ന്യൂഡൽഹി: 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തന്നെ ജനമനസുകളിൽ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികൾ. അമേഠിയിൽ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് തോറ്റെങ്കിലും പുതിയ പരീക്ഷണത്തിലൂടെ ജനഹൃദയം കീഴടക്കാനുള്ള ശ്രമത്തിലാണ് സ്മൃതി ഇറാനി. വരുന്ന ദീപാവലിക്ക് തന്റെ വക 10,000 സാരികൾ അമേഠിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്മൃതിയും ബിജെപി നേതൃത്വവും. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട ശേഷം മണ്ഡലത്തിലെ വനിതകൾക്കായി സ്മൃതി സാരി വിതരണം നടത്തിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയെങ്കിലും ബിജെപിക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി. സ്മൃതി ഇറാനിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാർട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേഠിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാർട്ടി വിലയിരുത്തൽ.

ദീപാവലി ആഘോഷത്തിന് പാർട്ടിയുടെ വനിതാപ്രവർത്തകർക്ക് സമ്മാനം നൽകി അവരെ സന്തോഷിക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും കൂടിയാണിതെന്ന് മന്ത്രിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. അമേഠിയിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ ഏറ്റവും ശക്തയും സ്വാധീനവുമുള്ള പ്രവർത്തകയാണ് സ്മൃതിയെന്ന് പാർട്ടി നേതാവ് ഉമാശങ്കർ പാണ്ഡേ പറഞ്ഞു.

2014 ലെ അമേഠിയിൽ സ്മൃതി ഇറാനിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയതും പാർട്ടിയിൽ സ്മൃതിക്കുള്ള സ്വാധീനം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പാർട്ടിക്ക് തന്നിലുള്ള വിശ്വാസം കൂടുതലുറപ്പിക്കാൻ സ്മൃതിക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണഭാഗമായി മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ദീപാവലിക്കു ശേഷം പ്രചരണപ്രവർത്തനങ്ങൾക്കായി സ്മൃതി അമേഠിയിലെത്തുമെന്നാണ് ഔദ്യോഗികവിവരം. തിരഞ്ഞെടുപ്പ് വിജയത്തിനായി ഇരുമുന്നണികളും നിരവധി തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്.

സാരി സമ്മാനിക്കുന്നത് സ്മൃതിയെ വിജയത്തിലെത്തിക്കുമെന്നുള്ള കണക്കുകൂട്ടൽ വെറുതെയാണെന്ന് കോൺഗ്രസ് സെക്രട്ടറി ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ബിജെപിക്ക് അമേഠിയിൽ വെന്നിക്കൊടി പാറിക്കാമെന്നത് വെറും വ്യാമോഹമാണെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നു.