സൗദിയുടെ സുരക്ഷ ഉറപ്പാക്കുവാനായി സ്മാർട്ട് വിമാനങ്ങൾ വരുന്നു. റിമോട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വിമാനങ്ങൾ രാജ്യത്തേക്കുള്ള കര, കടൽ പ്രവേശന കവാടങ്ങളാണ് നിരീക്ഷിക്കുക. സംവിധാനത്തിന്റെ ആദ്യഘട്ട നിരീക്ഷണം ബഹ്‌റൈനിലെ കിങ് ഫഹദ് കോസ്വേയിലാണ് നടക്കുക. പാസ്‌പോർട്ട് ഡയറക്ടറേറ്റാണ് അതിർത്തികൾ നിരീക്ഷിക്കുവാനായി ഈ നൂതന സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

റിമോട്ട് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന വിമാനങ്ങളിൽ സൂക്ഷമ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതു വഴി ഉദ്യോഗസ്ഥർക്കു ഓഫീസിലിരുന്ന് വാഹനങ്ങള് നിരീക്ഷിക്കാം. ബാറ്ററിയാൽ പ്രവർത്തിക്കുന്ന വിമാനങ്ങൾ തുടർച്ചയായി ആറു മണിക്കൂറാണ് പ്രവർത്തിക്കുക. ചാർജ്ജ് തീരാനാകുമ്പോൾ പ്രവർത്തനം ആരംഭിച്ചയിടത്തുതന്നെ വിമാനം സ്വയം ലാൻഡു ചെയ്യും.

ആദ്യഘട്ട പരീക്ഷണത്തിനു ശേഷം മറ്റു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കും. കർശന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും വാഹനങ്ങൾ അതിർത്തി കടന്നു പോവുക. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശാല പദ്ധതികൂടിയാണിത്.