അംറേലി: കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിക്കെതിരേ വളകളെറിഞ്ഞു വ്യത്യസ്ത പ്രതിഷേധം. ഗുജറാത്തിലെ അംറേലിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു യുവാവ് വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വളയെറിഞ്ഞത്.

പ്രതിഷേധ പ്രകടനം നടത്തിയ ഖേതൻ കാശ്വാലയെ (20) പൊലീസ് പിടികൂടി. അംറേലി ജില്ലയിലെ മോട്ട ബന്ദാരിയ പ്രദേശത്തുകാരനാണ് ഖേതൻ. വളയെറിഞ്ഞതിലൂടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതീകാത്മകമായി ആവശ്യപ്പെടുകയായിരുന്നു കേതൻ എന്നാണ് പ്രദേശത്തെ കോൺഗ്രസ്സ് നേതാവ് പറയുന്നത്.

മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി. വേദിയിൽ നിന്ന് അകലെയായുള്ള ഇരിപ്പിടത്തിൽ നിന്ന് ഖേതൻ പൊടുന്നനെ എഴുന്നേറ്റ് രണ്ട് മൂന്നു വളകൾ സ്മൃതി ഇറാനിക്ക് നേരെ എറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഖേതനെ പിടിച്ച പൊലീസുകാരോട് അയാളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം വളയെറിയട്ടെയെന്നും ആ വള അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് താൻ സമ്മാനമായി നൽകുമെന്നും സ്മൃതി ഇറാനി മൈക്കിലൂടെ പൊലീസുകാരോട് വിളിച്ചു പറഞ്ഞു.