കുവൈത്ത് സിറ്റി: രാജ്യത്ത് നിരോധിത മേഖലകളിൽ പുകവലിക്കുന്നവർക്കെതിരായ നിയമം ഈ ആഴ്ചയോടെ കർശനമാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അഥോറിറ്റി അധികൃതർ അറിയിച്ചു. പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നിയമങ്ങളാണ് ഈ ആഴ്ചയോടെ പ്രാബല്യത്തിൽ കൊണ്ടുവരിക. ഇതോടെ മാളുകൾക്കുള്ളിൽ പുകവലിച്ചാൽ 50 കുവൈറ്റ് ദിനാറിനും 100 കുവൈറ്റ് ദിനാറിനും ഇടയ്ക്ക് പിഴ അടയ്‌ക്കേണ്ടിവരുമെന്ന് എൻവയോൺമെന്റ് പബ്ലിക് അഥോറിറ്റി അറിയിച്ചു

പരിസ്ഥിതി പൊലീസിനാണ് നിയമലംഘകരെ പിടികൂടാനുള്ള ചുമതല. പാതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് വിലക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഉത്തരവ് മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും നിയമം ഇതുവരെ ശക്തമായി നടപ്പാക്കിയിരുന്നില്ല. വിമാനത്താവളം, പാർക്കുകൾ, ലൈബ്രറി, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലി നിരോധനം നിലനിൽക്കുന്നുണ്ട്. കൂടാതെ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കഫേകൾ പോലെയുള്ള അടച്ചിട്ട വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പുകവലിക്കുന്നതിന് പരിസ്ഥിതി ഡിപ്പാർട്ട്‌മെന്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് 50 ദീനാർ മൂതൽ100 ദീനാർ വരെ പിഴ ചുമത്തും. അതുപോലെ, മറ്റ് ഉപഭോക്താക്കൾക്കിടയിൽവച്ച് ആളുകളെ പുകവലിക്കാൻ അനുവദിക്കുന്ന ഹോട്ടലുടമകൾക്ക് 5000 ദീനാർ പിഴ ചുമത്താനാണ് പുതിയ പരിസ്ഥിതി നിയമം അനുശാസിക്കുന്നത്. സാധാരണ സിഗരറ്റുകൾക്കുപുറമെ ഇപ്പോൾ പുതുതായി പ്രചാരത്തിലുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ ഇത്തരം ഇടങ്ങളിൽവച്ച് വലിക്കുന്നതും പിഴ ഈടാക്കാൻ പോന്ന കുറ്റമായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പുകവലി നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി രാജ്യത്തെ എല്ലാ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും പരിസ്ഥിതി പൊലീസിന്റെ പ്രത്യേക ഓഫിസുകൾ ഇതിനകം നിലവിൽ വന്നിട്ടുണ്ട്. അതേസമയം, വാണിജ്യകേന്ദ്രങ്ങളിലും മാളുകളിലും പുകവലിക്കുന്ന ഉപഭോക്താക്കൾക്കുവേണ്ടി പ്രത്യേക സ്ഥലം നിർണയിച്ചുകൊടുക്കും. അത്തരം സ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളില്‌ളെന്നും പരിസ്ഥിതി പൊലീസ് വ്യക്തമാക്കി.