ന്യൂഡൽഹി:കുടുംബവാഴ്ച ഇന്ത്യയിൽ പതിവാണെന്ന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. പരാജയപ്പെട്ട കുടുംബവാഴ്ചയുടെ മുഖമാണ് രാഹുൽ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ കഴിവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കളാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ബിജെപി ദേശീയ അദ്ധ്യക്ഷൻ എന്നിവരെല്ലാം രാഷ്ട്രീയ പശ്ചാത്തത്തിൽ നിന്ന് വരുന്നവരല്ല.

കുടുംബവാഴ്ചയുടെ പരാജയപ്പെട്ട മുഖമായ രാഹുൽ തന്റെ തോൽവിയടഞ്ഞ രാഷ്ട്രീയ യാത്രയെകുറിച്ചാണ് അമേരിക്കയിൽ സംസാരിച്ചത്.തന്റെ പരാജയപ്പെട്ട തന്ത്രങ്ങൾ മൂലം പാർട്ടിയെ ജനങ്ങൾ തള്ളിക്കളഞ്ഞ് പശ്ചാത്തലത്തിൽ അദ്ദേഹം അന്താരാഷ്ട്രവേദികളിൽ പോയി പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് വിശദീകരിക്കുകയാണ്.

സോണിയ ഗാന്ധിക്ക് കീഴിൽ കോൺഗ്രസുകാർ ധാർഷ്ട്യക്കാരായെന്ന രാഹുലിന്റെ വിലയിരുത്തൽ രസകരമാണെന്നും അത് ആ പാർട്ടി പരിശോധിക്കട്ടെയെന്നും സ്മൃതി ഇറാനി പറഞ്ഞു.അന്താരാഷ്ട്രവേദികളിൽ പ്രധാനമന്ത്രിയം വിലകുറച്ചുകാണിക്കുന്ന രാഹുലിന്റെ രീതിയിൽ അത്ഭുതമില്ലെന്നും മന്ത്രി വ്യക്തമാക്കി.