പാലക്കാട്: ഇ-മെയിൽ മുഖേനയും എസ്.എം.എസ് വഴിയും ലോട്ടറി അടിച്ചെന്നു വരുത്തി പണം തട്ടുന്ന രീതി പരിഷ്‌കരിച്ച് മൊബൈൽ കമ്പനി സേവനദാതാക്കളുടെ പേരിൽ ഉപയോക്താക്കളെ ഫോണിൽ നേരിട്ടു വിളിച്ച് പുതിയ തട്ടിപ്പ്. പ്രധാനമായും എയർടെൽ വരിക്കാരെ ഉദ്ദേശിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ തട്ടിപ്പിനെക്കുറിച്ച് കമ്പനിയിൽ നേരിട്ട് അറിയിച്ചിട്ടും തങ്ങൾക്കൊന്നും ഇക്കാര്യത്തിൽ ചെയ്യാൻ കഴിയില്ലെന്നാണ് അവരുടെ വാദം.

എയർടെൽ കമ്പനിയുടെ ലക്‌നൗ ഓഫീസിൽനിന്ന് വിളിക്കുകയാണെന്നു പറഞ്ഞെത്തുന്ന ഫോൺകോളിലാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ നമ്പർ കമ്പനി നറുക്കെടുപ്പിൽ സമ്മാനർഹമായെന്നും ഉടൻ തന്നെ അക്കൗണ്ട് നമ്പർ പറഞ്ഞുതന്നാൽ പണം അതിൽ നിക്ഷേപിക്കാമെന്നും പറയും. ഉപയോക്താവിന്റെ കണക്ഷൻ എടുക്കുമ്പോൾ കൊടുത്ത എല്ലാ വിവരങ്ങളും ഇങ്ങോട്ടുപറഞ്ഞ് വിശ്വാസ്യത നേടിയ ശേഷമാണ് അക്കൗണ്ട് നമ്പർ ചോദിക്കുന്നത്.

പണം ട്രാൻസ്ഫർ ചെയ്യാൻ പണച്ചെലവില്ലെന്ന് പറയും. അക്കൗണ്ട് നമ്പർ കൊടുത്തു കഴിഞ്ഞാൽ അരമണിക്കൂറിനകം തിരിച്ചു വിളിച്ച് ട്രാൻസാക്ഷൻ ചാർജായി ചെറിയ തുക അടയ്ക്കണമെന്നും പണം അക്കൗണ്ടിലേക്ക് ഇടുമ്പോൾ ഇപ്പോൾ അടയ്ക്കുന്ന പണം തിരിച്ചുനൽകുമെന്നും പറയും.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം നഗരത്തിൽ കമ്പ്യൂട്ടർ ഷോപ്പ് നടത്തുന്ന ദേവദാസ് എന്നയാളുടെ നമ്പറിലേക്ക് ഇതുപോലെ വിളിച്ച് 25 ലക്ഷം രൂപ ലോട്ടറി അടിച്ചതായി പറഞ്ഞിരുന്നു. ട്രാൻസാക്ഷൻ ഫീസ് ആയി 12,100 രൂപ നൽകാനും 25 ലക്ഷം രൂപ നൽകുമ്പോൾ അടച്ച തുകയിൽ നിന്ന് 10,000 രൂപ തിരികെ നൽകുമെന്നും പറഞ്ഞു. ലക്‌നോവിൽ നിന്നെന്നു പറഞ്ഞ് 923048367276 നമ്പറിൽനിന്ന് രാജേഷ് ചൗഹാൻ എന്ന് പരിചയപ്പെടുത്തിയ ആൾ ഹിന്ദിയിലാണ് സംസാരിച്ചത്. ട്രാൻസാക്ഷൻ ചാർജായി 12,100 രൂപ നിക്ഷേപിക്കാൻ എസ്. ബി.ഐ. ലക്‌നൗവിലെ 00161667 ഐ. എഫ്. സി .കോഡുള്ള ബാങ്കിലെ പ്രഭാശങ്കർ എന്നയാളുടെ 34533541237 അക്കൗണ്ട് നമ്പർ കൊടുക്കുകയും ചെയ്തു.

തട്ടിപ്പാണെന്നു മനസ്സിലാക്കി പണം ഇട്ടുകൊടുക്കാമെന്ന് ഉറപ്പുനൽകിയാണ് യുവാവ് അവരുടെ അക്കൗണ്ട് നമ്പറും കൈക്കലാക്കിയത്. ഇവർ തന്ന നമ്പറിൽ തിരികെ വിളിച്ചപ്പോൾ അത് വിദേശരാജ്യത്തെ നമ്പറാണെന്നു മനസ്സിലായി. പണം നിക്ഷേപിക്കാൻ പറഞ്ഞ അക്കൗണ്ട് ലക്‌നൗവിലെ എസ്. ബി.ഐ അക്കൗണ്ട് നമ്പറാണ്. കമ്പനികൾക്ക് കണക്ഷൻ എടുക്കുമ്പോൾ കൊടുക്കുന്ന തിരിച്ചറിയൽ വിവരങ്ങൾ വിളിക്കുന്നവർ ഇങ്ങോട്ടു പറഞ്ഞ് വിശ്വാസ്യത ഉറപ്പിക്കുന്നുമുണ്ട്. കമ്പനികളിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്തുപോകുകയും അതിനെതിരെ പരാതിപ്പെട്ടിട്ട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു കൈകഴുകുന്ന നിലപാട് ദുരൂഹമാണ്. എയർടെൽ കമ്പനിയുടെ പേരിൽ വന്ന കോളിനെപ്പറ്റി പരാതി വിളിച്ചു പറഞ്ഞിട്ടും അന്വേഷിക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്.