ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹം. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപ മുഖ്യമന്ത്രി നിതിൻ പട്ടേലും അടക്കമുള്ളവർക്ക് ജനപ്രീതി കുറഞ്ഞതാണ് ഗുജറാത്തിൽ പാർട്ടി പിന്നോക്കം പോകാൻ കാരണമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ജനപ്രീതിയുള്ള നേതാവിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന വികാരവും ഒരുവശത്തുണ്ട്. അങ്ങനെ ഉയർന്ന വരുന്ന പേരുകളിൽ ഒരാളാണ് സ്മൃതി ഇറാനിയുടേതു. എന്നാൽ, ഗുജറാത്തി അല്ലെന്നത് സ്മൃതിക്ക് തിരിച്ചടിയാകുന്ന ഘടകമെന്നാണ് അറിയുന്നത്. സ്മൃതിയുടെ പേരുകൾ ഉയർത്തിവിടുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും നേതാക്കൾ പറയുന്നു.

മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയിൽ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്. ഇതിനുള്ള അന്വേഷണിത്തിലാണ് ബിജെപി. നരേന്ദ്ര മോദി ഏറെ പണിപ്പെട്ടാണ് ഗുജറാത്തിൽ അധികാരം തിരികെ പിടിച്ചത്. തുടർച്ചയായി 22 വർഷം ഗുജറാത്ത് ഭരിച്ച് ബിജെപിക്ക് ആറാം തവണത്തേത് കടുത്ത പോരാട്ടമായതാണ് സംസ്ഥാനത്തിന് ശക്തനായ നേതൃത്വം വേണമെന്ന ആലോചനകളിലേക്ക് പാർട്ടിയെ കൊണ്ട് ചെന്നെത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 115 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് മൂന്നക്കം കടക്കാതെ 99ൽ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നത്. മാത്രമല്ല സംസ്ഥാനത്ത് ഏതാണ്ട് നിഷ്പ്രഭമായിരുന്ന കോൺഗ്രസ്സ് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു.

മോദിയുടെ പ്രതിഛായയുള്ള പ്രശസ്തനായ ഒരാൾ തന്നെ വേണമെന്ന പാർട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്. നിലവിൽ വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ മന്ത്രിയായ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ വിശ്വസ്ത മന്ത്രിസഭാംഗങ്ങളിലൊരാളാണ്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ സ്മൃതി ഇറാനി തള്ളിക്കളഞ്ഞു. കേന്ദ്ര മന്ത്രിയായ മൻസുഖ് എൽ മന്ദവിയയാണ് പരിഗണന പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.കർണാടക ഗവർണർ വാജുഭായ് വാലയുടെ പേരും പരിഗണനയിലുണ്ട്.

ഇരുപത്തിയഞ്ചാം തീയതി സത്യപ്രതിഞ്ജ നടത്താൻ ബിജെപി ഒരുക്കം തുടങ്ങിയെങ്കിലും മുഖ്യമന്ത്രി ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപി ഗുജറാത്തിൽ ആറാം വട്ട ജയം നേടിയത്. സംസ്ഥാനമുഖ്യമന്ത്രി വിജയ് രൂപാണിയെ ജയിപ്പിക്കാൻ വേണ്ടി മോദി രാജ്കോട്ടിൽ നടത്തിയത് മൂന്ന് റാലികളാണ്. ആറു ക്യാബിനറ്റ് മന്ത്രിമാരാണ് ഇത്തവണ തോറ്റത്.

സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ജനവിധിയിൽനിന്ന് വ്യക്തമാണ്. അതുകൊണ്ട് മോദി ഗുജറാത്തിന്റെ ചുമതല പുതിയ ഒരാളെ ഏൽപിച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ട്. അതേസമയം അമിത് ഷായ്ക്ക് താൽപര്യം വിജയ് രൂപാണിയെതന്നെയാണെന്നും അറിയുന്നു. ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ ജിതു വഗാനി, എന്നിവർക്ക് പുറമെ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പരുഷോത്തം രൂപാല, മൻസുക് മാണ്ഡ്യവ്യ കർണാടക ഗവർണർ വാജുഭായ് വാല എന്നിവരുടെപേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.

ധനമന്ത്രി അരുൺ ജയ്റ്റ്ലി, പാർട്ടി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ഏകോപിപ്പിക്കും. സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടായെങ്കിലും നൂറ് സീറ്റ് പോലും നേടാനാകാത്ത സാഹചര്യം ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്. വീഴ്ച സംബന്ധിച്ചുള്ള വിശദപരിശോധന അമിത് ഷാ നടത്തും. കോൺഗ്രസിന്റെ മുൻനിരനേതാക്കളായ അർജുൻ മോദ്വാഡിയ തോറ്റതോടെ അമ്രേലിയിനിന്നും ജയിച്ച പരേഷ് ധനാനിയായിരിക്കും പ്രതിപക്ഷ നേതാവ് എന്ന സൂചനയാണ് പുറത്തുവരുന്നത്.

അതേസമയം ആർഎസ്എസിന് താൽപ്പര്യമില്ലായ്മ സ്മൃതി ഇറാനിയുടെ സ്ഥാനലബ്ദിക്ക് തടസമായി മാറിയേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ മാനവവിഭവ വകുപ്പ് ശേഷി മന്ത്രിസ്ഥാനത്തു നിന്നും ടെക്‌സ്റ്റെയിൽ വകുപ്പിലേക്ക് സ്മൃതിയെ മാറ്റിയതോടെ രാഷ്ട്രീയ ഉന്നതിയിൽ നിന്നുള്ള വീഴ്‌ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ് ജാവഡേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി. ഇതോടെയാണ് സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈൽസ് വകുപ്പിന്റെ ചുമതല നൽകിയത്. മോദ മന്ത്രിസഭയിൽ ഏറ്റവും അധികം വിവാദങ്ങളുണ്ടാക്കിയ മന്ത്രിയായിരുന്നു സ്മൃതി ഇറാനി. സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും അധികം ട്രോളിംഗിന് വിധേയയാതും അവരായിരുന്നു.

മോദി മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് മാറിയ രോഹിത് വെമൂല വിഷയത്തിൽ അടക്കം പ്രതിക്കൂട്ടിൽ നിന്നത് സ്മൃതി ഇറാനിയായിരുന്നു. പാർലമെന്റിലെ വികാരനിർഭരമായ പ്രസംഗവും അടക്കം എല്ലായെപ്പോഴും മാധ്യമങ്ങളിൽ വിവാദങ്ങളുടെ തോഴിയായി അവർ നിറഞ്ഞു നിന്നു. ഹിന്ദി സീരിയൽ നടിയിൽ നിന്നുള്ള പ്രശസ്തിയോടെയാണ് സ്മൃതി ഇറാനി ബിജെപിയിൽ എത്തുന്നത്. ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമായി നിന്ന നല്ലവണ്ണം തന്നെ അവർ വളർന്നു. ഇതോടെയാണ് മോദിയുടെ ഇഷ്ടക്കാരിയായതും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വിറപ്പിക്കുന്ന വിധത്തിൽ മത്സരം നടത്താനും അവർക്ക് സാധിച്ചു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ മോദി മന്ത്രിസഭയിൽ അംഗമാക്കിയതും.

മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയാക്കി മുൻ സീരിയൽ നടിയെ നിയമിച്ചു എന്നതായിരുന്നു തുടക്കം മുതൽ തന്നെ വിവാദത്തിലായത്. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയും ചർച്ചയായി. വ്യാജ സർട്ടിഫിക്കറ്റ് വിവാദം അടക്കം മന്ത്രിക്കെതിരെ ഉയർന്നു. എന്നാൽ, ഏറെ വിവാദങ്ങലും മുൻവിധിയോടെയുള്ളതായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം മന്ത്രിയുടെ പല പരാമർശങ്ങളും ട്രോളിംഗിന് ഇരയായി. ചില സമയങ്ങളിൽ തന്റെ മൂർച്ചയേറിയ നാക്കിന്റെ പേരിലും അഭിനയത്തിന്റെ പേരിലും ആണെങ്കിൽ മറ്റു ചില സമയങ്ങളിൽ അത് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചും സർവകലാശാലാ അദ്ധ്യാപകരെ താഴ്‌ത്തിക്കെട്ടിയതിന്റെ പേരിലും സ്മൃതി വിവാദത്തിലായി.