സ്മിത ശ്രീവാസ്തവയ്ക്ക് ഗിന്നസ് കൈയെത്തും ദൂരെയാണ്. അതിനവർ പെടുന്ന പെടാപ്പാടിന് നീളമേറും. ഏഴടിയിലേറെ (2.1 മീ.) നീളമുള്ള തലമുടിയുമായാണ് അലഹബാദുകാരിയായ സ്മിത ശ്രീവാസ്തവ ഗിന്നസ് ബുക്ക് ലക്ഷ്യമിടുന്നത്. മുടിയഴകിന്റെ പേരിൽ ഇതിനകം ഒട്ടേറെ ബഹുമതികൾ അവരെ തേടിയെത്തിയിട്ടുമുണ്ട്.

ഇന്ത്യൻ റെക്കോഡ് പുസ്തകമായ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ സ്മിതയുടെ പേരുണ്ട്. ഇന്ത്യയിലേറ്റവും നീളമുള്ള മുടിക്കാരി എന്ന റെക്കോഡ്. മുടിക്ക് ആറടി (1.80 മീ) നീളമുണ്ടായിരുന്നപ്പോഴാണ് ഈ റെക്കോഡിന് അവകാശിയായത്. ഇപ്പോൾ, ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് സ്മിത.

മുടി പരിചരണത്തിന് സ്മിതയ്ക്ക് ഒരു ദിവസം തികയാത്ത അവസ്ഥയാണ്. തന്റെ മുടിയാണ് തന്റെ തിരക്കിന് കാരണമെന്ന് അവർ പറയുന്നു. മുടിയുടെ പേരിൽ നാട്ടിൽ വലിയ പ്രസിദ്ധിയും ഈ 37-കാരിക്കുണ്ട്. ഷോപ്പിങ്ങിനോ മറ്റോ പുറത്തിറങ്ങിയാൽ ആളുകളെല്ലാം തിരിച്ചറിയും. സ്ത്രീകളും കുട്ടികളും അടുത്തെത്തി മുടിയിൽ തൊട്ടുനോക്കും. ഇതു വെയ്‌പ്പുമുടിയാണെന്ന് കരുതുന്നവരേറെയാണ്. എന്നാൽ, യഥാർത്ഥ മുടിയാണെന്ന് അറിയുമ്പോൾ അവർ അതിശയം കൊണ്ട് സ്തബ്ധരാകും.

കുട്ടിയായിരിക്കുമ്പോൾ തുടങ്ങിയതാണ് സ്മിതയുടെ മുടിപ്രേമം. മകളുടെ താത്പര്യത്തിന് വീട്ടുകാരും കൂട്ടുനിന്നു. അലഹബാദിലെ ഒട്ടേറെ എണ്ണക്കമ്പനികളുടെ ബ്രാൻഡ് അംബാസഡറാണ് സ്മിത. നാട്ടിൽ നടക്കുന്ന സൗന്ദര്യമത്സരങ്ങൾക്കൊക്കെ വിധികർത്താവായും പോകുന്നു.

ഇതൊക്കെയാണെങ്കിലും, ഗിന്നസ് റെക്കോഡിന് സ്മിതയ്ക്ക് ഇനിയുമേറെ ദൂരം പോകാനുണ്ടെന്നാണ് സൂചന. 2004 മുതൽ ഈ റെക്കോഡ് സ് ക്വിപിങ് എന്ന ചൈനക്കാരിയുടെ പേരിലാണ്. അവരുടെ മുടിയുടെ നീളം കേട്ടാൽ തലകറങ്ങിപ്പോകും. 18 അടി 5.54 ഇഞ്ചാണ് രേഖപ്പെടുത്തപ്പെട്ട നീളം. അഞ്ച് മീറ്റർ 62 സെന്റീമീറ്റർ!