുക.

സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സിഇഒ ഡോ. കെ.എം. ബീന, ഫിനാൻസ് എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി ശർമിള മേരി ജോസഫ്, തദ്ദേശസ്വയംഭരണവകുപ്പ് (അർബൻ) സെക്രട്ടറി ബി. അശോക്, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ, ടൗൺ പ്ലാനർ രമണൻ എന്നിവരടങ്ങിയ സമിതിയാണ് കൺസൾട്ടൻസിയെ തെരഞ്ഞെടുത്തത്.നേരത്തെ നടന്ന സാങ്കേതിക പരിശോധനയിലും വാഡിയ ഗ്രൂപ്പ് തന്നെയാണ് മുന്നിൽ നിന്നതെന്ന് മേയർ വി.കെ. പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഐപിഇ ഗ്ലോബൽ ലിമിറ്റഡ് 27 കോടി 77 ലക്ഷം രൂപയ്ക്കും മഹീന്ദ്ര ഗ്ലോബൽ എൻജിനിയറിങ് ലിമിറ്റഡ് 27 കോടി 96 ലക്ഷം രൂപയ്ക്കുമാണ് ടെൻഡർ നൽകിയിരുന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കമ്പനിക്ക് ഔദ്യോഗിക അംഗീകാരം നൽകാനായിരുന്നു പദ്ധതിയെങ്കിലും കരിമ്പട്ടികയിലുൾപ്പെടുത്തിയതിനെ കുറിച്ച് കമ്പനിയോട് വിശദീകരണം ചോദിക്കുമെന്നാണ് ഔദ്യോഗികമായ വിശദീകരണം. സ്മാർട് സിറ്റിയുമായി ബന്ധപ്പെട്ടു നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയാറാക്കേണ്ട ചുമതലയാണ് വാദിയ ഗ്രൂപ്പിനുള്ളത്. മൂന്നു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം കോർപറേഷൻ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ നിർമ്മാണവും തുടങ്ങുമെന്നാണ് കരാർ.