ഇന്ത്യൻ റെയിൽവേയെക്കുറിച്ച് എല്ലാവർക്കും പരാതിയാണ്. അടിക്കടി വർധിപ്പിക്കുന്ന തീവണ്ടി നിരക്കുകൾ, മനുഷ്യരെ അന്തംവിടിപ്പിക്കുന്ന പരിഷ്‌കാരങ്ങൾ, പുതിയ തീരുമാനങ്ങൾ എന്നിങ്ങനെ വൻ പരാതികളാണ് ഓരോ ദിവസവും ഉയരുന്നത്. എന്നാൽ അങ്ങനെ പരാതിപ്പെട്ടാൽ മാത്രം പോരല്ലോ. ഇടയ്‌ക്കെങ്കിലും ഒന്ന് സന്തോഷിക്കണമല്ലോ.

അങ്ങനെ സന്തോഷിക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ പറയാം. റെയിൽവേ എടുത്ത ചില തീരുമാനങ്ങലാണ് ഇവിടെ പറയുന്നത്. ഇപ്പോഴത്തെ റെയിൽവേ കോച്ചുകളെ സ്മാർട്ട് കോച്ചുകൾ ആക്കാനുള്ള പദ്ധതിയാണ് റെയിൽവേ ഒരുക്കുന്നത്. നിങ്ങനെ വിളിച്ചെഴുന്നേൽപ്പിക്കാൻ അലാറം, വൈഫൈ, ലൈവ് അനൗൺസ്‌മെന്റുകൾ, മൊബൈൽ ചാർജറുകൾ, ടിക്കറ്റ് വെൻഡിങ്ങ് മെഷീനുകൾ എന്നിവ ഉൾപ്പെടെയുള്ള സ്മാർട്ട് കോച്ചുകളാണ് റെയിൽവേ പ്രഖ്യാപിക്കുന്നത്.

ഇങ്ങനെയൊക്കെ ഉള്ള ട്രെയിനിൽ കയറണമെങ്കിൽ വീടിന്റെ പ്രമാണം പണയം വെയ്‌ക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ധാരണ ആയിട്ടില്ല. വിമാനങ്ങളുടെ ഉൾഭാഗത്തിന് സമാനമായ രീതിയിൽ കോച്ചുകളുടെ ഉൾഭാഗം മാറ്റും. പകൽ സമയങ്ങളിൽ മാത്രമായിരിക്കും ലൈവ് അനൗൺസ്‌മെന്റ് ഉണ്ടായിരിക്കുക. ടിക്കറ്റ് വെൻഡിങ്ങ് മെഷീനെക്കൂടാതെ വെള്ളം, കോഫി, ചായ, മറ്റ് പാനിയങ്ങൾ എന്നിവയ്ക്ക് വേണ്ടിയും മെഷീനുകൾ ഉണ്ടാകും.
ഓരോ യാത്രക്കാരനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ലാപ്‌ടോപ്പ് ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഉണ്ടാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി സൗകര്യവും ഇതിലുണ്ടാകും. ഈ മാസത്തെ റെയിൽ ബജറ്റിൽ സ്മാർട്ട് കോച്ച് പ്രഖ്യാപിക്കുമെന്നാണ് സൂചന.