ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ തമിഴ്‌നാട്ടിൽ വോട്ടിങ് മെഷീൻ കടത്താൻ ശ്രമം. ഇരുചക്ര വാഹനത്തിൽ ഇവി എം കടത്താൻ ശ്രമിച്ച ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിലായി.

ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറിൽ കടത്തിയത്. പ്രദേശവാസികൾ തടഞ്ഞതോടെ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി.

ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറിൽ കടത്തിയത്. 73 ശതമാനം പോളിങ് രേഖപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ദ്രാവിഡ പാർട്ടികൾ. ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ വരെ മികച്ച പോളിങ് രേഖപ്പെടുത്തിയത് സർക്കാർ വിരുദ്ധ വികാരം വ്യക്തമാക്കുന്നതെന്ന നിലപാടിലാണ് ഡിഎംകെ.

ക്ഷേത്രദർശനം നടത്തി സ്വന്തം ഗ്രാമത്തിൽ തന്നെയാണ് ഒപിഎസ്സും ഇപിഎസ്സും. ജനകീയ പദ്ധതികൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. എന്നാൽ അണ്ണാഡിഎംകെയുടെ പതനം പൂർണമാകുമെന്ന കണക്കുകൂട്ടലിലാണ് ദിനകരൻ. നഗരമേഖലയിൽ പോളിങ് ഉയർന്നത് കമൽഹാസന്റെ മൂന്നാം മുന്നണിക്കും ആത്മവിശ്വാസം കൂട്ടുന്നു.

ഇതിനിടെ വിജയ്‌യുടെ സൈക്കിൾ യാത്രയുടെ പേരിൽ വിവാദം കനക്കുകയാണ്. വിജയ്ക്ക് പിന്തുണയുമായി ഉദയനിധിക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. രാഷ്ട്രീയ സന്ദേശം നൽകിയുള്ള യാത്രയെന്ന് വിശേഷിപ്പിച്ച് ആരാധകർ പോസ്റ്റർ പതിച്ചു.എന്നാൽ വാഹനതിരക്ക് ഒഴിവാക്കാൻ സൈക്കിൾ തിരഞ്ഞെടുത്തെതാണെന്നാണ് വിജയ് പിആർഒ സംഘത്തിന്റെ വിശദീകരണം.