ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്തമാക്കി.

അമേഠിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളിലൂടെയും നിരന്തരമായ ഇടപെടലുകളിലൂടെയും സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു.

കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധിയെ അമേഠി കൈവിട്ടപ്പോൾ വയനാട്ടിലെ വിജയമായിരുന്നു ലോക്‌സഭയിലേക്ക് കടന്നുവരാൻ വഴിയൊരുക്കിയത്. എന്നാൽ അമേഠിക്ക് പിന്നാലെ വയനാട്ടിലും ബിജെപിയെ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് സ്മൃതി മണ്ഡലത്തിലേക്ക് എത്തുന്നത്.

ഡൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന രാഹുൽ വയനാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. എന്നാൽ മണ്ഡലത്തിൽ സജീവ ഇടപെടൽ നടത്തുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമേറുകയാണ്.