- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കടം പറഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ സന്തോഷത്തോടെ ടിക്കറ്റ് കൈമാറി; ഇപ്പോൾ ഫോണിൽ ബുക്ക് ചെയ്ത ടിക്കറ്റിന് രണ്ടാം സമ്മാനം; 25 ലക്ഷം കിട്ടിയത് ചെന്നൈ സ്വദേശിക്ക്; വാക്കിന് കോടികളേക്കാൾ വിലയുണ്ടെന്ന് തെളിയിച്ച സ്മിജയെ കടാക്ഷിച്ച് വീണ്ടും ഭാഗ്യദേവത
കോലഞ്ചേരി: പറഞ്ഞ വാക്കിന് കോടികളേക്കാൾ വിലയുണ്ടെന്ന് തെളിയിച്ച പട്ടിമറ്റം സ്വദേശി ലോട്ടറി വിൽപനക്കാരിയായ സ്മിജയെ ആരും മറന്നുകാണില്ല. കഴിഞ്ഞ വർഷം സ്മിജയിൽ നിന്നും ചന്ദ്രൻ എന്നയാൾ വാങ്ങിയ ആറുകോടിയുടെ സമ്മർ ബമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റിന്റെ പണം പോലും നല്കിയിരുന്നില്ലെങ്കിലും ചന്ദ്രന് ആ ടിക്കറ്റ് കൈമാറാൻ സ്മിജ മടി കാണിച്ചില്ല. ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റ് നറുക്കെടുപ്പിന് ശേഷം ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ കൈമാറുകയായിരുന്നു. ആ സത്യസന്ധതയെ അന്ന് കേരളം ഏറെ പുകഴ്‌ത്തിയതാണ്.
ജീവിതത്തിൽ സത്യസന്ധത പുലർത്തുന്ന ആ യുവതിയെ തേടി വീണ്ടും ഭാഗ്യ ദേവതയെത്തി. സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടിയാണ് സമ്മാനമെത്തിയത്. ഇത്തവണ സ്മിജ വിറ്റ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത് ചെന്നൈയിൽ താമസിക്കുന്ന സുബ്ബറാവു പത്മത്തിനാണ്. സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിന് ലഭിച്ചത്. അത് ഉടമയ്ക്ക് കൈമാറാൻ കാത്തിരിക്കുകയാണ് സ്മിജ.
ആലുവയിലെ വിഷ്ണു ലോട്ടറീസിൽ നിന്നെടുത്ത ടിക്കറ്റിലെ എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കിൽ നിന്നും വിരമിച്ച പത്മം ചെന്നൈയിൽ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കേരളത്തിൽ തീർത്ഥാടനത്തിന് എത്തുന്ന പതിവുണ്ട് പത്മത്തിന്. ഇതുവഴിയാണ് സ്മിജയുമായി അടുപ്പത്തിലാവുന്നത്. മിക്കവാറും മാസങ്ങളിൽ പത്മം ബാങ്കിലൂടെ പണം നൽകി ടിക്കറ്റെടുക്കും. സമ്മാന വിവരം വിളിച്ചറിയിച്ചത് സ്മിജ തന്നെയാണ്. രണ്ട് ദിവസത്തിനുള്ളിൽ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങാനിരിക്കുകയാണ് സുബ്ബറാവു പത്മം.
സാമ്പത്തികമായി സഹായിക്കാമെന്ന് നിരവധി തവണ പത്മം സ്മിജയോട് പറഞ്ഞിരുന്നു. എന്നാൽ സഹായം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു സ്മിജ. സ്മിജയുടെ സത്യസന്ധതയും ആത്മാർത്ഥതയുമാണ് കൂടപ്പിറപ്പിനെ പോലെ സ്‌നേഹിക്കുവാൻ പ്രചോദനമായതെന്ന് പത്മം പറഞ്ഞു. കഴിഞ്ഞ വർഷം ചന്ദ്രന് വീട്ടിലെത്തി ടിക്കറ്റ് കൈമാറിയതോടെ സ്മിജ രാജേശ്വരൻ എന്ന ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരി സമൂഹത്തിൽ താരമായി മാറുകയായിരുന്നു.
ഇതിനിടെ ലഭിച്ച ചെറിയ സമ്മാനങ്ങളുടെ തുക സ്മിജ, സുബറാവു പത്മയ്ക്ക് കൈമാറിയിരുന്നു. അപ്രതീക്ഷിതമായിട്ടാണ് സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനവും സ്മിജയെ തേടിയെത്തിയത്. ടിക്കറ്റ് പണം അടച്ച് ബുക്ക് ചെയ്ത സുബറാവു പത്മ വരുന്നതും കാത്തിരിക്കുകയാണ് സ്മിജ.
രാജഗിരി ആശുപത്രിക്ക് മുന്നിൽ വർഷങ്ങളായി ടിക്കറ്റ് വിൽക്കുന്നയാളാണ് സ്മിജ. കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. മൂത്തമകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. ജഗത്തും ലുഖൈദുമാണ് സ്മിജയുടെ മക്കൾ.
മറുനാടന് മലയാളി ബ്യൂറോ